തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുകയാണ്. കുറ്റി നാട്ടലും പറിച്ചു കളയലും നാട്ടിൽ പതിവു പരിപാടിയായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ പിന്നോട്ടില്ലെന്നാണ് അവരുടെ നിലപാട്. എന്നാൽ, ഈ വിവാദങ്ങൾക്കിടയിലും കേരളത്തിന് അനുയോജ്യമായ ഒരു പദ്ധതിക്കായി കേന്ദ്ര സർക്കാറുമായി കൈകോർക്കുന്നുണ്ട് പിണറായി സർക്കാർ. ദേശീയ ജലപാത നിർമ്മാണമാണ് ഇത്.

സംസ്ഥാനത്തിന്റെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതൽ ഉണർവേകുന്ന ദേശീയ ജലപാത-3ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ ദൈർഘ്യത്തിലാണ് ദേശീയ ജലപാത 3-ന്റെ നിർമ്മാണം. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റർ ദൈർഘ്യം നിലവിൽ ഗതാഗത യോഗ്യമായതായും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ജലപാതയിൽ 160 കിലോമീറ്ററിലെ ജോലികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അഥോറിറ്റി തയാറാക്കി കേന്ദ്രത്തിനു കൈമാറുമെന്നും അനുമതി കിട്ടുമ്പോൾ നിർമ്മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ജലപാതയിൽ ഉൾപ്പെടാത്ത മറ്റു ഭാഗങ്ങൾ സംസ്ഥാന ജലപാത ആയി പരിഗണിച്ചാണു പ്രവർത്തനം. ഇതിൽ കോവളം മുതൽ ആക്കുളം വരെ കനാൽ വീതി കൂട്ടുന്നതിനു സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി സഹായത്തോടെ 66.39 കോടി രൂപയ്ക്കു ഭരണാനുമതി നൽകി.

കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കേണ്ട 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കിഫ്ബി സഹായത്തോടെ 247.2 കോടിയുടെ ഭരണാനുമതി നൽകി. പുനരധിവാസ പദ്ധതി പ്രകാരം ഫ്‌ളാറ്റുകൾ സർക്കാർ നിർമ്മിച്ചു നൽകുകയോ, വസ്തു വാങ്ങി വീടു വയ്ക്കാൻ താൽപര്യമുള്ളവർക്കു ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ ഭൂമി വാങ്ങി വീടു വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.

കോഴിക്കോട് നഗരത്തിലൂടെ പോകുന്ന കനോലി കനാൽ ജലപാതയുടെ നിലവാരത്തിലേക്കു വികസിപ്പിക്കുന്നതിന് 1118 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു കിഫ്ബി തത്വത്തിൽ അനുമതി നൽകി. മാഹി വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്ററും കനാൽ പുതുതായി നിർമ്മിക്കുന്നതിനു സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ജലപാത പൂർത്തിയാകുന്നതോടെ താരതമ്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനം ഒരുങ്ങുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.