ന്യൂഡൽഹി: ഇനി ഏതു സംസ്ഥാനത്തു പോയാലും നിലവിലെ മൊബൈൽ നമ്പർ മാറാതെ ഉപയോക്താക്കൾക്കു പുതിയ കണക്ഷൻ എടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നാളെ മുതൽ രാജ്യവ്യാപകമാകുന്നതാണ് ഉപയോക്താക്കൾക്ക് അനുഗ്രഹമാകുന്നത്.

ഇനി ഏതു സംസ്ഥാനത്തും ഏതു സേവനദാതാവിൽ നിന്നും നിലവിലെ നമ്പരിൽ തന്നെ ഉപയോക്താവിന് കണക്ഷൻ ലഭിക്കും.സംസ്ഥാനം വിട്ടുപോകുമ്പോൾ പുതിയ മൊബൈൽ നമ്പർ എടുക്കണമെന്ന തടസമാണ് ഇതോടെ നീങ്ങുന്നത്.

മെയ്‌ മൂന്നിനാണ് രാജ്യവ്യാപക മൊബൈൽ പോർടബിലിറ്റി നടപ്പാക്കാൻ സമയം നിശ്ചയിച്ചിരുന്നത്. മൊബൈൽ സേവനദാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നൽകിയത്. സാങ്കേതിക സംവിധാനം ഒരുക്കാനാണ് സമയം ആവശ്യപ്പെട്ടിരുന്നത്.

മൊബൈൽ പോർട്ടബിലിറ്റി വ്യാപകമാക്കാൻ സംവിധാനങ്ങളായി എന്നു കമ്പനികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതൽ സംവിധാനം നടപ്പാക്കാൻ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.

മൊബൈൽ നമ്പർ പോർടബിലിറ്റിക്കു പുറമേ ബാലൻസ് എക്‌സ്‌ചേഞ്ച്, ഫ്രീ റോമിങ്, കാരി ഫോർവേഡ് സംവിധാനങ്ങളും നടപ്പാക്കുമെന്ന് എയർടെൽ അറിയിച്ചു. കഴിഞ്ഞ പതിനഞ്ചു മുതൽ ബിഎസ്എൻഎൽ രാജ്യവ്യാപകമായി റോമിങ് സൗജന്യമാക്കിയിരുന്നു.