റാഞ്ചി: ദേശീയ സ്‌കൂൾ കായികമേളയിൽ കേരളത്തിന് കിരീടം. തുടർച്ചയായി 18ാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 36 സ്വർണം നേടിയാണ് കേരളം കിരീടം നേടിയത്. ഇന്ന് സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ മരിയ ജെയ്‌സൺ ദേശീയ റെക്കോർഡോടെ സ്വർണം നേടി. സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ അഞ്ജലി സ്വർണവും സൂര്യമോൾ വെള്ളിയും നേടി.

സീനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സൽ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ തെരേസ ജോസഫിന് സ്വർണം. ഇതേ ഇനത്തിൽ വെള്ളിയും കേരളത്തിനാണ്. മീറ്റിൽ കേരളത്തിന്റെ ജിസ്‌ന മാത്യു ട്രിപ്പിൾ സ്വർണവും, മുഹമ്മദ് അഫ്‌സൽ ഡബിളും തികച്ചു. ഇന്നലെ 22 സ്വർണവും 18 വെള്ളിയും 16 വെങ്കലവുമുൾപ്പെടെ 124 പോയിന്റാണ് കേരളത്തിന്റെ നേടിയിരുന്നത്. ഈ മെഡൽ നേട്ടം 36 സ്വർണ്ണമായി ഉയർത്തുകയായിരുന്നു ഇന്ന്. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 30 ഫൈനലുകളാണ് നടന്നത്.

ഇന്നലെനടന്ന സീനിയർ പെൺകുട്ടികളുടെ 5000 മീറ്ററിൽ എതിരാളികളെ ഏറെ പിന്നിലാക്കി 18 മിനിട്ട് 4.5 സെക്കന്റിൽ പറളിയുടെ പൊന്മുത്ത് എം വി വർഷ നേടിയ സ്വർണമായിരുന്നു കേരളത്തിന്റെ അക്കൗണ്ടിൽ ഇന്നലെ എത്തിയ ആദ്യ സ്വർണം. ആദ്യ ദിനം 3000 മീറ്ററിലും വർഷ വെള്ളി നേടിയിരുന്നു. വർഷയെക്കൂടാതെ മുഹമ്മദ് ഹഫ്‌സീർ പി.പി. (സീനിയർ,110 മീ.ഹർഡിൽസ്), ഡൈബി സെബാസ്റ്റ്യൻ(സീനിയർ 100 മീ. ഹർഡിൽസ്), അപർണ റോയി (സബ് ജൂനിയർ, 80 മീ. ഹർഡിൽസ്), ചാക്കോ തോമസ് (ജൂനിയർ പോൾവോൾട്ട്), വിനിജ വിജയൻ (സീനിയർ ട്രിപ്പിൾ ജമ്പ്), മനു ഫ്രാൻസിസ് (സീനിയർ, ഹൈജമ്പ്) എന്നിവരും സ്വർണത്തിളക്കത്തിൽ മിന്നിത്തിളങ്ങി. ഓംകാർനാഥ് (ജൂനിയർ 100 മീ. ഹർഡിൽസ്), രാധിക. കെ (സബ് ജൂനിയർ 110 മീ. ഹർഡിൽസ്), എൽ. സുകന്യ (സീനിയർ, 5000 മീ.), നിഷ. ഇ (ജൂനിയർ, ഹാമർത്രോ) എന്നിവരാണ് വെള്ളിത്തിളക്കത്തിൽ ഡി. ശ്രീകാന്ത് (സീനിയർ 110 മീ. ഹർഡിൽസ്), സൗമ്യ വർഗീസ് (സീനിയർ 100 മീ. ഹർഡിൽസ്) കെ. ഷംനാസ് (ജൂനിയർ 100മീ. ഹർഡിൽസ്), മുംമ്താസ് സി.എസ് (ജൂനിയർ 100മീ. ഹർഡിൽസ്), ഷെറിൻ ജോസ് (സീനിയർ 5000മീ.), രഞ്ജുക ഇ. ആർ (സീനിയർ, ട്രിപ്പിൾ ജമ്പ്), ഡിഫ്‌ന ജോസ് (ജൂനിയർ, ലോംഗ് ജമ്പ്) എന്നിവർ വെങ്കലം നേടി.