കൊച്ചി: പൾസർ സുനിയെ അറിയാമെന്ന് ആദ്യമേ സമ്മതിച്ചതാണ് മുകേഷ് എംഎൽഎയെ തുണച്ചത്. അല്ലാത്ത പക്ഷം നടിയെ ആക്രമിച്ച കേസിൽ മുകേഷും കുടുങ്ങിയേനെ. ഇത് മനസ്സിലാക്കിയാണ് വിവാദമുണ്ടായപ്പോൾ തന്നെ പൾസർ തന്റെ ഡ്രൈവാറിയിരുന്നുവെന്ന് തുറന്നു പറച്ചിലൽ മുകേഷ് നടത്തിയത്. എന്നാൽ പൾസറിനെ അറിയില്ലെന്നായിരുന്നു ദിലീപ് ആദ്യം മുതൽ തന്നെ പറഞ്ഞത്. കണ്ടിട്ടു പോലുമില്ലെന്നും ആവർത്തിച്ചു. എന്നാൽ ദിലീപിനും കാവ്യാ മാധവനുമെല്ലാം പൾസറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് തെളിയിച്ചു. ഇതാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇതേ നിലപാട് തന്നെയാകും നാദിർഷായേയും കുടുക്കുക.

നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന മൊഴി സംവിധായകൻ നാദിർഷായ്ക്ക് വിനയാകുമെന്ന് സൂചന. നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷാ. ജയിലിൽനിന്ന് പൾസർ സുനി വിളിച്ചതും നാദിർഷായുടെ ഫോണിലേക്കാണ്. ഒരു പരിചയവുമില്ലാത്തയാളോട് സംസാരിക്കുന്നതുപോലെയല്ല സുനി സംസാരിച്ചത്. ഈ സാഹചര്യങ്ങൾ നിലനിൽക്കേ നാദിർഷാ നൽകിയ ആദ്യമൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ദിലീപിനും പൾസറിനെ അറിയില്ലെന്ന തരത്തിലാണ് നാദിർഷാ മൊഴി നൽകിയത്. ഇതെല്ലാം ദിലീപിന് വേണ്ടിയായിരുന്നുവെന്ന് പൊലീസ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ ദിലീപും പൾസറും തമ്മിലെ ബന്ധം തെളിയിക്കുന്ന തെളിവുകൾ നിരത്തി നാദിർഷായെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും.

യുവനടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിക്കാൻ നാദിർഷ ശ്രമിച്ചതായി അന്വേഷണ സംഘം വിലയിരുത്തുന്നു. കേസിൽ ദിലീപിനൊപ്പമുള്ള ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിർഷയെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഈ സമയം പുനലൂരിലെ ഒരു എസ്റ്റേറ്റിൽ നാദിർഷ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് ഈ എസ്റ്റേറ്റ് എന്നാണ് സൂചന. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ ജൂലൈയിലാണ് ദിലീപിനൊപ്പം നാദിർഷയെയും ചോദ്യം ചെയ്തത്. 13 മണിക്കൂറോളം നീണ്ട അന്നത്തെ ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നാദിർഷയോട് ആവശ്യപ്പെട്ടത്.

ഇതിനൊപ്പം കഴിഞ്ഞദിവസങ്ങളിൽ ദിലീപിനെ ഒട്ടേറെ സിനിമാപ്രവർത്തകർ ജയിലിൽ കാണാനെത്തിയത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഈ സന്ദർശനങ്ങൾ നാടകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവ കോടതിയിൽ ഉന്നയിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്. ജയിലിൽ ആദ്യം എത്തിയത് നാദിർഷായായിരുന്നു. അതിന് പിന്നാലെ കാവ്യയെത്തി. പിന്നീട് ഗണേശ് കുമാർ എംഎൽഎ അടക്കമുള്ളവർ. ദിലീപ് കുറ്റക്കാരനല്ലെന്നും ഗണേശ് പറഞ്ഞു. ഇതെല്ലാം പൊലീസ് ഗൗരവത്തോടെയാണ് എടുക്കുന്നത്. ഈ സാഹചര്യത്തിലാണ് ആലുവ പൊലീസ് ക്ലബ്ബിലെത്താൻ ബുധനാഴ്ച പൊലീസ് നാദിർഷായോട് ആവശ്യപ്പെട്ടത്. ഇത് അറസ്റ്റിലേക്കുള്ള തുടക്കമാണെന്ന് നാദിർഷാ തിരിച്ചറിയുന്നു. നാദിർഷായ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താനും തെളിവുണ്ടെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ.

അറസ്റ്റ് ഒഴിവാക്കാനാണ് നാദിർഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നെഞ്ചുവേദന, വയറുവേദന എന്നിവയെത്തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വ്യാഴാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. ഈ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും. നാദിർഷായെ ചോദ്യംചെയ്യുമെന്ന് റൂറൽ എസ്‌പി. എ.വി. ജോർജ് പറഞ്ഞു. അറസ്റ്റുചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അതിന്റെ ആവശ്യം ഇല്ലെന്നും ശാസ്ത്രീയമായ രീതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവധിക്കുശേഷം ഹൈക്കോടതി തുറക്കുമ്പോൾ ദിലീപ് വീണ്ടും ജാമ്യഹർജി സമർപ്പിച്ചേക്കും. ഇതും കർശന നിലപാടാകും പൊലീസ് എടുക്കുക.

ആലുവ സബ്ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കാൻ സിനിമമേഖലയിൽനിന്ന് കൂടുതൽ പേർ എത്തുകയാണ്. നടൻ വിജയരാഘവൻ, നിർമ്മാതാവ് എം. രഞ്ജിത്ത്, എവർഷൈൻ മണി, നന്ദു തുടങ്ങിയവരാണ് വ്യാഴാഴ്ച ജയിലിൽ എത്തിയത്. ദിലീപ് തന്റെ സുഹൃത്താണെന്നും സൗഹൃദസന്ദർശനം മാത്രമാണെന്നും രഞ്ജിത്ത് പറഞ്ഞു. സുനിയുടെ ഭീഷണി സംബന്ധിച്ച് ദിലീപിന്റെ പരാതി ഡി.ജി.പിക്ക് നൽകിയത് താനാണ്. ഈ സന്ദർശനത്തിൽ മറ്റുതാൽപര്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂറിലധികം ദിലീപിനൊപ്പം ചെലവഴിച്ച വിജയരാഘവൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ഉച്ചകഴിഞ്ഞ് നടൻ നാരായണൻ കുട്ടിയടക്കമുള്ളവർ എത്തിയെങ്കിലും മടക്കി അയച്ചു.

ജയിലിൽ ദിലീപിന് പ്രത്യേക പരിഗണനയെന്ന പരാതി സജീവാണ്. രാവിലെ മുതൽ രാത്രി ഏറെ വൈകിവരെ സൂപ്രണ്ടിന്റെ എസി മുറിയിലാണ് പ്രതിയായ ദിലീപ് കഴിയുന്നതെന്നാണ് ആരോപണം. അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്ന് ജയിലിന് പുറത്ത് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ഓണത്തിനും സമീപ ദിവസങ്ങളിലും സിനിമ താരങ്ങളുൾപ്പെടെ ദിലീപന് സന്ദർശകരുടെ ഒഴുക്കായിരുന്നു. സന്ദർശകരിൽ പലരും കേസുമായി നേരിട്ട് ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരുമാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. നടൻ ദിലീപിനെ കാണാൻ കൂടുതൽ സന്ദർശകരെ അനുാദിച്ചതിലും ഓണക്കോടി സമ്മാനിച്ചതിലും അപാകതയില്ലെന്ന് സൂപ്രണ്ട് പിപി ബാബുരാജ് പറഞ്ഞു.

തടവുകാരെ കാണാൻ ദിവസം രണ്ടോ മൂന്നോ ആളുകളെക്കാൾ കൂടുതൽ അനുവദിക്കാറില്ല. എന്നാൽ ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദർശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് കൂടുതൽ പേർക്ക് അനുമതി നൽകിയത്. അവധി ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കരുതെന്ന് ജയിൽ ചട്ടങ്ങളിൽ പറയുന്നില്ല. തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ബോർഡ് വെച്ചിരിക്കുന്നത്. അതു കർശനമായി നിരോധിക്കണമെന്ന് നിയമമില്ലെന്നും പൊലീസ് പറഞ്ഞു.