തിരുവനന്തപുരം: കേരളത്തെ നടുക്കിയതാണ് നന്തൻകോട് കൂട്ടക്കൊലപാതക കേസ്. വിചിത്രമായ മൊഴികൾ കൊണ്ട് പൊലീസിനെ വട്ടം കറക്കിയ കേസിലെ പ്രതി കേദൽ ജീൻസൺ രാജ ഇപ്പോഴും പൊലീസിനെ കുഴക്കുകയാണ്. കുടുംബത്തോട് വലിയ തോതിൽ വൈരാഗ്യം വെച്ചു പുലർത്തിയ പ്രതി മുമ്പും മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച മൊഴിയും കേദൽ പൊലീസിന് മുമ്പാകെ നൽകി.

കുടുംബാംഗങ്ങളെ വെട്ടിനുറുക്കുന്നതിനു മുമ്പ് ഒരു ദിവസം വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതായാണ് പ്രതി കേഡലിന്റെ മൊഴി. ഇത് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. ഭക്ഷണത്തിൽ വിഷം കലർത്തിയായിരുന്നു കേഡൽ കൊലപാതക ശ്രമം നടത്തിയത്. എന്നാൽ ശർദ്ദിലും വയറിളക്കവും പോലുള്ള ബുദ്ധിമുട്ടുകൾ മാത്രമാണുണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി കുടുംബാംഗങ്ങൾ ചികിത്സ തേടുകയായിരുന്നു.

തിരുവനന്തപുരം ചെട്ടിക്കുളങ്ങരയിലെ കൃഷി കേന്ദ്രയിൽ നിന്നാണ് കേഡൽ വിഷം വാങ്ങിയത്. എലിവിഷവും കീടനാശിനിയുമാണ് കടയിൽ നിന്ന് വാങ്ങിയതെന്നും കേഡൽ മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേഡലിനെ കൃഷികേന്ദ്രയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇയാളെ കടയിലെ ജീവനക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കേഡലിനെ ഞായറാഴ്ച ചെന്നൈലേക്ക് കൊണ്ടു പോയി തെളിവെടുക്കും. ചെന്നൈയിലെ ഹോട്ടലിലാണ് കേഡൽ ഒളിവിൽ താമസിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം കേഡൽ തന്നെയാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. മൃതദേഹങ്ങൾ കത്തിക്കുന്നതിനായി പെട്രോൾ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ഉയർന്നത്. ഒറ്റനോട്ടത്തിൽ തന്നെ കേതലിനൊപ്പോലെ മുടി നീ്ട്ടിവളർത്തി അസാധാരണ രൂപമുള്ളയാളെ ആരും തിരിച്ചറിയുമെന്നിരിക്കെ ഇയാളല്ല വന്നതെന്ന നിലയിൽ പമ്പ് ജീവനക്കാരൻ മൊഴി നൽകിയതോടെ നന്ദൻകോട്ടെ കൂട്ടക്കൊലയിൽ പുതിയ ദിശയിലേക്ക് അന്വേഷണം നീളുകയാണ്.

ആസ്ട്രൽകൊലയെന്ന് ആദ്യം പറയുകയും ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനായി നടത്തിയ സാത്താൻസേവയായി ഇക്കാര്യം ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാതാപിതാക്കൾക്കെതിരെ ഉള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന നിലയിലേക്ക് കേതൽ മൊഴി മാറ്റി. പ്രതി ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ തന്നെ പൊലീസ് സംഘം കൊലപാതകത്തിന് മറ്റൊരു സഹായി ഉണ്ടായിരുന്നോ എന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും മറ്റും കത്തിക്കാൻ പെട്രോൾ വാങ്ങാൻ കേതൽ അല്ല വന്നതെന്ന സംശയം ഉയർന്നിട്ടുള്ളത്.

കേസിലെ മുഖ്യപ്രതി കേതൽ പറഞ്ഞ സമയത്തു പെട്രോൾ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോൾ പമ്പ് ജീവനക്കാരൻ ജയകുമാർ ആണ് വ്യക്തമാക്കിയിട്ടുള്ളത്. ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോൾ വാങ്ങി പോയത്. മൃതദേഹങ്ങൾ കത്തിക്കാൻ കവടിയാറിലെ പമ്പിൽനിന്ന് ഏപ്രിൽ ആറിന് പെട്രോൾ വാങ്ങിയതായി പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ കേതലിനെ പമ്പിൽവച്ചു കണ്ട മുൻപരിചയമുണ്ടെന്നും ജയകുമാർ പറഞ്ഞു. ഇതോടെയാണ് കേസിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

അതേസമയം, പ്രതി ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാൾ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം കഴിഞ്ഞദിവസം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

മദ്യലഹരിയിൽ സ്ത്രീകളോട് ഫോണിൽ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്തിനു കാരണമെന്ന് കേദൽ അന്വേഷണ സംഘത്തോടു പറഞ്ഞത്. ഇതു തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചതുമില്ല. അച്ഛനും അമ്മയും ഇല്ലാതായാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാൻ കാരണമെന്നും കേദൽ പറയുന്നു.

ഏപ്രിൽ രണ്ടിനു കൊലനടത്താൻ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാൽ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തു. അതിനിടെ, ചോദ്യം ചെയ്യലിനിടെ കേദൽ ആദ്യമായി വികാരാധീനനായി, കരഞ്ഞു. അന്വേഷണ സംഘത്തിനു മുന്നിൽ തീർത്തും കൂളായിട്ടാണ് കേദൽ പെരുമാറിയിരുന്നത്. പലപ്പോഴായി മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയപ്പോഴും കേദലിന്റെ ചിരിക്കുന്ന മുഖം കണ്ട് കേരളം ഞെട്ടിയിരുന്നു. സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും കൂട്ടക്കൊല ചെയ്ത പ്രതിയാണോ ഇതെന്നു സംശയിക്കുന്ന വിധത്തിലുള്ള ഭാവങ്ങളാണ് കേദൽ പ്രകടിപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള കൊല നടന്ന വീട്ടിൽ കേദലിനെ എത്തിച്ചു തെളിവെടുത്തു. പ്രതിയെ കാണാൻ ധാരാളം പേർ തടിച്ചുകൂടിയിരുന്നു. മൃതദേഹങ്ങൾ കരിക്കാൻ പെട്രോൾ വാങ്ങിയ പമ്പിലും കൊലപാതകങ്ങൾക്കുശേഷം രക്ഷപ്പെട്ടു ചെന്നെയിലെത്തി താമസിച്ചിരുന്ന ലോഡ്ജിലും കേദലിനെ എത്തിച്ചു തെളിവെടുക്കും.

സാത്താൻ സേവയുടെ ഭാഗമായിട്ട് താൻ അച്ഛനെയും അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തിയെന്നാണ് കേദൽ ആദ്യം അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. മനസിനെ ശരീരത്തിൽനിന്നു വേർപെടുത്തുന്ന ആഭിചാര കർമമാണു താൻ ചെയ്തതെന്നും ഇയാൾ പറഞ്ഞിരുന്നു. പിന്നീട് പ്രതി ഇടയ്ക്കിടെ മൊഴി മാറ്റുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം കൊലയ്ക്കു കാരണമായി മുൻവൈരാഗ്യമാണെന്ന അവകാശവാദത്തിലും സംശയമുയർന്നിട്ടുണ്ട്. സാത്താൻ സേവ പ്രകാരമുള്ള മനുഷ്യക്കുരുതിയെന്ന വാദം കോടതിയിൽ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് പൊലീസ് കരുതുന്നത്.