തിരുവനന്തപുരം: ദേശീയ ഗെയിംസെന്ന പരിപാടിയെ ഉപയോഗിച്ച് എങ്ങനെ തങ്ങളുടെ പോക്കറ്റ് വീർപ്പിക്കാനുള്ള വഴിയുണ്ടാക്കാം എന്ന ആലോചനയിൽ മുഴുകിയിരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല. ഇക്കൂട്ടത്തിൽ മലയാള മാദ്ധ്യമങ്ങളും മുമ്പന്തിയിലാണ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ സ്ഥാപിക്കാനിരുന്ന മീഡിയാ സെന്റർ പ്രസ്സ് ക്ലബിലേക്ക് മാറ്റിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഗെയിംസിന്റെ കൺസെൽട്ടിങ് എന്ന പേരിൽ കോടികൾ സ്വന്തമാക്കാൻ രംഗത്തെത്തിയത് പ്രമുഖരാണ്. ഇക്കൂട്ടത്തിൽ ഇവന്റ് മാനേജ്‌മെന്റിന്റെ കരാർ സ്വന്തമാക്കിയിരിക്കുന്നത് മലയാള മനോരമായാണ്.

സംസ്ഥാനം കാത്തിരുന്ന ദേശീയ ഗെയിംസ് എല്ലാ അർത്ഥത്തിലും പണം കൊയ്യാനുള്ള മേളയാക്കുകയാണ് സ്വകാര്യ കമ്പനികൾ. ഏഴ് കമ്പനികളെയാണ് കൺസെൽട്ടിങ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് പ്രമുഖരായ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് മുതൽ മലയാള മനോരമ വരെയുള്ളവർ ഇടംപിടിച്ചത്. ടെണ്ടർ വിളിച്ച് ഒരു വശത്ത് കച്ചവടം കൊഴുക്കുമ്പോൾ തന്നെയാണ് പ്രമുഖരായ കമ്പനികൾക്ക് നേരിട്ട് കരാറും നൽകിയിരുക്കുന്നത്.

സർക്കാർ നടത്തുന്ന മേളയിലാണ് സ്വകാര്യ ഏജൻസികൾ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ കടമ എന്താണെന്ന കാര്യം മാത്രം അധികമാർക്കും അറിയില്ലെന്നതാണ് വിചിത്രമായ വസ്തുത. നാഷണൽ ഗെയിംസിനു വേണ്ടി ഒരു വെബ്‌സൈറ്റ് ണ്ടാക്കിയത് മുതലുള്ള കാര്യങ്ങൾക്ക് വേണ്ടി കോടികളോളമാണ് ചെലവിട്ടത്. മാനേജ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടന്റ്‌സ് ഫോർ ദി ഗെയിംസ് എന്ന നിലയിൽ എത്തിയിരിക്കുന്നത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന പിഡബ്ല്യുസി ഏജൻസിയാണ്. 

സർക്കാർ തന്നെ സംഘാടകരായ പരിപാടിക്ക് മാനേജ്‌മെന്റ് സംവിധാനം ഒരുക്കുക എന്നുപറഞ്ഞാൽ എന്താണെന്നാണ് എല്ലാവരുടെയും ചോദ്യം. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, വെബ് പോർട്ടൽ ഡെവലപ്പ്‌മെന്റ് എന്നിവ നടത്തുന്നത് സിഎംസി ലിമിറ്റഡ്. ഇത് ബഹു. ടാറ്റായുടെ ഉടമസ്ഥതയിലുള്ളതാണ്.

വെബ്‌പോർട്ടൽ ഡെവലപ്പ്‌മെന്റ് ഇവരാണ് നടത്തുന്നതെങ്കിൽ അത് ഡിസൈൻ ചെയ്തിരിക്കുന്നതും ലേ ഔട്ട് ഒരുക്കിയിരിക്കുന്നതും സ്റ്റാർക്ക് എന്ന ഏജൻസിയാണ്. ഇതിനു പുറമേ ഇവർ മാർക്കറ്റിങ്, പബ്ലിസിറ്റി, ക്രിയേറ്റീവ് സ്ട്രാറ്റജി എന്നിവയൊക്കെ ഒരുക്കിയിട്ടുണ്. ഇതൊക്ക എന്താണെന്ന് ഇവരോടു തന്നെ ചോദിക്കേണ്ടി വരും. സർക്കാറിന് കീഴിൽ തന്നെ ഇത്തരം സംവിധാനങ്ങൾ ഉണ്ടെന്നിരിക്കേയാണ് സ്വകാര്യന്മാരുടെ പിന്നാലെ പോയി ഗെയിംസ് അധികൃതരുടെ ധൂർത്ത്. ഐ.ടി മിഷനും സിഡാക്കും കെൽട്രോണും അടക്കമുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നിരിക്കേയാണ് സ്വാകാര്യകമ്പനികളുടെ പിന്നാലെ പോയത് കമ്മീഷൻ ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാണ് താനും.

സ്‌പോൺസർഷിപ്പ് കൺസൾട്ടൻസിയായി അവതരിപ്പിച്ചിരിക്കുന്നത് ഐഎംജി എന്ന റിലയൻസ് കമ്പനിയേയാണ്. ലോജിസ്റ്റിക്ക് പ്ലാനിങ് നൽകുന്നത് പ്രൈം ടൈം അൺലിമിറ്റഡ് എന്ന കമ്പനിയും. ഇതിനു വേണ്ടിയുള്ള ടെണ്ടറിന്റെ അവസാന ദിവസം ഇന്നാണെന്നിരിക്കേയാണ് ടെണ്ടർ ഒന്നും ബാധകമല്ലെന്ന വിധത്തിൽ കമ്പനി ഗെയിംസിന്റെ വെബ്‌സൈറ്റിൽ തന്നെ ഇടംപിടിച്ചത്.

ഗെയിംസിലെന്താണ് മാർക്കറ്റിങ് എന്നതാണ് അടുത്ത ചോദ്യം? മാർക്കറ്റിങ് ആക്ടിവേഷൻ ഏജൻസി എന്ന പേരിൽ ഗെയിംസിൽ ഇടംപിടിച്ചിരിക്കുന്നത് പിഡിഎം എന്ന കമ്പനിയാണ്. ഇവർക്ക് ശേഷമാണ് ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ മലയാള മനോരമ ഇടംപിടിച്ചത്. യുഡിഎഫ് സർക്കാറിന് എല്ലാവിധത്തലും താങ്ങും തണലുമായ മലയാള മനോരമ എങ്ങനെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായി ഇടംപിടിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിൽ തന്നെ പ്രമുഖരായ പല ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ഉണ്ടെന്നിരിക്കേ മനോരമയ്ക്ക് ഇതിന്റെ ചുമതല നൽകിയത് ഗെയിംസ് അഴിമതികൾ മൂടിവെക്കുന്നതിനായാണെന്ന ആരോപണം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്.