തിരുവനന്തപുരം: അർബുദം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ ഭാര്യ നസീമയെ കോൺഗ്രസ് നേതാവ് സിദ്ദിഖ് മൊഴി ചൊല്ലിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവാഹ മോചനത്തിന്റെ ശേഷമുള്ള നാളുകളെ കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസീമ ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ഉണ്ടായി. മക്കൾക്ക് ബിരിയാണി വാങ്ങാൻ പോലും കാശില്ലാത്ത അവസ്ഥയെ തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നാണ് നസീമ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇങ്ങനെയുള്ള നസീമയുടെ വാദങ്ങളെ തള്ളിക്കൊണ്ട് സിദ്ദിഖിന്റെ അനുകൂലികൾ രംഗത്തെത്തി. സിദ്ദിഖിനെതിരെ നസീമ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തടയാൻ വേണ്ടിയാണെന്നാണ് വാദം.

നസീമ പുറത്തുവിട്ട ബിരിയാണിക്കഥ പച്ചക്കള്ളമാണെന്നും സിദ്ദിഖിനെ അനുകൂലിക്കുന്നവർ പറയുന്നു. സിദ്ദിഖ് ബന്ധം ഒഴിഞ്ഞുപോയ ശേഷമുള്ള നാളുകളിൽ താനും മക്കളും കടുത്ത ദാരിദ്യത്തിലായിരുന്നുവെന്നും കുട്ടികൾക്ക് ഇഷ്ട ഭക്ഷണമായ ബിരിയാണി വാങ്ങി കൊടുക്കാൻ നിസ്‌കാരപ്പായ വാങ്ങാൻ പണം സൂക്ഷിച്ചിരുന്ന പെട്ടി പൊട്ടിച്ച് പണം കണ്ടെത്തേണ്ടി വന്നുവെന്നുമാണ് നസീമ ഫേസ്‌ബുക്കിലിട്ട പോസ്റ്റ്.

എന്നാൽ പ്രതിമാസം 40000 ൽ കുറയാത്ത സർക്കാർ ശമ്പളം വാങ്ങുന്ന ഒരു ഹയർസെക്കണ്ടറി ലക്ചറർക്ക് ഇങ്ങനൊരു ദാരിദ്ര്യം ഉണ്ടായി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഫേസ്‌ബുക്കിലൂടെ തന്നെ സിദ്ദിഖിനെ അനുകൂലിക്കുന്നവർ പറയുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാൻ പരക്കം പായുന്ന ടി സിദ്ദിഖിനെതിരെയുള്ള ആയുധമായാണ് നസീമയുടെ കത്ത് വിലയിരുത്തപ്പെടുന്നത്.

സുന്ദരമായ ഒരു കണ്ണീർ കഥപോലെ നോവൽ ശൈലിയിൽ എഴുതി അവതരിപ്പിച്ചിരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ നിസ്‌കാരപ്പായ, ബിരിയാണി, മക്കളുടെ അനാഥത്വം, മൊഴിചൊല്ലപ്പെട്ട യുവതിയുടെ നിസഹായത തുടങ്ങിയ കഥാ തന്തുക്കൾ സിദ്ദിഖ് എന്ന രാഷ്ട്രീയ നേതാവിനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു എന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ജോലിയുടെ കാര്യം മാത്രമല്ല, സിദ്ദിഖ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചേവായൂരിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന 5.397 ആർ ഭൂമിക്കുടമയാണ് നസീമ. 2013 ഒക്ടോബറിൽ സിദ്ദിഖിന്റെ ഭാര്യയായിരിക്കുന്ന സമയത്ത് 7.65 ലക്ഷത്തോളം രൂപയ്ക്ക് നസീമ സ്വന്തം പേരിൽ വാങ്ങിയതാണ് ഈ ഭൂമി. 5.397 ആർ ഭൂമിക്ക് താരിഫ് വില മാത്രം 7.65 ലക്ഷം വരുമെങ്കിൽ യഥാർത്ഥ വില അരക്കോടിക്ക് മുകളിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പത്ത് വർഷത്തിലേറെ സീനിയോരിറ്റിയുള്ള ഹയർസെക്കണ്ടറി ലക്ചറർ എന്ന നിലയിൽ മികച്ച സർക്കാർ ശമ്പളത്തിനവകാശിയാണ് നസീമ. സ്വന്തം സമ്പാദ്യം കൊണ്ട് കോഴിക്കോട്ടെ കണ്ണായ സ്ഥലത്ത് ഇത്രയും ഭൂമി വാങ്ങിക്കൂട്ടിയ അരലക്ഷത്തോളം വരുന്ന ശമ്പളക്കാരിക്ക് രണ്ടു ബിരിയാണി വാങ്ങാൻ പണമില്ലാതെ പോയെന്ന വിലാപകാവ്യമാണ് പാളിപ്പോയത്. വിവാഹ മോചനത്തിന്റെ ഒന്നാം വാർഷികമെന്ന പേരിൽ ജനുവരി 15 ന് ഇട്ട പോസ്റ്റിലായിരുന്നു സിദ്ദിഖിന്റെ തൊലി ഉരിയാൻ പോന്ന വിശേഷണങ്ങളും വിമർശനങ്ങളുമായി കദനകഥ പുറത്തുവിട്ടത്.

മക്കളെയോർത്ത് പരസ്യമായ വിഴുപ്പലക്കൽ വേണ്ടെന്ന സിദ്ദിഖ് നസീമ മുൻധാരണയ്ക്ക് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് സമയം നോക്കി നസീമയുടെ പോസ്റ്റെന്നതാണ് ശ്രദ്ധേയം. പോസ്റ്റിനു മറുപടി പറയാൻ ബാധ്യസ്ഥനെങ്കിലും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തന്റെ വിവാഹ മോചന കഥകൾ വീണ്ടും വാർത്തകളിൽ നിറയുന്നതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടുതന്നെ നസീമയുടെ ബിരിയാണി കഥയോട് പ്രതികരിക്കാൻ സിദ്ദിഖ് തയാറായതുമില്ല.