സ്രായേലിനോട് കൂടുതൽ അടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്കുള്ള മറുപടിയായി ഫലസ്തീൻ സന്ദർശനത്തീയതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇന്ത്യാസന്ദർശനം പൂർത്തിയാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം വിടുംമുമ്പേ ഫലസ്തീൻ സന്ദർശനത്തീയതി പ്രഖ്യാപിച്ചത് നയതന്ത്രതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അതേ പെരുമ ഫലസ്തീന്റെ കാര്യത്തിലും അദ്ദേഹത്തിന് കൈവരും. ഫെബ്രുവരി പത്തിന് റാമള്ളയിൽ എത്തുമെന്നാണ് മോദിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ ഫലസ്തീൻ സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചുകാലമായി നടക്കുന്നുണ്ടെങ്കിലും അതിന്റെ തീയതി നെതന്യാഹു ഇന്ത്യയിലുള്ളപ്പോൾത്തന്നെ പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങളോടുമുള്ള സമദൂരപ്രഖ്യാപനം വ്യക്തമാക്കുന്നതുകൂടിയായി.

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റംവന്നുവെന്നും മോദി അധികാരത്തിലെത്തിയതോടെ, ഇന്ത്യ ഇസ്രയേൽ പക്ഷത്തേക്ക് തിരിഞ്ഞുവെന്നുമുള്ള ആരോപണം ഉയർന്നിരുന്നു. മോദി ഇസ്രയേൽ സന്ദർശിക്കുക കൂടി ചെയ്തപ്പോൾ അത് കൂടുതൽ ശക്തമായി. എന്നാൽ, ജറുസലേം വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ അമേരിക്കയ്‌ക്കെതിരേ വോട്ട് ചെയ്തതും ഇപ്പോൾ ഫലസ്തീൻ സന്ദർശനം പ്രഖ്യാപിച്ചതും മുൻനിലപാടിൽ മാറ്റമില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്.

ഫലസ്തീൻ സന്ദർശനത്തിന്റെ വിശദാംശങ്ങളൊന്നും ആയിട്ടില്ല. ജോർദാനിലെത്തുന്ന മോദി അവിടെനിന്നും ഹെലിക്കോപ്റ്ററിലാകും റാമള്ളയിലേക്ക് പോവുകയെന്നാണ് സൂചന. ഫലസ്തീന്റെ തലസ്ഥാന നഗരമാണ് റാമള്ള. ജറുസലേമിൽനിന്ന് എട്ട് കിലോമീറ്റർ മാത്രം ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇക്കുറി അദ്ദേഹം ഇസ്രയേൽ ഭാഗത്ത് സന്ദർശനം നടത്തില്ല. കഴിഞ്ഞ തവണ ഇസ്രയേൽ സന്ദർശിച്ചപ്പോൾ മോദി ഫലസ്തീനിലും പോയിരുന്നില്ല.

ഇസ്രയാൽ സന്ദർശിച്ചിട്ടും ഫലസ്തീനിലേക്ക് വരാതിരുന്നതിൽ ആ രാജ്യം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. സാധാരണ ലോകനേതാക്കൾ ഇസ്രയേലും ഫലസ്തീനും ഒരുമിച്ചാണ് സന്ദർശിക്കാറുള്ളത്. എന്നാൽ, മോദിയുടെ നടപടി പല്‌സ്തീന് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച്ചിന്റെ ഡയറക്ടർ ഖലീൽ ഷിക്കാക്കി ഇന്ത്യൻ മാധ്യമ പ്രവർത്തക സംഘത്തോട് അന്ന് അഭിപ്രായപ്പെട്ടിരുന്നു. അത്തരം ആശങ്കകൾക്കുകൂടി പരിഹാരമാവുകയാണ് ഈ സന്ദർശനത്തിലൂടെ.