ലണ്ടൻ: നവംബർ പകുതിയോടെ ബ്രിട്ടീഷ് സന്ദർശനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷേധത്തോടെ സ്വീകരിക്കാൻ മുസ്ലിം സംഘടനകൾ വഴി തേടുന്നു. എന്നാൽ അമേരിക്കയിലെ മാഡിസൺ സ്‌ക്വയറിൽ ലഭിച്ചതിനേക്കാൾ ഉഗ്രൻ സ്വീകരണം നല്കാൻ ഉത്തരേന്ത്യൻ ഭൂരിപക്ഷ ഹിന്ദു സമുദായ നേതാക്കളും ഊർജ്ജിതമായി രംഗത്തുണ്ട്.

ഒരിക്കൽ ബ്രിട്ടൻ വിസ നിഷേധിച്ചിരുന്നതിനാൽ അമേരിക്കയിൽ ലഭിച്ചതിനേക്കാൾ മികച്ച വരവേല്പ് വേണമെന്ന് മനസ്സിൽ ആഗ്രഹിക്കുന്ന മോദിയുടെ ഹിതം അറിഞ്ഞു, ഒരു സംശയവും ഇല്ലാതെ യു കെ യുടെ മണ്ണിൽ കാലു കുത്താമെന്നും ഈ സന്ദർശനം ചരിത്രത്തിൽ ഇടം പിടിക്കും വിധം മോടിയാക്കുന്ന കാര്യം ഏറ്റുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും. ഇങ്ങനെ മൂന്നു മാസം അകലെ നില്‌ക്കെ തന്നെ മോദിയുടെ ബ്രിട്ടീഷ് സന്ദർശനം എല്ലാ അർത്ഥത്തിലും ശ്രദ്ധ നേടുകയാണ്. അമേരിക്കയിൽ മാടിസൻ സ്‌ക്വയറിൽ നല്കിയ പോലൊരു സ്വീകരണം വെംബ്ലി സ്‌റ്റേഡിയത്തിൽ ഒരുക്കുവാനാണ് ഹിന്ദു സംഘടനകളുടെ ശ്രമം. ചൈനീസ് പ്രസിഡന്റ് ജിൻപിങ് യു കെ സന്ദർശനം നടത്തി ഒരു മാസം പിന്നിടും മുൻപേ മോദിയും എത്തുന്നതിനാൽ സന്ദർശനത്തിന് ഇപ്പോൾ കൂടുതൽ രാഷ്ട്രീയ പ്രാധാന്യവും കൈവരികയാണ്.

നവംബറിൽ ദീപാവലി ആഘോഷങ്ങൾ സമാപിച്ചാൽ തൊട്ടു പിന്നാലെ മോദി യു കെ സന്ദർശനം നടത്തുമെന്ന പ്രതീക്ഷയിൽ ബ്രിട്ടൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മുസ്ലിം വിഭാഗങ്ങൾ ഉയർത്തിയ എതിർപ്പ് ഇന്ത്യയുടെ മനസ് മാറ്റിയാലോ എന്ന ആശങ്കയിലാണ് ഡേവിഡ് കാമറോൺ വീണ്ടും ഉറപ്പു നല്കുന്ന തരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. കഴിഞ്ഞ തവണ അധികാരം ഏറ്റത് മുതൽ ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഡേവിഡ് കാമറോണിനു ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരം കൂടിയാകും മോദിയുടെ ലണ്ടൻ സന്ദർശനം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിൽ നിന്നും മറ്റൊരു പ്രധാനമന്ത്രി ബ്രിട്ടൻ സന്ദർശനം നടത്താത സാഹചര്യത്തിൽ മോദിയുടെ വരവിന് ബ്രിട്ടൻ അതിയായ പ്രാധാന്യമാണ് കല്പിക്കുന്നത്. എന്ത് വില കൊടുത്തും മോദിയുടെ വരവ് യാഥാർത്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് കാമറോൺ കരുക്കൾ നീക്കുന്നത്.

ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകൻ എന്ന് പ്രചരിപ്പിക്കപ്പെട്ട നിലയ്ക്ക് വിവിധ മുസ്ലിം സംഘടനകൾ ഇന്നും മോദിയെ ശത്രു പക്ഷത് തന്നെയാണ് നിരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി യു കെ യിലെ മുസ്ലിങ്ങൾക്ക് മോദിയോടു പൊറുക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ മുസ്ലിം ഫെഡറേഷൻ യു കെ പ്രസിഡന്റ് ഷംസുധീൻ ആഗ പറയുന്നു. മോദി എത്തുമ്പോൾ ഒട്ടും മോശമല്ലാത്ത പ്രതിഷേധം തന്നെ തങ്ങൾക്കു സംഘടിപ്പിക്കാൻ കഴിയും എന്ന് ആഗ ചൂണ്ടിക്കാട്ടുന്നു. ''കാമറോൺ ബ്രിട്ടനെ നയിക്കാൻ ഏറെ ശക്തൻ തന്നെയാണ്. പക്ഷെ മോദിയുമായി അടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അയാൾ കൗശലക്കാരൻ ആണ്.'' കഴിഞ്ഞ ദിവസം ഈ സംഘടന മാദ്ധ്യമങ്ങൾക്ക് നല്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. മോദിയെ ഏതു വിധത്തിൽ തങ്ങളുടെ എതിർപ്പ് അറിയിക്കാൻ കഴിയും എന്നതിനെ കുറിച്ച് ഇനിയും അന്തിമ രൂപം നല്കിയിട്ടില്ലെന്നും ആഗ തുടരുന്നു.

അതേ സമയം ബ്രിട്ടണിൽ ജീവിക്കുന്ന ഇന്ത്യൻ വംശജരെ ഉൾപ്പെടുത്തി മോദിക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കാനാണ് സർക്കാരിന്റെ പദ്ധതി. സ്വന്തം നാട്ടുകാരെ കാണുമ്പോൾ മോദിയുടെ മനസ് മാറുമെന്നാണ് കാമറോണിന്റെ പ്രതീക്ഷ. അതിനായി പരമാവധി ഇന്ത്യൻ വംശജരെ മോദിയുടെ സ്വീകരണ ചടങ്ങിൽ എത്തിക്കാനുള്ള ശ്രമം സർക്കാർ തന്നെ നേരിട്ട് ഏറ്റെടുക്കും. ബ്രിട്ടണിൽ ഇന്ത്യൻ വംശജർ നിർണായക ശക്തി ആണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ട കടമ കൂടി ഏറ്റെടുക്കുന്ന വിധമാകും സ്വീകരണ പരിപാടി ഒരുക്കുക. ഇതിനുള്ള ഏകദേശ രൂപരേഖ തയ്യാറാകുന്നതിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് കാമറോൺ സർക്കാർ. കാമറോണിന്റെ മനസ് അറിയുന്ന ഇന്ത്യൻ വംശജരായ കൺസർവേറ്റീവ് എംപിമാരും പ്രാദേശിക നേതാക്കളും അടങ്ങുന്ന ഗ്രൂപ്പിനാകും സന്ദർശന പരിപാടിയുടെ ചുക്കാൻ പിടിക്കാനുള്ള നിയോഗം.

ബ്രിട്ടണിൽ നിക്ഷേപം നടത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം എന്ന നിലയ്ക്കും ഇന്ത്യയെ കൂടുതൽ സന്തോഷിപ്പിക്കാൻ പ്രതിജ്ഞാബദ്ധർ ആവുകയാണ് കാമറോണിന്റെ ടീം. ഇന്ത്യയ്ക്ക് മുന്നിലായി ദീർഘകാലം ബ്രിട്ടന്റെ വ്യാപാര, നയതന്ത്ര പങ്കാളികളായ അമേരിക്കയും ഫ്രാൻസും മാത്രമാണ് വിദേശ നിക്ഷേപത്തിൽ ബ്രിട്ടന് താങ്ങാവുന്നത്. അമേരിക്ക 564 പദ്ധതികളിൽ പങ്കാളിയാകുമ്പോൾ ഫ്രാൻസ് 124 പദ്ധതികളിൽ കൂടെയുണ്ട്. എന്നാൽ തൊട്ടു പിന്നിലായി ഇന്ത്യ 122 ബ്രിട്ടീഷ് പദ്ധതികളിൽ സഹായിക്കുന്നു. ഇവയിലാകെ 10000 ഓളം ജോലികൾ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതിനാൽ ഇന്ത്യയുമായി ബന്ധം ഏതു വിധത്തിലും മെച്ചപ്പെടുതിയെ കഴിയൂ എന്ന തീരുമാനത്തിൽ എത്താൻ കാമറോണിനെ പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകമാണ്. മാത്രമല്ല ഇന്ത്യയിലെക്കുള്ള കയറ്റുമതിയിൽ അനുദിനം ഉണ്ടാകുന്ന വിടവും കാമറോണിനു നികത്തിയെ പറ്റൂ.

അതെ സമയം കാമറോൺ സർക്കാരിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളിൽ ഇന്ത്യക്കുള്ള ശക്തമായ പ്രതിഷേധം തുറന്നു പ്രകടിപ്പിക്കാൻ തന്നെ മോദിയും തയ്യാറായേക്കും. ഇതിന്റെ സൂചന എന്നോണം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ശക്തമായ ഭാഷയിൽ നയത്തെ അപലപിച്ചു കഴിഞ്ഞു. യു കെ യിൽ നിക്ഷേപം നടത്തിയിരിക്കുന്ന 800 ഓളം ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ കാമറോണിന്റെ നയം കാരണമാകും എന്ന ആശങ്കയാണ് സി ഐ ഐ ചൂണ്ടിക്കാട്ടുന്നത്.

ഒരു ദശകം മുൻപ്, 2002 ലെ ഗുജറാത്ത് കലാപത്തെ തുടർന്ന് മോദിക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ മുന്തിയ സ്ഥാനമാണ് ബ്രിട്ടനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നത് പരിഗണിച്ചും 2012 ൽ മോദിയെ ഇന്ത്യൻ നിയമ രംഗം കുറ്റവിമുക്തൻ ആക്കിയത് കണക്കിലെടുത്തും അദേഹത്തിന്റെ ബ്രിട്ടൻ സന്ദർശന വിലക്ക് പൊടുന്നനെ നീക്കാനും കാമറോൺ മുൻകൈ എടുത്തിരുന്നു. കലാപത്തിൽ അന്ന് സംസ്ഥാനം സന്ദർശിക്കാൻ എത്തിയ ഗുജറാത്ത് വംശജരായ ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് അന്നത്തെ ടോണി ബ്ലെയർ സർക്കാർ കണ്ടിരുന്നത്. തുടർന്ന് വന്ന ഗോർഡൻ ബ്രൗൺ സർക്കാരും തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല. തുടർന്ന് കാമറോണിന്റെ ആദ്യ സർക്കാർ അധികാരം ഏറ്റതോടെ ഇന്ത്യയുമായി ബന്ധം ഊഷ്മളമാക്കണം എന്ന തീരുമാനത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കുറ്റവിമുക്തൻ ആക്കപ്പെട്ട മോദിക്ക് ബ്രിട്ടൻ സർവാത്മനാ ക്ഷണം ഒരുക്കുക ആയിരുന്നു.

എന്നാൽ ഇത്ര കാലവും തനിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന ബ്രിട്ടനോട് മുഖം തിരിച്ചിരുന്ന മോദി ശക്തമായ സമ്മർദ്ദത്തിന്റെ ഭാഗമായി ബ്രിട്ടൻ സന്ദർശനം കൂടി തന്റെ പട്ടികയിൽ ഉൾപ്പെടുത്തുക ആയിരുന്നു. അമേരിക്കയും ചൈനയും കാനഡയും ഓസ്‌ട്രേലിയയും ഫ്രാൻസും ജർമനിയും ജപ്പാനും തുടങ്ങിയ പ്രധാന രാജ്യങ്ങളും ലോക ശക്തികളിൽ പിന്നിൽ നില്ക്കുന്ന കസാകിസ്ഥാൻ, മൗറിഷ്യസ്, ഉസ്‌ബെകിസ്ഥാൻ, സിംഗപൂർ, ശ്രീലങ്ക തുടങ്ങി അനേകം ചെറുകിട രാജ്യങ്ങളും സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ബ്രിട്ടീഷ് സന്ദർശനത്തിനു തയ്യാറാകുന്നത് എന്നതും ശ്രദ്ധേയമാണ്.