ലണ്ടൻ: ഐ.എസ് ഭീകരരുടെ ലൈംഗിക അടിമത്തത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് യസീദി സ്ത്രീകൾക്ക് യൂറോപ്യൻ യൂനിയന്റെ ഇത്തവണത്തെ സഖറോവ് പുരസ്‌കാരം. നാദില മുറാദ് ബസീം, ലാമിയ അജി ബഷാർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. 2014ൽ ഐ.എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയ ആയിരക്കണക്കിന് യസീദി സ്ത്രീകളിലുൾപ്പെട്ടവരാണിവർ. എന്നാൽ, പീഡനങ്ങളെ അതിജീവിച്ച ഇരുവരും ഇപ്പോൾ യസീദി സമൂഹത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ്. സോവിയറ്റ് ശാസ്ത്രജ്ഞനും വിമതനുമായ ആൻഡ്രേ സഖറോവിന്റെ ഓർമക്കായാണ് ഈ പുരസ്‌കാരം എല്ലാ വർഷവും നൽകിവരുന്നത്. യൂറോപ്യൻ പാർലമെന്റിൽ ആൽഡേ വിഭാഗമാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്.

ക്രൂരതയെ അസാമാന്യധീരതകൊണ്ട് നേരിട്ട ഈ വനിതകൾ പ്രചോദനമാണെന്ന് അഭിപ്രായമുയർന്നു. 2014 ഓഗസ്റ്റ് മൂന്നിന് ഇറാഖിലെ സിൻജാർ ജില്ലയിലെ കൊച്ചോ ഗ്രാമത്തിൽ പുരുഷന്മാരെ മുഴുവൻ കൊലപ്പെടുത്തിയശേഷമാണ് ഐ.എസ് ഭീകരർ രണ്ട് സ്ത്രീകളെയും പിടികൂടിയത്. ഇവർ മറ്റ് സ്ത്രീകളോടൊപ്പം ലൈംഗിക അടിമകളായി പലവട്ടം വിൽപനക്കിരയായി. മുറാദിന്റെ ആറ് സഹോദരങ്ങളെയും വയോധികയായ മാതാവിനെയും ഐ.എസ് കൊലപ്പെടുത്തി. അജി ബഷാറിനെ തീവ്രവാദികൾക്കിടയിൽ അഞ്ച് പ്രാവശ്യം വിൽക്കുകയും ബോംബുകളുണ്ടാക്കാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീടവർ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.