ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നായിക് ദേവേന്ദ്ര പ്രതാപ് സിങ്ങിന് കീർത്തി ചക്ര. സമാധാനകാലത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ പുരസ്‌കാരമാണിത്. പുൽവാമയിൽ ഈ വർഷം ജനുവരി 29 ന് നടന്ന ഓപ്പറേഷന്റെ ഭാഗമായിരുന്നു നായിക് ദേവേന്ദ്ര പ്രതാപ് സിങ്. രണ്ടു കൊടുംഭീകരെ ആ ഏറ്റുമുട്ടലിൽ വെടിവച്ചുവീഴ്‌ത്തിയ അദ്ദേഹം അസാമാന്യ ധീരതയാണ് കാട്ടിയത്.

രണ്ടുപേർക്കുള്ള മരണാന്തര ബഹുമതി അടക്കം എട്ട് പേർ ശൗര്യ ചക്ര പുരസ്‌കാരങ്ങൾക്ക് അർഹരായി. സെപോയി കർണ് വീർ സിങ്ങിനും ഗണ്ണർ ജസ്ബീർ സിങ്ങിനുമാണ് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നൽകുന്നത്.

മേജർമാരായ നിതിൻ ധാനിയ, അമിത് ദാഹിയ, സന്ദീപ് കുമാർ, അഭിഷേക് സിങ്, ഹവിൽദാർ ഘനശ്യാം, ലാൻസ് നായിക് രാഘവേന്ദ്ര സിങ് എന്നിവരാണ് ശൗര്യ ചക്രയ്ക്ക് അർഹരായ മറ്റുള്ളവർ.