പ്രധാമന്ത്രി നരേന്ദ്ര മോദി മുസ്ലിം വിരോധിയാണെന്നും ഗുജറാത്തിലെ മുസ്ലിം വംശഹത്യയുടെ സൂത്രധാരനാണെന്നുമൊക്കെ അദ്ദേഹത്തെക്കുറിച്ചുള്ള ശത്രുക്കളുടെ സ്ഥിരം ആരോപണങ്ങളാണ്. താൻ അങ്ങനെയൊന്നുമല്ലെന്ന് തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മോദി വെറുതെയാക്കാറുമില്ല. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ് സന്ദർശിക്കാൻ മോദി താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇതോടെ വിദ്യാരംഭം കുറിക്കാറുള്ള മുസ്ലിം ദേവാലയം കാണാൻ മോദി എത്തുമോയെന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ഉയരുകയാണ്. മോദിയെക്കാണാമെന്നുള്ള കൊടുങ്ങല്ലൂരുകാരുടെ പ്രതീക്ഷ വാനോളമുയരുകയും ചെയ്തു. ജൂലായിലോ ആഗസ്റ്റിലോ നടത്താനുദ്ദേശിക്കുന്ന തന്റെ കേരള സന്ദർശന വേളയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളിയിലെത്താൻ മോദി ഉദ്ദേശിക്കുന്നത്.

മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ പണി പൂർത്തിയായ ആദ്യഭാഗം ഉദ്ഘാനം ചെയ്യാനാണ് മോദി കേരളത്തിലെത്തുന്നത്. കേരള വിനോദസഞ്ചാര വകുപ്പാണ് പ്രസ്തുത പദ്ധതിക്ക് ഫണ്ട് നൽകുന്നത്. മുസിരിസ് പ്രൊജക്ട് ഉദ്ഘാടനം ചെയ്യാനെത്താമെന്ന് പ്രധാനമന്ത്രി സമ്മതിച്ചെന്നും എ്ന്നാൽ തീയതിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് ടൂറിസം സെക്രട്ടറിയായ ജി.കമല വർധന റാവു പറയുന്നത്.

എഡി 629ലാണ് ചേരമാൻ ജുമാമസ്ജിദ് പണിതത്. ചേരമാൻ പെരുമാളിന്റെ സമകാലികനായ മാലിക് ബിൻ ദിനാറാണീ ദേവാലയംപണികഴിപ്പിച്ചത്. കൊടുങ്ങല്ലൂരിന്റെയും തൊട്ട് കിടക്കുന്ന മലബാർ പ്രദേശങ്ങളുടെയും ഭരണാധികാരിയായ ചേരമാൻ പെരുമാൾ പിൽക്കാലത്ത് ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി. നൂറ്റാണ്ടുകളിലൂടെ വികസിച്ച ചരിത്രമാണ് ഈ ജുമാമസ്ജിദിനുള്ളത്. അമുസ്ലീങ്ങളായവർ പോലും ഇവിടെ നടക്കുന്ന വിദ്യാരംഭത്തിൽ പങ്ക് ചേരാൻ എത്താറുണ്ട്. മോദി മസ്ജിദ് സന്ദർസിക്കാനുള്ള നീക്കം സ്വാഗതാർഹമാണെന്നാണ് മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ പറയുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമോറിയൽ ഗവൺമെന്റ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന മോദി ഇന്റർനാഷണൽ റിസർച്ച് ആൻഡ് കൺവെൻഷൻ സെന്ററിൽ മുസിരിസ് പ്രൊജക്ട് ഉദ്ഘാടനം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് ഈ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ച് സുരക്ഷാ പരിശോധിച്ചിട്ടുണ്ടെന്നാണ് പള്ളിയുടെ അഡ്‌മിനിസ്‌ട്രേറ്റർ പറയുന്നത്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, സെന്റ് തോമസ് ചർച്ച് എന്നിവിടങ്ങളും മോദി സന്ദർശിക്കാൻ സാധ്യതയുണ്ട്.