ആലപ്പുഴ: പ്രതി പൊലീസായിട്ടും പൊലീസുകാർ അമാന്തം കാട്ടിയില്ല. പൊലീസ് ക്വാർട്ടേഴ്‌സിൽ രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ അതിവേഗ കുറ്റപത്രം. ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഭർത്താവിന്റെയും കാമുകിയുടെയും ഭീഷണി മൂലമാണു നജ്ല കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതെന്നു കുറ്റപത്രത്തിൽ പറയുന്നു. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.

മെയ്‌ 10ന് സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ സക്കരിയ വാർഡ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്ല (27), മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല (ഒന്നര) എന്നിവർ മരിച്ച കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. നജ്ലയും കുട്ടികളും മരിച്ച കേസിൽ ഭർത്താവ് റെനീസ്, കാമുകി ആലപ്പുഴ ലജ്‌നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാന (24) എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്. എങ്കിലും കേസ് അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയില്ല. മതിയായ തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തൽ.

റെനീസിന്റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് നജ്ലയുടെയും കുഞ്ഞുങ്ങളുടെയും കൂട്ടമരണത്തിലേക്കു നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം കോടതിക്ക് റിപ്പോർട്ട് നൽകി. എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. കഴിഞ്ഞ രണ്ട് ശനിയാഴ്ചകളിൽ റെനീസ് ഹാജരായിരുന്നില്ല. അങ്ങനെ അതിശക്തമായ നിലപാടാണ് പൊലീസ് ഈ കേസിൽ എടുത്തത്. സാധാരണ പൊലീസുകാർ പ്രതിയായാൽ പൊലീസ് അന്വേഷണം അട്ടിമറിക്കും എന്നാണ് പൊതുധാരണ. ഇഥാണ് ആലപ്പുഴയിൽ തിരുത്തുന്നത്.

നജ്ലയും കുട്ടികളും മരിച്ച അന്നേ ദിവസവും റെനീസിന്റെ കാമുകി ഷഹാന ക്വാർട്ടേഴ്‌സിൽ എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. റെനീസ് തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നും നജ്ലയും കുട്ടികളും ഒഴിഞ്ഞു പോകണമെന്നും ഷഹാന പറഞ്ഞതിനു പിന്നാലെയാണ് നജ്ല മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനെ സാധുകരിക്കുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ഇതെല്ലാം റെനീസിന് തിരിച്ചടിയാണ്. ഇനി സർവ്വീസിൽ റെനീസിനെ തിരിച്ചെടുക്കാനും സാധ്യതയില്ല.

നജ്ലയുമായി ഹാളിൽവച്ച് ഷഹാന വഴക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. നജ്ലയും കുട്ടികളും മരിക്കുന്ന ദിവസം ക്വാർട്ടേഴ്‌സിലെത്തി നജ്ലയുമായി വഴക്കിട്ട് ഒരു മണിക്കൂറിനുശേഷമാണ് ഷഹാന ഇവിടെനിന്ന് മടങ്ങിയത്. ഭാര്യ അറിയാതെ റെനീസ് ക്വാർട്ടേഴ്‌സിനകത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നിന്നാണ് ഫൊറൻസിക് വിഭാഗം ഈ ദൃശ്യങ്ങൾ വീണ്ടെടുത്തത്. പൊലീസ് ക്വാർട്ടേഴ്‌സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ റെനീസിന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു.

ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് തത്സമയം കണ്ടിരിക്കാമെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഷഹാനയുടെ നീക്കങ്ങൾക്കു റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നാണു നിഗമനം. റെനീസിനെ വിവാഹം കഴിക്കാൻ ഷഹാന നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. നജ്ലയും മക്കളും ഒഴിഞ്ഞു പോയില്ലെങ്കിൽ റെനീസിന്റെ ഭാര്യയായി പൊലീസ് ക്വാർട്ടേഴ്‌സിൽ വന്നു താമസിക്കുമെന്നു ഷഹാന നിരന്തരം നജ്ലയെ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസികളും മൊഴി നൽകി. സാക്ഷികൾ വിചാരണയിലും കൂറുമാറാതിരുന്നാൽ കാമുകനും കാമുകിയും കുടുങ്ങും.

ആത്മഹത്യാ പ്രേരണ, സ്ത്രീധനത്തിനുവേണ്ടി പീഡനം, പരസ്പരം ആലോചിച്ചുള്ള കുറ്റകൃത്യം, കുട്ടികളോടുള്ള ഉത്തരവാദിത്തം നിർവഹിക്കാതെ അവഗണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും റെനീസിനെതിരെ ആരോപിച്ചിട്ടുള്ളത്. നെജ്ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികളും ബന്ധുക്കളും പറയുന്നു. 8 വർഷം മുൻപായിരുന്നു വിവാഹം. 4 വർഷമായി പൊലീസ് ക്വാർട്ടേഴ്‌സിലാണ് താമസം.

വിവാഹത്തിനു കുറച്ചു നാളുകൾക്കു ശേഷം സാമ്പത്തിക പ്രശ്‌നങ്ങൾ പറഞ്ഞ് വഴക്കു തുടങ്ങി. രണ്ടാം തവണ നെജ്ല ഗർഭിണിയായപ്പോഴാണ് റെനീസിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്നത്. രണ്ടാം കുഞ്ഞ് ജനിച്ചു ദിവസങ്ങൾക്കു ശേഷം ശാരീരികമായി ഉപദ്രവിച്ചു. അന്നു കേസ് കൊടുത്തെങ്കിലും ഒത്തുതീർപ്പാക്കിയെന്ന് ബന്ധുക്കൾ പറയുന്നു.

പിന്നീടും ഉപദ്രവം തുടർന്നു. ഫോൺ വിളിക്കാൻ അനുവദിക്കില്ലായിരുന്നു. റെനീസ് ഉണ്ടെങ്കിൽ ഫോൺ വിളിച്ചാലും എടുക്കില്ല. ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായി നജ്ലയുടെ സഹോദരി നെഫ്ല പറഞ്ഞു.