കൊച്ചി: കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ നടന്ന കോടികളുടെ ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഗെയിംസിൽ വ്യാപകമായി ക്രമക്കേട ് നടന്നതായി വ്യക്തമാക്കുന്ന കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടാണ് പുറത്തുവന്നത്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം മുതൽ എസികൾ വാങ്ങിയതിൽ വരെ വ്യാപക ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ടിൽ് പറയുന്നു. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേൽണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള കരാറുകളും ടെൻഡർ നടപടികളും പരിശോധിച്ച ശേഷമാണ് സിഎജി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 500 ഓളം വാഹനങ്ങൾ ഗെയിംസിനായി വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നെങ്കിലും ഇവ എങ്ങോട്ട് ആർക്കൊക്കെ വേണ്ടി ഓടിയെന്നതിന് കൃത്യം കണക്കില്ല. 10.78 കോടി രൂപ മുടക്കി വണ്ടികളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നെങ്കിലും അത് ഉപയോഗിച്ചില്ല. വേദികളിലായി നാനൂറോളം എസികൾ വാടകയ്ക്കും 100ഓളം എസികൾ വിലയ്ക്കു വാങ്ങുകയും ചെയ്തു. ഗെയിംസ് കഴിഞ്ഞതോടെ വാങ്ങിയ എസികൾ ഒന്നു പോലും കാണാതായി. വെറും മുപ്പത് ദിവസത്തെ ഗെയിംസിന് വേണ്ടി എസികൾ വാടകയ്ക്ക് എടുക്കുന്നതിന് പകരം വാങ്ങിയത് അധികചെവലുണ്ടാക്കിയതായും സിഎജി കണ്ടെത്തി.

സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുക്കുന്നവർക്ക് ഇവിടെ പരിശീലനം നൽകാൻ സ്വാകാര്യ ഭൂമിയിൽ ടെന്നിസ് കോർട്ട് നിർമ്മിച്ചത് 1 കോടി 50 ലക്ഷത്തി 55543 രൂപ ചെലവാക്കിയാണ്. എന്നാൽ ഒരു കളിക്കാരന് പോലും ഇതിന്റെ ഗുണം കിട്ടിയില്ല. 10 കോടി 85 ലക്ഷത്തി 7102 രൂപ ചെലവിട്ട് നവീകരിച്ച കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഉപയോഗിച്ചത് വെറും ക്യാമ്പ് ഓഫീസ് ആയാണ്.

ഗെയിംസ് നടത്തിപ്പിനായുള്ള 611 കോടി രൂപയിൽ കേന്ദ്രവിഹിതം 121 കോടി രൂപയാണ്. ഗെയിംസ് നടത്തിപ്പിൽ ഒരു പൈസയുടെ അഴിമതി പോലും നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കായികവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും അവകാശവാദങ്ങൾക്ക് തിരിച്ചടിയായിരിക്കുയാണ് സിഎജി റിപ്പോർട്ട്.

അതേസമയം ദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് പുറത്തു വന്ന സിഎജി റിപ്പോർട്ട് പ്രതിപക്ഷ ആരോപണം പൂർണമായി ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു. കോമൺവെൽത്ത് ഗെയിംസിനെ വെല്ലുന്ന അഴിമതിയാണ് യുഡിഎഫ് സർക്കാർ നടത്തിയതെന്നും വി എസ് വ്യക്തമാക്കി.

യുപിഎ ഗവൺമെന്റിന്റെ കാലത്ത് കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡിയുടെ നേതൃത്വത്തിലാണ് കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ കോടികളുടെ അഴിമതി നടത്തിയത്. അതിന്റെ പേരിൽ കൽമാഡി കൽത്തുറുങ്കിൺലുമായി. സമാനമായ അഴിമതി ഇവിടെ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ ദേശീയ ഗെയിംസിലും ഉണ്ടായതായാണ് സിഎജി റിപ്പോർട്ട് തെളിയിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തൊട്ട് ഗെയിംസിനുള്ള ഉപകരണങ്ങളിൽ തുടങ്ങി വാട്ടർ ബോട്ടിലുകൾ വരെ വാങ്ങിയതിൽ അഴിമതി നടന്നതായാണ് റിപ്പോർട്ട് വന്നിട്ടുള്ളത്. ഗെയിംസ് വില്ലേജിലേക്ക് വാങ്ങിയ എയർ കണ്ടീഷണറുകൾ കാണാതായതായും പറയുന്നുണ്ട്.

സിഎജി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ, ഈ അഴിമതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ഈ അഴിമതിയുടെ ഉത്തരവാദികൾ. സുരേഷ് കൽമാഡിയുടെ ഗതിയായിരിക്കും ഉമ്മൻ ചാണ്ടിക്കും വരാൻ പോകുന്നത്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണ് ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ നിന്നും താൻ മാറി നിന്നതെന്നും വി എസ് പറഞ്ഞു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ഈ അഴിമതിവീരാരെ പാഠം പഠിപ്പിക്കണമെന്നും വി എസ് അഭ്യർത്ഥിച്ചു.