- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഡയറക്ട് കോൺട്രാക്റ്റ് സ്പേസ് ടെക്നോളജി കമ്പനി കമ്പനിയിൽ പങ്കാളിത്തമെന്ന് വാഗ്ദാനം; നാസുടെ പങ്കാളിത്തമുള്ള പ്രൊജക്ട് എന്നും വാദം; ബിജുകുമാറിന്റെ വാക്കു കേട്ട് റിട്ട. സർക്കാർ ഉദ്യോഗസ്ഥർ നൽകിയത് 1.26 കോടി രൂപ; ഒരു 'നാസാ തട്ടിപ്പിന്റെ കഥ'
തളിപ്പറമ്പ്: നാസയുടെ പേരു പറഞ്ഞുള്ള തട്ടിപ്പുകൾ കേരളത്തിൽ മുമ്പും അരങ്ങേറിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പുകൂടി പുറത്തുവരുന്നു. റിട്ട. ഉദ്യാഗസ്ഥരിൽ നിന്നും ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പു നടത്തിയ യുവാവാണ് അറസ്റ്റിലായത്. അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഡയറക്ട് കോൺട്രാക്റ്റ് സ്പേസ് ടെക്നോളജി കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതിമാരുടെ ഒന്നേകാൽ കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പേരാമ്പ്ര സ്വദേശിയായ പ്രതി അറസ്റ്റിലായി.
സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര കോടേരിച്ചാൽ സ്വദേശി വാഴാട്ട് ഹൗസിൽ ബിജുകുമാർ (36) ആണ് പിടിയിലായത്. തളിപ്പറമ്പ് സ്വദേശികളായ റിട്ട. സർക്കാർ ഉദ്യോഗസ്ഥരിൽനിന്നാണ് 1.26 കോടി രൂപയും 20 പവന്റെ ആഭരണങ്ങളും തട്ടിയത്. അറസ്റ്റിന് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി പി.വി. മനോജ് കുമാർ, എസ്‌ഐ ദിനേശൻ, പൊലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പൂക്കോത്ത് തെരു സ്വദേശി റിട്ട. ഉദ്യോഗസ്ഥൻ പി. ഭാർഗവന്റെ ഉന്നത വിദ്യാഭ്യാസം നേടിയ മകനെ ചെന്നൈ കേന്ദ്രീകരിച്ച് തുടങ്ങുന്ന നാസ പ്രോജക്ടിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബിജുകുമാർ സുഹൃത്തുക്കളായ സുമേഷ്, പ്രശാന്ത് എന്നിവരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയത്.
2015 മുതൽ 2020 വരെയുള്ള അഞ്ചു വർഷ കാലയളവിലാണ് നേരിട്ട് പണമായും ബാങ്ക് അക്കൗണ്ട് വഴിയും 1.26 കോടി രൂപയും 20 പവന്റെ സ്വർണാഭരണങ്ങളും കൈക്കലാക്കിയത്. പിന്നീട് മകനെ പ്രോജക്ടിൽ പങ്കാളിയാക്കാതെയും കൊടുത്ത പണം തിരിച്ചുനൽകാതെയും വിശ്വാസവഞ്ചന നടത്തിയതിനെ തുടർന്ന് ദമ്പതികൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസന്വേഷണം റൂറൽ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്‌പി പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അന്വേഷിച്ച് പേരാമ്പ്രയിലെത്തിയെങ്കിലും ഇയാൾ നാട്ടിൽനിന്ന് മുങ്ങിയതായി മനസ്സിലായി. തട്ടിയെടുത്ത പണംകൊണ്ട് പേരാമ്പ്ര കൂരാച്ചുണ്ടിലും മറ്റുമായി ഇയാൾ അഞ്ചോളം ബേക്കറി തുടങ്ങുവാനുള്ള ഇന്റീരിയൽ വർക്ക് നടത്തി വരുന്നതായി കണ്ടെത്തി.
അന്വേഷണ സംഘം നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് തമിഴ്‌നാട്ടിലെ ഉദുമൽപേട്ടിൽ പ്രതിയെ അറസ്റ്റുചെയ്തത്. ചെന്നൈ ഐ.ഐ.ടിയിൽനിന്നും ബി.ടെക് എൻജിനീയറിങ് ബിരുദധാരിയാണെന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ