മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്കുള്ള സാധ്യത തുറന്നിട്ട് നാരാണൺ റാണയുടെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. കോൺഗ്രസിൽ നിന്ന് കഴിഞ്ഞ മാസം രാജിവച്ച മുതിർന്ന നേതാവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. മുംബൈയിൽ വാർത്താ സമ്മേളനത്തിലാണ് റാണെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടി എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്ന് നാരായൺ റാണെ അറിയിച്ചു

കോൺഗ്രസ് ഉപേക്ഷിച്ച് നാരായൺ റാണെ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ ബിജെപി തണുത്ത സമീപനം സ്വീകരിച്ചതോടെയാണ് റാണെ പുതിയ പാർട്ടി പ്രഖ്യാപിച്ചതെന്നാണ് സൂചന. റാണെയുടെ ബിജെപി പ്രവേശനത്തിന് തടസ്സമായി നിൽക്കുന്നത് ശിവസേനയാണെന്ന് സൂചന നില നിൽക്കെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ശിവസേനയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കെതിരെയും മന്ത്രിമാർക്കെതിരെയും റാണെ വാർത്ത സമ്മേളനത്തിൽ ആഞ്ഞടിച്ചു.

മഹാരാഷ്ട്രയിൽ നിർണായക സ്വാധീനമുള്ള നാരായൺ റാണെയെ എൻഡിഎ പാളയത്തിലെത്തിക്കുക വഴി കോൺഗ്രസിനെ തളർത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന ശിവസേനയക്കും നാരായൺ റാണെയുടെ എൻഡിഎ പ്രവേശം വെല്ലുവിളിയുയർത്തും.