തിരുവനന്തപുരം: ലോകത്തിന്റെ ഗുരുവാകേണ്ട മഹത് വ്യക്തിത്വം ആയിരുന്നു ഗുരുദേവൻ. മതാതീത ആത്മീയത എന്ന ഗുരുവിന്റെ സങ്കൽപ്പം ഇന്ത്യക്ക് വെളിച്ചം പകരേണ്ട ഏറ്റവും വലിയ സന്ദേശം ആയിരുന്നു. ലോകത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള ഏക ഔഷധവും ഗുരുവിന്റെ സന്ദേശങ്ങൾ ആയിരുന്നു. എന്നാൽ കേരളത്തിന്റെ ഒരു സമുദായത്തിന്റെ രക്ഷകൻ മാത്രമായി ആരൊക്കെയോ ചേർത്തു ഗുരുദേവനെ തളച്ചു. ഗുരുദേവൻ പഠിപ്പിച്ച പ്രമാണങ്ങൾക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട് എന്ന ആരോപണം ശക്തമാവുമ്പോഴും ഇന്ത്യ മുഴുവൻ ആദ്യമായി ശ്രീനാരായണ ഗുരു ശ്രദ്ധിക്കപ്പെടുകയാണ്.

ഗൂഗിൾ സേർച്ചിൽ പോലും ഇന്ത്യയിൽ ആദ്യമായി ഗുരുദേവൻ ഇടം പിടിച്ചിരിക്കുന്നു എന്നതാണ് ശുഭ വാർത്ത. പാർലമെന്റിലെ ചർച്ചകളും മോദിയുടെ പ്രസംഗങ്ങളുമാണ് ഗുരുദേവനെ ഇന്ത്യക്കാർക്ക് ജനപ്രീയൻ ആക്കിയത്. ആരാണ് ശ്രീനാരയണ ഗുരു എന്നറിയാനും എന്താണ് എസ്എൻഡിപി എന്നറിയാനും ധാരാളം പേർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാതിരുന്നത് പാർലമെന്റിൽ ചർച്ച ആയതും ഗുരുദേവ സന്നിധിയിൽ എത്തിയ മോദി വിനയവിദേയനായി ഗുരു സ്‌നേഹം കാണിച്ചതും സന്ന്യാസി വര്യന്മാമാരുടെ അനുഗ്രഹം നേടിയതും ഒക്കെയാണ് ആളുകൾക്ക് കൗതുകം ഉണർത്താൻ പ്രധാന കാരണം.

കൊല്ലത്തും ശിവഗിരിയിലും മോദി ഉയർത്തിപ്പിടിച്ചത് ശ്രീ നാരായണ ദർശനങ്ങളുടെ പ്രസക്തിയാണ്. അതുകൊണ്ട് തന്നെയാണ് ലോകം മുഴുവൻ ഗുരുദേവനെ കുറിച്ച് ചർച്ചയായതും. മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിലും ഗുരു താരമായത്. ഗുരുവിനെ അറിായനും മനസ്സിലാക്കാനും കഴിഞ്ഞ ദിവസം നിരവധിപേർ ഇൻർനെറ്റിൽ പരതി. കേരളത്തിൽ പ്രധാനമന്ത്രിയായ ശേഷം ആദ്യമായെത്തിയപ്പോൾ എന്തുകൊണ്ട് മോദി ശിവഗരിയിൽ എത്തിയെന്ന് മനസ്സിലാക്കുകയായിരുന്നു പലരും. ശിവഗിരി മഠാധിപതിയുടെ കാലിൽ വന്ദിച്ചതും അദ്ദേഹത്തെ ആവോളം പ്രശംസിച്ചതുമെല്ലാം ലോകം ശ്രദ്ധിച്ചു. ഇതോടെ ശിവഗിരിയുടെ മഹാത്മ്യം ലോകത്തിന് തുറന്നു കിട്ടുക കൂടിയായിരുന്നു.

പാവപ്പെട്ടവരുടെയും നിരാലംബരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള അനുഗ്രഹത്തിനായി ശ്രീനാരായണ ഗുരുദേവനോട് പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുദേവന്റെ നാമത്താൽ പവിത്രമായ ശിവഗിരിയിൽ എത്താൻ കഴിഞ്ഞതിലും ഗുരുവിന്റെയും ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠന്മാരുടെയും അനുഗ്രഹം നേടാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ഇന്നലെ മഹാസമാധിയിലെ പ്രാർത്ഥനയ്ക്ക് ശേഷം നടത്തിയ ഹ്രസ്വ പ്രസംഗത്തിലാണ് ശിവഗിരിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മാഹാത്മ്യം മോദി എടുത്തു പറഞ്ഞത്. ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് എതിരെയും സമൂഹ നന്മയ്ക്കു വേണ്ടിയും ഗുരു പ്രവർത്തിച്ചു. ശ്രീശങ്കരന്റെ അദ്വൈത ദർശനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ മഹാത്മാവാണ് അദ്ദേഹം. ഞാനും നീയും രണ്ടല്ലെന്നും ഒന്നാണെന്നും പഠിപ്പിക്കുന്ന അദ്വൈത ദർശനത്തിൽ ഊന്നിയ സമൂഹ സൃഷ്ടിക്കുവേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്.-മോദിയുടെ ഈ വാക്കുകളും ലോകം ശ്രദ്ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് ഗുരുദേവന് കിട്ടുന്ന അംഗീകാരവും.

ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ശിവഗിരിയിലെ മഹാസമാധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർത്ഥനാ പുഷ്പങ്ങൾ അർപ്പിച്ചു. പാവപ്പെട്ടവരുടെയും നിരാലംബരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള അനുഗ്രഹം നൽകണമെന്ന പ്രാർത്ഥനയാണ് താൻ ഗുരുദേവ സന്നിധിയിൽ നടത്തിയതെന്ന് പിന്നീട് മോദി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശിവഗിരി സന്ദർശനത്തിന്റെ 90ാം വാർഷികത്തിന്റെ ഭാഗമായി ശാരദാ മഠത്തിന് സമീപം പ്രധാനമന്ത്രി വൃക്ഷത്തൈ നട്ടു. മോദിയുടെ ജന്മനക്ഷത്രമായ അനിഴം നക്ഷത്രത്തെ പ്രതിനിധീകരിക്കുന്ന വൃക്ഷമായ ഇലഞ്ഞി മരം ഭാവിയിൽ ശാരദാ മഠം പരിസരത്ത് തണൽ പരത്തും. അദ്വൈത ദർശനങ്ങൾ ആറ്റിക്കുറുക്കി ഗുരു രചിച്ച പ്രാർത്ഥനയായ ദൈവദശകം രചനാ ശതാബ്ദി സ്മാരക ഫലകം പ്രധാനമന്ത്രി അനാവരണം ചെയ്തു. മലയാളത്തിലും ഇംഗഌഷിലും ദൈവദശകം ആലേഖനം ചെയ്തതാണ് ഫലകം. ശാരദാ മഠത്തിന്റെ മുറ്റത്ത് സ്ഥാപിച്ച ഫലകം പിന്നീട് കല്ലിൽ കൊത്തി വൈദിക മഠത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കും.

ശിവഗിരിയിൽ 4.57ന് എത്തിയ പ്രധാനമന്ത്രിയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ, സ്വാമി അമേയാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. തുടർന്ന് ഗുരുദേവന്റെ മഹാസമാധിയിലെ പ്രാർത്ഥനയിൽ പ്രധാനമന്ത്രി പങ്കു ചേർന്നു. ഗുരുദേവ ചിത്രം ആലേഖനം ചെയ്ത ഫലകം മോദിക്ക് ഉപഹാരമായി നൽകി. തുടർന്ന് 1000 കോടി രൂപയുടെ ശിവഗിരി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സ്വാമി ഋതംഭരാനന്ദ പ്രധാനമന്ത്രിക്ക് നൽകി. കേന്ദ്ര സർക്കാരിന്റെ ഹൃദയ, പ്രസാദ്, സ്വദേശി ടൂറിസം സർക്യൂട്ട് തുടങ്ങിയ പദ്ധതികളിൽ ശിവഗിരിയെ ഉൾപ്പെടുത്തണമെന്നും ശിവഗിരി ആസ്ഥാനമായി കേന്ദ്ര സർവകലാശാല ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കഴിയുന്നതെല്ലാം ചെയ്യാമെന്ന് മോദി മറുപടി നൽകിയതായി സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

തുടർന്ന് വിദ്യാദേവതയുടെ ചൈതന്യം കുടികൊള്ളുന്ന ശാരദാ മഠത്തിൽ എത്തിയ മോദിയെ സ്വാമി ശാരദാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ശാരദാമഠത്തിൽ പൂജയിലും ആരാധനയിലും മോദി പങ്കെടുത്തു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ദേവീ പ്രസാദമായ സിന്ദൂരം മോദിയുടെ നെറ്റിയിൽ ചാർത്തി.