തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിൽ മരുന്നടി വിവാദം വീണ്ടും സജീവമാകുന്നു. അത്‌ലറ്റിക്‌സ് വേദിയായ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നിന്ന് ഒഴിഞ്ഞ സിറിഞ്ചുകൾ ചില ദൃശ്യമാദ്ധ്യമങ്ങൾ കണ്ടെത്തിയിരുന്നു.

ഇതോടെ ഉത്തേജക മരുന്ന് തിരുവനന്തപുരത്തും സജീവമാണെന്ന വാർത്തകളും എത്തി. ഇതിനിടെയാണ് മറ്റൊരു സംഭവം. ഇന്നലെ നടന്ന 100 മീറ്ററിൽ സ്വർണ മെഡൽ നേടിയ ഹരിയാന താരം ധരംബീർ സിങ് നാഷണൽ ആന്റി ഡോപ്പിങ് എജൻസിയുടെ ( നാഡ ) ഉത്തേജക പരിശോധനയ്ക്ക് വിധേയനാവാതെ മുങ്ങി.

മത്സരം കഴിഞ്ഞാലുടൻ ഒന്നാം സ്ഥാനം ലഭിച്ചവർ നാഡയുടെ ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ കൊടുക്കണമെന്നാണ് നിയമം. അല്ലെങ്കിൽ മത്സരത്തിൽ നേടിയ മെഡൽ തിരികെ നൽകേണ്ടിവരും. ഉത്തേജക മരുന്നടിക്ക് പിടിക്കപ്പെടുകയും അതിനു രണ്ടു വർഷം വിലക്ക് കിട്ടുകയും ചെയ്ത താരമാണ് ധരംബീർ. വിലക്ക് കഴിഞ്ഞ് ആദ്യമായി ഇറങ്ങിയ ദേശീയ മീറ്റായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ധരംബീറിന്റെ മുങ്ങൽ വിവാദമാകുന്നത്.

2012ൽ ചെന്നെയിൽ നടന്ന നാഷണൽ മീറ്റിൽ 100 മീറ്ററിൽ മെഡൽ നേടിയ ശേഷം ധരംബീർ ഉത്തേജക പരിശോധനക്കാരെ വെട്ടിച്ച് കടന്നിരുന്നു. അതിനു ശേഷം നടന്ന നാഷണൽ ഓപ്പൺ മീറ്റിനിടെ നാഡ പരിശോധന നടുത്തുകയും ഉത്തേജകാംശം കണ്ടത്തുകയും ചെയ്തതിനു ശേഷമാണ് വിലക്കു വന്നത്. ഒന്നിലേറേ തവണ ഉത്തേജക പരിശോധകരെ പറ്റിച്ച് മുങ്ങിയാൽ ആജിവനാന്തകാലം വിലയ്ക്കാണ് ശിക്ഷ. ഈ സാഹചര്യത്തിൽ നാഡ പ്രതിനിധികൾ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രതിനിധികൾ അറിയിച്ചു. റിപ്പോർട്ട് കിട്ടിയാൽ ധരംബീറിന്റെ മെഡൽ തിരിച്ചുവാങ്ങുകയും ആജിവനാന്ത വിലക്ക് നൽകുകയും ചെയ്യും.

2001 ദേശീയ ഗെയിംസിൽ മലയാളി താരം ഒളിമ്പ്യൻ അനിൽകുമാർ കുറിച്ച 10.52 സെക്കൻഡിന്റെറെക്കാഡ് മറികടന്ന് 10.46 സെക്കൻഡിലാണ് ധരംബീർ ഫിനിഷ് ചെയ്തത്. ഇതിനു ശേഷം ഹരിയാന ടീമിനായി 4-100 മീറ്റർ റിലേ ഹീറ്റ്‌സിലും ഓടിയിരുന്നു. എന്നാൽ നൂറു മീറ്ററിലെ മെഡൽ ദാനച്ചടങ്ങിനു വൈകിയാണ് ധരംബീർ എത്തിയത്. മെഡൽ വാങ്ങിയ ഉടനെ മുങ്ങുകയും ചെയ്തു.