ന്ത്യൻ വിപണിയിൽ പാക്കിസ്ഥാന് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുത്തുകൊണ്ട് ഇരുരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. തെക്കനേഷ്യൻ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയിൽ പാക്കിസ്ഥാൻ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ അവസരം നൽകുക. ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇതുപോലെ പാക്കിസ്ഥാൻ വിപണിയിൽ അവസരം ലഭിക്കും.

വിപണിയിൽ പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും ഇതുവരെ മടിച്ചുനിൽക്കുകയായിരുന്നു. നവാസ് ഷെരീഫ് സർക്കാരിന് ഇക്കാര്യത്തിൽ നേരത്തെ തന്നെ താത്പര്യമുണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ സൈന്യത്തിൽനിന്നുള്ള സമ്മർദ്ദം മൂലം അത് നടപ്പിലാകാതെ പോവുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക, വാണിജ്യ സഹകരണം ശക്തമാക്കുകയെന്നതാണ് നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മിലുള്ള ചർച്ചകളുടെ ഒരു ലക്ഷ്യം. വാണിജ്യസഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ ജനുവരി 15-ന് ഇസ്ലാമാബാദിലെത്തും. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയുമായുള്ള ചർച്ചയിൽ ഇക്കാര്യം പ്രധാനവിഷയമാകും.

ഇന്ത്യയിലേക്ക് കയറ്റുമതി സാധ്യമാകുന്നതോടെ, വിദേശനാണ്യ വരുമാനത്തിൽ പാക്കിസ്ഥാൻ നേരിടുന്ന വെല്ലുവിളികൾ ഒരു പരിധിവരെ മറികടക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാന് ആഗോളതലത്തിൽ സ്വീകാര്യത കിട്ടുന്നതിനും ഇതുപകരിക്കും. ക്രിസ്മസ് ദിനത്തിൽ അപ്രതീക്ഷിതമായി ലാഹോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഷെരീഫും തമ്മിൽ നടന്ന ചർച്ചകളുടെ പ്രധാന വിഷയം ഇതായാരുന്നുവെന്നും സൂചനയുണ്ട്.

2013-ൽ ഷെരീഫ് അധികാരത്തിൽ വന്നശേഷം ഇന്ത്യയുമായി വാണി്ജ്യക്കരാറിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിൽനിന്ന് പാചകവാതകവും വൈദ്യുതിയും ഇറക്കുമതി ചെയ്ത് പാക്കിസ്ഥാന്റെ ഊർജ പ്രതിസന്ധി പരിഹരിക്കാമെന്ന് അദ്ദേഹം ലക്ഷ്യമിടുന്നു. എന്നാൽ, പാക്കിസ്ഥാൻ പിന്നീട് ഈ ശ്രമങ്ങളിൽനിന്ന് പിന്നോക്കം പോവുകയായിരുന്നു.

വാഗാ അതിർത്തിയിലൂടെയുള്ള ചരക്കുനീക്കത്തിന് 2014 തുടക്കത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് എടുത്തെങ്കിലും പിന്നീട് തീരുമാനം മാറ്റി. വാണിജ്യസഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടികൾ വരുന്നതുവരെ കാത്തിരിക്കാനായിരുന്നു പാക്കിസ്ഥാന്റെ തീരുമാനമെന്നാണ് സൂചന. മോദിയും ഷെരീഫുമായുള്ള ചർച്ചകളിലൂടെ ഇക്കാര്യം ഏറെക്കുറെ പരിഹരിക്കപ്പെടുകയും ചെയ്തു.