തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിലെ വേഗമേറിയ താരമായി ഹരിയാന- ഒഡീഷ താരങ്ങൾ മാറിയപ്പോൾ കേരളത്തിന് നിരാശ. ഹരിയാന താരം ധരംവീർ സിങ് മേളയിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി മാറിയപ്പോൾ ഒഡീഷയുടെ ദ്യുതി ചന്ദാണ് വനിതാ ഇനത്തിലെ വേഗക്കാരിയായിമാറിയത്.

നൂറു മീറ്ററിൽ രണ്ട് ഇനങ്ങളിലും കേരളാ താരങ്ങൾ നിരാശപ്പെടുത്തി. വനിതകളുടെ വിഭാഗത്തിൽ കേരള താരം വി ശാന്തിനിക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോർഡോടെയാണ് ഹരിയാന താരം ധരംവീർ സ്വർണം നേടിയത്. 10.36 സെക്കന്റിലാണ് ധരംവീർ 100 മീറ്റർ ഫിനിഷ് ചെയ്തത്.

ഈ ഇനത്തിൽ മത്സരിച്ച കേരളാ താരം ജിജിൻ വിജയന് മെഡൽ ലഭിച്ചില്ല. ജിജിന് അഞ്ചാമതെത്താനെ സാധിച്ചുള്ളൂ. 10.64 സെക്കൻഡിൽ ഓടിയെത്തിയ ഒഡീഷയുടെ അമിയകുമാറിനാണ് വെള്ളി. 10.65 സെക്കൻഡിൽ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ കൃഷ്ണകുമാർ റാണെ വെങ്കലം നേടി.

വനിതകളുടെ 100 മീറ്ററിൽ ഒഡിഷയുടെ ദ്യുതി ചന്ദാണ് കേരളത്തിന്റെ സ്വർണ്ണ പ്രതീക്ഷ തകർത്തത്. ദ്യുതി വനിതകളുടെ വേഗമേറിയ താരമായപ്പോൾ കേരള രണ്ടാംസ്ഥാനത്തൊതുങ്ങാനേ കേരളത്തിനു കഴിഞ്ഞുള്ളൂ.