മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' പരിപാടിക്ക് സംസ്ഥാനത്തൊട്ടാകെ പതാക നിർമ്മാണം പുരോഗമിക്കുമ്പോൾ ആദ്യ വിതരണം നടത്തി മുന്നേറുകയാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ. മലപ്പുറത്തെ കുടുംബശ്രീ സംരംഭമായ താണിക്കൽ വസ്ത്ര ബൊട്ടീക്ക് യുനിറ്റാണ് മലപ്പുറം കാനറാ ബാങ്കിലെ ഉദ്യോഗസ്ഥർക്കാവശ്യമായ 432 പതാകകൾ നിർമ്മിച്ച് നൽകിയത്. ബാങ്കിന്റെ റീജണൽ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് കാനറാ ബാങ്ക് റീജിനൽ ഹെഡ് എം. ശ്രീവിദ്യക്ക് പതാകകൾ കൈമാറി ജില്ലയിലെ പതാക നിർമ്മാണ വിതരണത്തിന് തുടക്കം കുറിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗാം മാനേജർ കെ.ടി ജിജു, ബാങ്ക് ജീവനക്കാർ വസ്ത്ര യൂണിറ്റ് പ്രതിനിധി റംലത്ത് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് തന്നെ പതാകയുടെ ആദ്യ വിതരണം ആരംഭിച്ചത് മലപ്പുറം ജില്ലാ മിഷന് കീഴിലാണ്. ജില്ലയിൽ രണ്ട് ലക്ഷം പതാകകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ജില്ലയിലെ 94 യൂണിറ്റുകളിലായി 180000 പതാകകൾക്കുള്ള ഓർഡറുകളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഇതിനകം തന്നെ അൻപതിനായിരം പതാകകളുടെ നിർമ്മാണം പൂർത്തിയായതായി കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പറഞ്ഞു. ഓഗസ്റ്റ് എട്ടോടെ ഇതുവരെ ലഭിച്ച മുഴുവൻ ഓർഡറും നിർമ്മിച്ച് വിതരണത്തിന് തയാറാവും.

'ഹർ ഘർ തിരംഗ' ആഘോഷത്തിന് സംസ്ഥാനമൊട്ടാകെ സർക്കാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പതാക നിർമ്മാണത്തിൽ നേതൃത്വം നൽകുന്ന കുടുംബശ്രീ വിവിധ യൂണിറ്റുകളിലൂടെ 23 ലക്ഷത്തിലധികം പതാകകളാണ് കേരളമൊട്ടാകെ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷമായ ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീടുകളിലും ദേശീയ പതാക ഉയർത്തി ദേശീയ പതാകയ്ക്ക് കൂടുതൽ ആദരവ് നൽകുന്നതിനും പൗരന്മാർക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ' (ഓരോ വീട്ടിലും ത്രിവർണപതാക) പരിപാടി ജില്ലാ ഭരണകൂടം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സർക്കാർ അർധസർക്കാർ ഓഫീസുകളിലും സ്‌കൂൾ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 'ഹർ ഘർ തിരംഗ' യിൽ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം നാലു തരത്തിലുള്ള പതാകകളാണ് നിലവിൽ കുടുബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്നത്. 36 ഃ24 ഇഞ്ച് വലുപ്പത്തിൽ പോളിസ്റ്റർ മിക്സിലുള്ള പതാകയ്ക്ക് 30 രൂപയും കോട്ടൻ പതാകയ്ക്ക് 40 രൂപയുമാണ് വില. 762മി. മി ഃ508മി. മി വലുപ്പത്തിലുള്ള പോളിസ്റ്റർ മിക്സ് പതാകയ്ക്ക് 28 രൂപയും കോട്ടൺ പതാകയ്ക്ക് 38 രൂപയുമാണ് വില. ദേശീയ പതാകയുടെ അന്തസ് നിലനിർത്തി കൊണ്ട് വലിപ്പം, മെറ്റീരിയൽ, വില എന്നിവയിൽ ഏകീകൃത സ്വഭാവം നിലനിർത്താൻ കുടുംബശ്രീയുടെ ഭാഗത്ത് നിന്ന് കൃത്യമായ മേൽനോട്ടവും നടക്കുന്നു.