തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിലെ നന്തൻകോട് ബെയിൽസ് കോമ്പൗണ്ട് എന്ന വീട്ടിലെ കൂട്ട കൊലപാതകത്തിന്റെ അന്വേഷണം എങ്ങുമെത്തില്ലെന്നുകണ്ടപ്പോൾ കുറുക്കുവഴികൾ തേടി പൊലീസ് നീങ്ങുന്നു.

സാത്താൻസേവയുടെ ആചാരപ്രകാരമാണ് താൻ എല്ലാം ചെയ്തതെന്ന് പിടിയിലായ കേദൽ ജീൻസൺ രാജ മൊഴി നൽകിയതെന്ന് മാധ്യമങ്ങളോടു പറഞ്ഞ പൊലീസ് ഇപ്പോൾ അത് മാറ്റിയിരിക്കുകയാണ്. തങ്ങളുടെ പതിവ് ശൈലിയിൽ 'അച്ഛനോടും, അമ്മയോടും, സഹോദരിയോടുമുള്ള മുൻവൈരാഗ്യമാണ് എല്ലാത്തിനും കാരണം' എന്ന പതിവ് റിപ്പോർട്ടിങ്ങിലേക്കാണ് പൊലീസ് നീങ്ങുന്നത്.

എന്നാൽ കേദലിന്റെ സാത്താൻസേവ തെളിഞ്ഞതായാണ് വിവരം. സാത്താനിക് സമൂഹത്തിന്റെ ആചാരപ്രകാരമുള്ള 'മനുഷ്യക്കുരുതി'യാണ് കേദൽ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വാദം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ നിർവചനങ്ങളിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, പ്രതിയെന്നു കരുതുന്നയാൾക്ക് മാനസികപ്രശ്‌നങ്ങളോ, ലഹരി വസ്തുക്കളുടെ ഉപയോഗമോ ഉണ്ടെന്നതിന് തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചരത്തിൽ അച്ഛനും, അമ്മയും, സഹോദരിയും ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയ കേസിൽ കേദൽ മാത്രമാണ് പ്രതിയെന്ന് തെളിയിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടികൊടുത്ത കേദലിനെത്തന്നെ ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അതുകൊണ്ടാണ് 'മനോരോഗിയുടെ മുൻവൈരാഗ്യം' എന്ന നിലയിൽ കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നത്. ചെകുത്താൻ ആരാധന കുറ്റകൃത്യമായി കോടതിക്ക് പരിഗണിക്കാൻ കഴിയില്ല. മതവും, ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്നവർക്കും, ഇവയില്ലെന്ന് വിശ്വസിക്കുന്നവർക്കും സംരക്ഷണം നൽകുന്ന ഭരണഘടനയും, നിയമവുമാണ് ഇന്ത്യക്കുള്ളത്. അതിനെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിയില്ല. എല്ലാ മതത്തിലുമുള്ളതുപോലെ, ആഭിചാരക്രിയകളേയും അന്ധവിശ്വാസത്തേയും നിയമപരമായി ചോദ്യം ചെയ്യാൻ പൊലീസിനും നിയമത്തിനും കഴിഞ്ഞേക്കാം. പക്ഷേ, ഇതുവരെ സാത്താൻസേവയുടെ പേരിൽ ഒരു കുറ്റകൃത്യം ഇന്ത്യൻ കോടതികളിൽ വന്നിട്ടില്ല.

അതേസമയം പിടിയിലായ കേദൽ ജീൻസൺ രാജയെ കോടതി അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ശാസ്ത്രീയമായ ചോദ്യംചെയ്യലിനുശേഷം ബുധനാഴ്ച പകൽ രണ്ടരയോടെയാണ് ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഒറ്റനോട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഒന്നും കോടതിക്ക് മുന്നിൽ ഹാജരാകാനില്ലാത്തത് അന്വേഷണസംഘത്തിന് കടുത്ത വെല്ലുവിളിയായി. അപൂർവങ്ങളിൽ, അപൂർവമായ സംഭവമായതിനാൽ പ്രതിയെന്നു കരുതുന്നയാളെ പിടിയിലായി രണ്ടുദിവസത്തിനുശേഷം ഹാജരാക്കിയിട്ടും കോടതി ചോദ്യങ്ങളൊന്നും ചോദിക്കാതെ കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയായിരുന്നു.
കേസിന്റെ ചുരുളഴിക്കാൻ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും കേദലിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ച തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (മൂന്ന്) ജഡ്ജി മഞ്ജിത് ആണ് 20ന് പകൽ 11 വരെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും വാങ്ങിയ സ്ഥാപനവും കണ്ടെത്തുകയെന്നതാണ് പൊലീസിന്റെ അടുത്ത ദൗത്യം. അതിനുകൂടി കഴിഞ്ഞില്ലെങ്കിൽ അന്വേഷണസംഘം കോടതിയുടേയും, പൊതുസമൂഹത്തിന്റേയും കടുത്ത വിമർശനത്തിന് വിധേയരാകും. മൃതദേഹങ്ങൾ കത്തിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും ചെന്നൈയിൽ ഇയാൾ താമസിച്ച ഹോട്ടലിലും തെളിവെടുപ്പിന് കൊണ്ടുപോകും. പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

 

വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ