ഇസ്‌ലാമാബാദ്: പച്ചക്കണ്ണുകളുമായി ജ്വലിക്കുന്ന ഒരു നോട്ടം. ടൈംമിഗം തെറ്റാതെയുള്ള ഒരു ക്യാമറാ ക്ലിക്കും. സ്റ്റീവ് മക്കറിയെന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെ 'അഫ്ഗാൻ പെൺകുട്ടി' യുടെ ഈ ചിത്രം ലോകം എളുപ്പത്തിൽ മറക്കില്ല. അഫ്ഗാനിലെ ഒരു യുദ്ധവേളയിൽ പലായനം ചെയ്ത ഈ പെൺകുട്ടിയുടെ ചിത്രം നാഷണൽ ജ്യോഗ്രഫിക് മാസികയുടെ കവർ ചിത്രമായി അച്ചടിച്ചു വന്നിരുന്നു. അന്ന് അതിപ്രശസ്തി നേടിയ ഈ പെൺകുട്ടിയെ തേടി ഫോട്ടോഗ്രാഫർ വീണ്ടും അഫ്ഗാനിൽ എത്തിയതും പിന്നീട് വന്ന ചിത്രവുമെല്ലാം വാർത്തകളായിരുന്നു. ലോകം മുഴുവൻ അറിയപ്പെട്ടിട്ടും ഷർബത്ത് ഗുല എന്ന ആ അഫ്ഗാൻ പെൺകുട്ടിയുടെ ജീവിതത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ലോകപ്രശസ്തയായ 'അഫ്ഗാൻ പെൺകുട്ടി' ഷർബാത്ത് ഗുല പാക്കിസ്ഥാനിൽ അറസ്റ്റിലായെന്നാണ് ഒടുവിലത്തെ വാർത്ത.

വ്യാജരേഖകൾ നൽകി തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി പാക്കിസ്ഥാനിൽ താമസിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷർബാത്തിന് പാക്കിസ്ഥാൻ പൗരത്വവും അഫ്ഗാൻ പൗരത്വവും ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കുന്നു. ഷർബാത്ത് ബീബി എന്ന പേരിൽ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് ഇവർ വ്യാജരേഖകൾ അടങ്ങുന്ന അപേക്ഷ നൽകിയിരുന്നതായി പാക് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഏതാനും നാളുകളായി ഷർബാത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

30 വർഷം മുൻപാണ് ഷർബാത്ത് ഗുല ലോകശ്രദ്ധ നേടുന്നത്. പെഷവാറിന് സമീപമുള്ള അഭയാർത്ഥി ക്യാംപിൽ നിന്ന് നാഷണൽ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറിയാണ് ഷർബത്ത് ഗുലയുടെ ചിത്രം പകർത്തിയത്. 1985 ജൂണിലെ മാഗസിന്റെ കവർചിത്രമായി ഇവരുടെ ഫോട്ടോ അച്ചടിച്ച് വന്നതോടെ ഷർബത്ത് ഗുല ലോകപ്രശസ്തയായി. അഫ്ഗാന്‌സ്താനിലെ ആഭ്യന്തര സംഘർഷത്തെ തുടർന്നാണ് ഷർബാത്തും കുടുംബവും പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തത്. 12 വയസായിരുന്നു അന്ന് ഗുലക്ക് പ്രായം. പച്ചക്കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി പിൽക്കാലത്ത് അഫ്ഗാൻ മോണോലിസ എന്ന പേരിൽ പിന്നീട് നാഷണൽ ജ്യോഗ്രഫിക് ഈ പെൺകുട്ടിയെ കുറിച്ച് ഡോക്യുമെന്ററി ചെയ്തിരുന്നു.

12ആം വയസിൽ താൻ പകർത്തിയ ചിത്രത്തിലെ പെൺകുട്ടിക്കായി 17 വർഷങ്ങൾക്ക് ശേഷം സ്റ്റീവ് മക്കറി അന്വേഷണം നടത്തിയിരുന്നു. അങ്ങനെ 2002ൽ ഇവരെ കണ്ടെത്തുകയും ആ ചിത്രവും നാഷണൽ ജ്യോഗ്രഫിക് മാസികയിൽ കവർ ഫോട്ടോയായി അച്ചടിച്ച് വരികയും ചെയ്തിരുന്നു. ഷർബത്ത് ഗുലയ്ക്ക് ഇന്നവർക്ക് 40 വയസുണ്ട്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സംഘർഷത്തെ തുടർന്നാണ് ഇവർ പാക്കിസ്ഥാനിലേക്ക് പോയത്. എന്നാൽ പാക്ക് എഫ്.ഐ.എക്ക് ഇവരെ തിരിച്ചറിയാൻ സഹായിച്ചതും ഇതേ കണ്ണുകൾ തന്നെയായിരുന്നു.