പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷം തന്റെ മുൻഗാമികളേക്കാൾ വിദേശയാത്രകൾക്ക് മുൻകൈയെടുക്കുന്നതിൽ നരേന്ദ്ര മോദി മുൻ പന്തിയിലാണ്. പലപ്പോഴും ഇതിന്റെ പേരിൽ അദ്ദേഹത്തിന് നിശിത വിമർശനങ്ങളേറെ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം അനുസ്യൂതം തന്റെ യാത്രകൾ തുടരുകയാണ്.

ഇപ്രാവശ്യത്തെ വിദേശപര്യടനത്തിൽ അദ്ദേഹം അഞ്ച് രാജ്യങ്ങളാണ് സഞ്ചരിച്ച് 45 ഉന്നത മീറ്റിംഗുകളാണ് നടത്തിയിരിക്കുന്നത്. 140 മണിക്കൂറുകൾ കൊണ്ടാണ് അഞ്ച് രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നത്. ഇതിൽ 44 മണിക്കൂറും വിമാനത്തിലായിരുന്നുവെന്നതും ആകാശമാർഗം താണ്ടിയത് 33,000 കിലോമീറ്ററുകളായിരുന്നുവെന്നതും ഈ യാത്രയുടെ പ്രത്യേകതകളാണ്. ഇത്തരത്തിൽ ഇക്കുറി മോദി സൃഷ്ടിച്ചിരിക്കുന്നത് ലോക റെക്കോർഡാണെന്നാണ് റിപ്പോർട്ട്.

ഇപ്രാവശ്യത്തെ സന്ദർശനത്തിൽ അദ്ദേഹം മെക്സിക്കോയിലും അഫ്ഗാനിസ്ഥാനിലും വെറും നാല് മണിക്കൂറുകൾ മാത്രമാണ് ചെലവഴിച്ചിരുന്നത്. ഇപ്രാവശ്യം സന്ദർശിച്ച രാജ്യങ്ങളിൽ രാത്രിയിൽ പരിപാടികളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെങ്കിൽ ഇവിടങ്ങളിൽ രാത്രി താമസിക്കാതിരിക്കുകയെന്ന ചിട്ട മോദി പാലിച്ചിരുന്നുവെന്നാണ് കാണാൻ സാധിക്കുന്നത്. ഇതിന് പകരം രാത്രികൾ അടുത്ത ഇടത്തേക്കുള്ള വിമാനയാത്രകൾക്കാണ് അദ്ദേഹം ചെലവഴിച്ചിരിക്കുന്നത്.

യാത്രാ സമയം ലാഭിക്കാൻ വേണ്ടിയായിരുന്നു ഈ പുതിയ രീതി അദ്ദേഹം നടപ്പിലാക്കിയത്. മെക്സിക്കോയിൽ നിന്നും നീണ്ട 21 മണിക്കൂർ യാത്ര നടത്തിയാണ് മോദി ഇന്ത്യയിലെത്തിയിരിക്കുന്നത്. എന്നാൽ ഇതിനിടെ ഫ്രാങ്ക്ഫർട്ടിൽ രണ്ട് മണിക്കൂർ സ്റ്റോപ്പുണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അദ്ദേഹം ഡൽഹിയിലെത്തിച്ചേർന്നിരിക്കുന്നത്. തുടർന്ന് ഇന്നത്തെ പ്രവൃത്തി ദിവസത്തിൽ സജീവമാവുകയും ചെയ്യും.

ഞായറാഴ്ച ദോഹയിൽ വച്ച് നടന്ന ഒരു കമ്മ്യൂണിറ്റി ഇവന്റിനിടെ മോദി തന്റെ യാത്രാപരിപാടി വിവരിച്ചിരുന്നു.40 എൻഗേജ്മെന്റുകളാണ് തനിക്കീ യാത്രയിലുള്ളതെന്നും എന്നാൽ അതിനൊപ്പം അധികപരിപാടികൾ കൂട്ടിച്ചേർക്കപ്പെടാറുണ്ടെന്നും മോദി വിശദമാക്കിയിരുന്നു. ദോഹയിൽ നിന്നും ഞായറാഴ്ച വൈകുന്നേരം ജനീവയിലേക്ക് പറക്കുന്നതിന് മുമ്പ് അദ്ദേഹം പങ്കെടുത്ത കമ്മ്യൂണിറ്റി ഇവന്റ് അത്തരത്തിലുള്ള ഒന്നായിുന്നു. ജനീവയിൽ വച്ച് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായും ശാസ്ത്രജ്ഞന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം തിങ്കളാഴ്ച വാഷിങ്ടണിലേക്ക് പറന്നത്.അവിടെ എട്ട് മുതൽ ഒമ്പത് പരിപാടികൾ വരെയായിരുന്നു തുരടരെത്തുടരെ അദ്ദേഹത്തിന് പങ്കെടുക്കാനുണ്ടായിരുന്നത്.

ഇത് പ്രധാനമന്ത്രിയുടെ ഏറ്റവും തിരക്കേറിയ വിദേശപര്യടമായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പര്യടനത്തിന്റെ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിലിടാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയും ജാഗ്രത പാലിച്ചിരുന്നു.സ്വിറ്റ്സർലാണ്ട് സമയം പുലർച്ചെ മൂന്ന് മണിക്കായിരുന്നു അദ്ദേഹം ജനീവയിലെത്തിയതെന്നാണ് എംഇഎ വക്താവ് വികാസ് സ്വരൂപ് പറയുന്നത്. സ്വിസ് പ്രസിഡന്റ് സ്‌കെനിഡർ അമ്മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

തുടർന്ന് അരദിവസം കൊണ്ടായിരുന്നു വാഷിങ്ടൺ ഡിസി സന്ദർശനം പൂർത്തിയാക്കിയത്. യുഎസിൽ 48 മണിക്കൂറിനിടെ അദ്ദേഹം 16 പരിപാടികളിലാണ് പങ്കെടുത്തത്. ഇതിൽ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുന്നു. ഇതിന് പുറമെ യുഎസ് കോൺഗ്രസിലെ സംയുക്ത സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചിരുന്നു.