ദാരിദ്രത്തിന്റെ കുപ്പക്കുഴിയിൽ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകൾ താണ്ടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ജീവിതകഥ.

ആകുലതകളുടെ പെരുംവെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിർമ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും കഴിയുന്നു. ഷെമിയെന്ന യുവ നോവലിസ്റ്റിന്റെ പുതിയ എഴുത്ത് ശ്രദ്ധേയമാകുന്നത് ഇത്തരത്തിലാണ്. പക്ഷേ അതിനപ്പുറം ചിലത് ഈ നോവലിന് പറയാനുണ്ട്. എഴുത്തിലെ കരുണ അശരണർക്ക് കൂടി എത്തിക്കുകയാണ് നോവലിസ്റ്റ്.

പൊള്ളുന്ന ജീവിതാനുഭവങ്ങൾ അല്പം ഭാവന കലർത്തി ആവിഷ്‌കരിച്ചാണ് ഷെമി വായനക്കാർക്ക് സമർപ്പിക്കുന്നത്. തെരുവോരങ്ങളിൽ വളർന്ന് ആർക്കും വേണ്ടാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കുറേ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥയാണിതെന്ന് വിലയിരുത്താം. വടക്കേമലബാറിലെ മുസ്ലിം ജീവിതാവസ്ഥയുടെ ഒരു നേർക്കാഴ്ച. തെരുവോരങ്ങളിൽ വളർന്ന് ആർക്കും വേണ്ടാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കുറെ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥയാണ് ഷെമിയുടെ പുതിയ നോവൽ നടവഴിയിലെ നേരുകൾ.

ആത്മകഥാംശമുള്ള നോവൽ പുറത്തിറങ്ങി ദിവസങ്ങൾ കൊണ്ട് തന്നെ അത് ബെസ്റ്റ് സെല്ലർ പട്ടികയിലുമെത്തി. ഡിസി പുറത്തിറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ നോവലിസ്റ്റിനൊപ്പം അശരണർക്കും സന്തോഷിക്കാം. തന്റെ കൃതി കൂടുതൽ പേരിലെത്തുന്നതിലാകും ഷെമിയുടെ സന്തോഷം. എന്നാൽ റോയൽറ്റി സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇടാതെ എല്ലാ കാലവും തെരുവിലകപ്പെട്ട ബാല്യങ്ങൾക്ക് നൽകുകയാണ് ഷെമി. നോവലിൽ ഉയർത്തിയ സാമൂഹിക പ്രതിബന്ധതയുള്ള വിഷയത്തോടെ എല്ലാ അർത്ഥത്തിലും നീതി പുലർത്തുകയാണ് നോവലിസ്റ്റ്.

ആർക്കും വേണ്ടാതെ കിടക്കുന്ന ആളുകളെക്കുറിച്ച് എഴുതാൻ ആരെങ്കിലുമുണ്ടാകുന്നത് വലിയ കാര്യമാണ്. അതിലുപരി അവർക്ക് കൈതാങ്ങാകാൻ കഴിയുന്നതും. നടവഴിയിലെ നേരുകൾ ആത്മകഥയാണൊ നോവലാണോ എന്ന് തിരിച്ചറിയാകാനാകാത്ത വണ്ണം സത്യസന്ധത പുലർത്തുന്ന കൃതിയാണ്. അതിലെ ജീവിത ചിത്രീകരണത്തിൽ അങ്ങേയറ്റം സത്യസന്ധതയുണ്ട്. പുസ്തകം കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞാൽ അത് മഹത്തായ കാര്യവുമാണെന്ന തിരിച്ചറിവ് തന്നെയാണ് റോയൽറ്റി പാവപ്പെട്ട ബാല്യങ്ങൾക്ക് സമർപ്പിക്കാൻ ഷെമിയെ പ്രേരിപ്പിച്ചതും.

24 വർഷങ്ങൾക്കിടയിൽ താൻ അനുഭവിച്ച ആകുലതയുടെ പെരുംവെള്ളപ്പാച്ചിലിനെ നിർമ്മമമായി നോക്കിക്കണ്ടുകൊണ്ടാണ് ഷെമി നടവഴിയിലെ നേരുകൾ എന്ന നോവൽ
രചിച്ചിരിക്കുന്നത്. നടവഴിയിലെ നേരുകളിൽ ആത്മകഥയും ഭാവനയും ഉണ്ടെന്ന് ഷെമിയും സമ്മതിക്കുന്നു. മുട്ടത്തോടും കന്നുകാലികളുടെ മൂത്രവും ഭക്ഷിച്ച് ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. അവരെ സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണ്. അവർക്ക് വേണ്ടിയാണീ കൃതിയെന്ന് ഷെമി വ്യക്തമാക്കുന്നു.

അതുകൊണ്ട് തന്നെയാണ് സമീപകാലത്ത് പുറത്തിറങ്ങിയ പുസ്തകങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒന്നായി് ഷെമിയുടെ ആത്മകഥാപരമായ നോവൽ നടവഴിയിലെ നേരുകൾ മാറുന്നതും. പ്രകാശന ചടങ്ങിന് മുമ്പ് തന്നെ ബെസ്റ്റ്‌സെല്ലർ പട്ടികയിൽ ഇടം പിടിച്ച പുസ്തകമായി ഡിസി ബുക്‌സ് തന്നെ വിശേഷിപ്പിച്ചത് നോവലിസ്റ്റിന് കിട്ടിയെ ഏറ്റവും വലിയ അംഗീകാരമാണ്. ദാരിദ്രത്തിന്റെ ബാല്യമാണ് ഷെമിക്കുമുള്ളത്. അനാഥാലയങ്ങളിലായിരുന്നു ജീവിതം കരുപിടിപ്പിച്ചത്. അവിടെയുണ്ടായ അനുഭവ സാക്ഷ്യങ്ങളാണ് നടുവഴിയുടെ നേരുകളെന്ന നോവലിന്റെ കരുത്തും.