ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഒരുക്കിയെ വിരുന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വിലപിടിച്ച നിരവധി സമ്മാനങ്ങളുമായി. താഞ്ചോയ് ഉടുപ്പുകൾ, ഡാർജിലിങ് തേയില, ജമ്മു കാശ്മീരിൽനിന്നുള്ള തേൻ എ്ന്നിവയ്ക്ക് പുറമെ, 1961-ൽ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങളും മോദി രാജ്ഞിക്ക് സമ്മാനിച്ചു.

ബ്രിട്ടൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് എലിസബത്ത് രാജ്ഞി മോദിക്ക് ഉച്ചഭക്ഷണമൊരുക്കിയത്. ബക്കിങ്ങാം കൊട്ടാരത്തിൽ രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാജ്ഞിയുടെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന്റെ അവിസ്മരണീയമായ ചില ചിത്രങ്ങൾ സമ്മാനിച്ചതായി മോദി പിന്നീട് ട്വീറ്റിലൂടെ അറിയിച്ചു. റിപ്പബ്ലിക്ക് ഡേ പരേഡിൽ മുഖ്യാതിഥിയായാണ് 54 വർഷം മുമ്പ് എലിസബത്ത് ഇന്ത്യയിലെത്തിയത്. ആ സന്ദർശനത്തിനിടെ, അഹമ്മദാബാദ്, ജയ്പുർ, ഉദയ്‌പ്പുർ, കൊൽക്കത്ത, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും എത്തിയിരുന്നു.

പശ്ചിമബംഗാളിലെ മക്കായ്ബാരി എസ്റ്റേറ്റിൽനിന്നുള്ള ഡാർജിലിങ് തേയിലയാണ് രാജ്ഞിക്ക് കൊടുത്തത്. വാരണാസിയിൽനിന്നുള്ള താഞ്ചോയ് ഉടുപ്പുകളും ജമ്മുകാശ്മീരിൽനിന്നുള്ള ശുദ്ധമായ തേനും നൽകിയെന്നും മോദി ട്വീറ്റിലൂടെ അറിയിച്ചു.

ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയുണ്ടാകുന്ന കാലം വിദൂരമല്ലെന്നായിരുന്നു വെംബ്ലി സ്റ്റേഡിയത്തിൽ മോദിക്ക് നൽകിയ സ്വീകരണത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പറഞ്ഞത്. നമസ്‌തേ വെംബ്ലി എന്നു പറഞ്ഞുകൊണ്ടാണ് കാമറോൺ പ്രസംഗം തുടങ്ങിയത്. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന് പറഞ്ഞ കാമറോൺ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്രയ്ക്കും സുദൃഢമാണെന്നും പറഞ്ഞു.

വെല്ലുവിളികൾ നിറഞ്ഞ കാലത്താണ് മോദിയും താനും ഭരണം നടത്തുന്നത്. എങ്കിലും ശുഭപ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും കാര്യങ്ങളെ സമീപിക്കുന്നതെന്നും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം വേണമെന്ന കാര്യത്തിൽ ബ്രിട്ടന് നിർബന്ധമുണ്ടെന്നും കാമറോൺ പറഞ്ഞു. ടീം ഇന്ത്യയും ടീം യുകെയും അതിലേക്കുള്ള യാത്രയിലാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അത്താഴവിരുന്നിന് കാമറോണിന്റെ വീട്ടിലെത്തിയപ്പോഴും മോദി കൈ നിറയെ സമ്മാനങ്ങൾ കരുതിയിരുന്നു. കേരളത്തിന്റെ അഭിമാനമായ ആറന്മുള കണ്ണാടിയാണ് കാമറോണിന്റെ ഭാര്യയ്ക്ക് മോദി സമ്മാനിച്ചത്. ഇതിന് പുറമെ കാശ്മീരിൽനിന്നുള്ള വിശിഷ്ടമായ ഷാളുകളും നൽകി. ഭഗവത്ഗീതയിലെ ഉദ്ധരണികൾ കൊത്തിവച്ച പുസ്തക സ്റ്റാൻഡാണ് കാമറോണിന് സമ്മാനിച്ചത്. ഡേവിഡ് ഒമിസിയുടെ ഇന്ത്യൻ വോയ്‌സ് ഓഫ് ദ ഗ്രേറ്റ് വാർ എന്ന പുസ്തകവും നൽകി.