ന്യൂഡൽഹി: ആധാർ കാർഡും എല്ലാവർക്കും ബാങ്ക് അക്കൗണ്ടും അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ വെറുതെയായില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബയോമെട്രിക് സംവിധാനമായ ആധാർ കാർഡ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതിലൂടെ 65,000 കോടി രൂപയുടെ ലാഭമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇത്തരം പരിഷ്‌ക്കാരങ്ങളിലൂടെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സബ്‌സിഡി ചോരാതെ നേരിട്ട് ജനങ്ങളിലെത്തിക്കാനായെന്നും മോദി പറഞ്ഞു. മുൻകാലങ്ങളിൽ ജനങ്ങൾക്ക് നൽകുന്ന സബ്‌സിഡികൾ പൂർണമായും അർഹരായവരിൽ എത്തിയിരുന്നില്ല. എന്നാൽ സബ്‌സിഡികൾ നേരിട്ട് നൽകാൻ തുടങ്ങിയതോടെ വലിയ തോതിലുള്ള ചോർച്ചയാണ് ഒഴിവായത്. ഇത് വിപ്‌ളവകരമായൊരു മാറ്റമായിരുന്നു. മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ - ആരോഗ്യ രംഗത്തെ കണ്ടെത്തലുകളും ആളുകളിലെത്താൻ സാങ്കേതികവിദ്യ ഉതകുന്നണ്ടെന്നും അഞ്ചാമത് സൈബർ സ്‌പേസ് ആഗോള സമ്മേളനം (ജി.സി.സി.എസ്) ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

സബ്‌സിഡികൾ നേരിട്ടു നൽകാൻ (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ - ഡി.ബി.ടി) സാങ്കേതിക വിദ്യ സർക്കാരിനെ കുറച്ചൊന്നമല്ല സഹായിച്ചത്. ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കിയതിലൂടെയാണ് 65,000 കോടി ലാഭിക്കാനായത്. ഡിജിറ്റൽ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവ സമന്വയിപ്പിച്ച് കൊണ്ടുവന്ന അഴിമതി കുറയ്ക്കാനും സുതാര്യത വർദ്ധിപ്പിക്കാനും സഹായിച്ചു.