ന്യൂയോർക്ക്: ഈ മാസം അവസാനം അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ വമ്പന്മാരായ ഫേസ്‌ബുക്കിന്റെ ആസ്ഥാനം സന്ദർശിക്കും. ഈ മാസം 27നാണു മോദി അമേരിക്കയിലെ പാവ്‌ലോ ആൾട്ടോയിലെ ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിക്കുക.

ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർ ബർഗാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ഈ വിവരം അറിയിച്ചത്. കഴിഞ്ഞ തവണ താൻ ഇന്ത്യ സന്ദർശിച്ചപ്പോൾ മോദിയെ സന്ദർശിക്കാൻ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നതായും സൂക്കർബർഗ് എഴുതി. മോദിയുമായുള്ള കൂടിക്കാഴ്ച തത്സമയം തന്റേയും മോദിയുടേയും പേജിലൂടെ കാണാനുള്ള അവസരം ഉണ്ടാകുമെന്നും സൂക്കർബർഗ് പറഞ്ഞു.

സൂക്കർബർഗുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു മോദി പറഞ്ഞു. സൂക്കർബർഗുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ ഫേസ്‌ബുക്കിലൂടെയോ നരേന്ദ്ര മോദി ആപ്‌ളിക്കേഷനിലൂടെയോ പങ്കുവയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

അമേരിക്കയിലേക്ക് മോദി നടത്തുന്നത് രണ്ടാമത്തെ സന്ദർശനമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും മോദി, ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ സംസാരിച്ചിരുന്നു. അതിനുശേഷം മാഡിസൺ സ്‌ക്വയറിൽ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. ഇത്തവണ 'സ്റ്റാർട്ട് അപ്പ് ഇന്ത്യ' പദ്ധതിയുമായി മോദി സിലിക്കൺ വാലിയിലാണ് എത്തുന്നത്. ഫേസ്‌ബുക്ക് മേധാവിക്കു പുറമെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചായ്. ആപ്പിൾ സിഇഒ ടിം കുക്ക്, അഡോബ് സിഇഒ ശന്തനു നാരായൺ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും.

റൂപർട്ട് മർഡോക് സംഘടിപ്പിക്കുന്ന ആഗോള മാദ്ധ്യമ ഉടമസ്ഥരുടെ യോഗത്തിലും മോദി പങ്കെടുക്കും. 28ന് കാലിഫോർണിയയിൽ വച്ചാണ് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്.

I'm excited to announce that Prime Minister Narendra Modi of India will be visiting Facebook HQ later this month for a...

Posted by Mark Zuckerberg on Saturday, 12 September 2015