ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ മനുഷ്യർ ഭൂമിയെ അടക്കി വാഴുകയാണ്. മറ്റു ജീവജാലങ്ങളുടെ ഇങ്കിതം ഒരിക്കലും മനുഷ്യർ മനസ്സിലാക്കാൻ ശ്രമിക്കാറേ ഇല്ല. വർഷത്തിലൊരിക്കൽ മാത്രം ഭൂമിയിലെത്തി പ്രജനനം നടത്തുന്ന പാതാള തവളയുടെ മരണത്തിൽ ഹൃദയം നൊന്തു കരയുകയാണ് ഇവിടുത്തെ പ്രകൃതി സ്‌നേഹികൾ. വർഷത്തിലൊരിക്കൽ നാടുകാണാനെത്തിയ പാതാള തവളയുടെ മരണം പ്രകൃതി സ്‌നേഹികളെ അത്രമേൽ നൊമ്പരപ്പെടുത്തുന്നു.

വംശം നിലനിർത്താൻ ഭൂമിയിലെത്തി സ്വന്തം ജീവൻ തന്നെ പാതാള തവളയ്ക്ക് നഷ്മായിരിക്കുകയാണ്. നെല്ലിയാമ്പതിയിലെ റോഡിൽ രാത്രി കാർ കയറി ചതഞ്ഞരയാനായിരുന്നു വിധി. മൺസൂണിനുമുൻപുള്ള മഴക്കാലംനോക്കി പ്രജനനത്തിന് എത്തിയതാണ് ഈ ആൺതവള. ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയുടെ, വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ മൂന്നാമതാണ് നാസിക്കാബട്ടറാക്കസ് സഹ്യാദ്രൻസ് എന്ന ശാസ്ത്രനാമമുള്ള പാതാളത്തവളയുടെ സ്ഥാനം.

വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവള കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പശ്ചിമഘട്ടത്തിൽ മാത്രമാണ് കാണപ്പെടുന്നത്. മണ്ണിനടിയിൽ ജീവിക്കുന്ന ഇവ വർഷത്തിലൊരിക്കൽ മുട്ട ഇടാൻ മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. വേനലിൽ വറ്റിയശേഷം മഴയിൽ പുനർജനിക്കുന്ന നീരൊഴുക്കിനുവേണ്ടിയാണ് ഈ കാത്തിരിപ്പ്. മണ്ണിനടിയിൽ ഒന്നരമീറ്റർവരെ ആഴത്തിലാണ് പാതാളത്തവളയുടെ 364 ദിവസത്തെയും വാസം. 1200 ലക്ഷം വർഷംമുൻപാണ് ഇവ ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഇവ ഭൂമിയിലെത്തിയാൽ ഉടൻ മഴ പെയ്യുന്നു എന്നത് പ്രകൃതി സ്‌നേഹികളേയും വിസ്മയിപ്പിക്കുന്നു.

ആണിനെ ചുമന്ന് പെണ്ണ് തുരങ്കത്തിലൂടെ മുകളിലേയ്ക്ക്
വളരെ കുറച്ച് ദിവസം മാത്രമാണ് ഇ ഭൂമിക്ക് മുകളിൽ താമസിക്കുക. മെയ് പകുതി പിന്നിട്ട ശേഷമായിരിക്കും ഭൂമിക്ക് മുകളിലേക്കുള്ള യാത്രയ്ക്ക് ഇവർ തയ്യാറെടുപ്പുകൾ തുടങ്ങുക. ഇത് ഇവർ പ്രജനനം നടത്തുന്ന കാലമാണ്. ഭൂമിക്ക് മുകളിൽ വന്ന് മുട്ടയിടും. ഇതിന് പെൺതവളയ്ക്ക് ആൺ തവളയുടെ സഹായവും വേണം. ഇതിനായാണ് ഇവർ ഭൂമിക്ക് മുകളിലേക്ക് എത്തുക.

ഈ സമയത്ത് ഇണയെ ആകർഷിക്കാൻ ആൺ തവളകൾ പ്രത്യേക ശബ്ദത്തിൽ കരച്ചിൽ തുടങ്ങും. കരച്ചിൽ കേട്ട് പെണ്ണ് എത്തും. ആണിന് അഞ്ച് സെന്റീമീറ്ററും പെണ്ണിന് പത്ത് സെന്റിമീറ്ററും നീളമുണ്ടാകും. പിന്നെ ആണിനെ ചുമന്ന് തുരങ്കത്തിലൂടെ മുകളിലേക്ക്.

പെണ്ണിന്റെ ഉള്ളിൽ രണ്ടായിരം മുതൽ നാലായിരംവരെ മുട്ടകളുണ്ടാകും. രാത്രി മണ്ണിനുപുറത്തെത്തി ഒരിടം കണ്ടെത്തി ഈ മുട്ടകൾ പുറത്തുവിടും. മുട്ടകളിൽ ആൺതവള ബീജം വീഴ്‌ത്തുമ്പോഴാണ് പ്രജനനം നടക്കുക. മുട്ടകൾ ഏഴുദിവസംകൊണ്ട് വിരിയും. 110 ദിവസംകൊണ്ട് വാൽമാക്രി പൂർണവളർച്ചയെത്തും. അന്നുതന്നെ അത് മണ്ണിനടിയിലേക്കുപോകും. പിന്നീട് ഒരുകൊല്ലം കഴിഞ്ഞ് വംശം നിലനിർത്താൻ ഇണയുമായി പുറത്തുവരും. ഇവ പുറത്തുവരുന്ന ദിവസം മഴ പെയ്യുന്നു എന്നത് ഗവേഷകർക്ക് ഇപ്പോഴും വിസ്മയമാണ്.

മുഖ്യാഹാരം ചിതൽ
സൂഗ്ലോസ്സിഡെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു. പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടുംപാടലവർണമായിരിക്കും. ചിതലുകളാണ് മുഖ്യാഹാരം.

നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പാതാളിനെ മുമ്പ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, പട്ടിക്കാട്, തൃശ്ശൂർ, തമിഴ്‌നാട്ടിൽ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു.

സംസ്‌കൃതവാക്കായ നാസിക, ഗ്രീക്കുപദമായ തവള എന്നർഥമുള്ള ബത്രക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളിൽനിന്നാണ് നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്ന ശാസ്ത്രീയനാമം ഉണ്ടായത്.

സഹോദരങ്ങൾ സീഷെൽസിൽ
ആഫ്രിക്കയുടെയും ഏഷ്യയുടെയും ഇടയിലുള്ള ദ്വീപായ സീഷെൽസിൽ കാണുന്ന സൂഗ്ലോസിടെ എന്ന തവളകളുമായി പാതാളത്തവളകൾക്ക് ബന്ധമുണ്ടെന്ന് ഡൽഹി സർവകലാശാലാ പ്രൊഫസർ ഡോ. എസ്.ഡി. ബിജുവും ബെൽജിയൻ ജന്തുശാസ്ത്രജ്ഞൻ ഫ്രാങ്കി ബോസ്സുയിറ്റും കണ്ടെത്തിയിരുന്നു.