ബ്രസൽസ്: സിറിയയിലെ വിമതർക്കും ഐസിസ് തീവ്രവാദികൾക്കുമെതിര റഷ്യ നടത്തുന്ന നീങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് നാറ്റോ സജീവമാകുന്നു. ആണവായുധങ്ങൾ മുമ്പിൽ വച്ച് റഷ്യൻ നീക്കതെ തടയിടാൻ നാറ്റോ ശ്രമിക്കുന്നതായാണ് സൂചന. റഷ്യ എല്ലാ അർത്ഥത്തിലും പരിധി വിടുന്നു എന്ന് വരുത്തി തീർത്തുള്ള യുദ്ധത്തിനാണ് നാറ്റോയുടെ നീക്കം. അമേരിക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ. ഐസിസിനെതിരായ റഷ്യയുടെ പോരാട്ടം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ഭീതിയാണ് സജീവമാകുന്നത്. മൂന്നാംലോക രാജ്യങ്ങളെ വരുത്തി നിർത്താനുള്ള അമേരിക്കൻ തന്ത്രത്തിന്റെ സൃഷ്ടിയാണ് ഐസിസ് എന്ന വാദത്തിന് ബലം കൂടുമ്പോഴാണ് നാറ്റോയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

റഷ്യൻ നീക്കത്തെ ചെറുക്കാൻ ആണവായുധങ്ങൾ സ്ഥാപിക്കാനുള്ള ത്രിശൂലങ്ങൾ സ്ഥാപിക്കാൻ നാറ്റോ ആലോചിക്കുന്നുണ്ട്. ആണവയുദ്ധ സാഹചര്യമാകും ഇത് സൃഷ്ടിക്കുക. ശീതയുദ്ധകാലത്തിന് ശേഷം ഇത് പോർമുഖത്ത് വിന്യസിച്ചിട്ടില്ല. ഇതിനാണ് ബ്രിട്ടൺ തയ്യാറെടുക്കുന്നത്. സിറിയയിലെ വിമതരെ നേരിടാനാണ് ഇതൊക്കെയെന്ന് പറയുമ്പോഴും നാറ്റോയുടെ മനസ്സിൽ റഷ്യൻ യുദ്ധ തന്ത്രത്തെ പൊളിക്കുയെന്ന ലക്ഷ്യമാണ് ഉള്ളതെന്നാണ് വിലയിരുത്തൽ. സിറിയയിലെ റഷ്യയുടെ നീക്കങ്ങളെ തടയിട്ടില്ലെങ്കിൽ പുതിയൊരു ലോക ശക്തിയായി അവർ മാറുമെന്ന ഭയം അമേരിക്കയ്ക്കുണ്ട്. തീവ്രവാദ ഭീഷണിയുള്ള ചെറു രാജ്യങ്ങൾ റഷ്യയ്ക്ക് പിന്നിൽ അണിനിരന്നാൽ ലോക പൊലീസ് എന്ന സ്ഥാനം അമേരിക്കയ്ക്ക് നഷ്ടമാകും. ഇത് തിരിച്ചറിഞ്ഞാണ് സിറിയയിലെ റഷ്യൻ നീങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ അമേരിക്ക ഒരുക്കുന്നത്. ഇതിന് നാറ്റോയിലുള്ള സ്വാധീനം ഉപയോഗിക്കുകയാണ് അവർ.

സിറിയയിൽ ഐസിസിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ ചൈനയും പങ്കാളിയാകുമെന്ന വാർത്തകൾക്കിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. തീവ്രവാദത്തെ തുടച്ചു നീക്കാൻ റഷ്യയുമായി സഹകരിക്കാനാണ് ചൈനയുടെ തീരുമാനം. ആഴ്ചകൾക്കുള്ളിൽ ചൈനീസ് സേനയും റഷ്യയ്‌ക്കൊപ്പം യുദ്ധത്തിൽ പങ്കാളിയാകും. ഐക്യരാഷ്ട്ര സഭയിലെ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. ഇതോടെ ഐസിസിനെതിരെ റഷ്യയെടുക്കുന്ന നിലപാടിന് അംഗീകാരം കൂടുകയാണ്. സിറിയയിൽ ഐസിസിന്റേയും വിമതരുടേയും താവളങ്ങളെ റഷ്യ ഒരു പോലെ ആക്രമിക്കുന്നുണ്ട്. ആയുധമെടുത്ത് സർക്കാരിനെതിരെ പോരാടുന്നവരെല്ലാം തീവ്രവാദികളാണെന്നാണ് റഷ്യൻ പക്ഷം. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ആക്രമണം കടുത്തതോടെ ഐസിസ് താവളങ്ങൾ തകരുകയാണ്. ഒളിത്താവളങ്ങൾ വിട്ട് ഐസിസ് ഭീകരർ ഓടുകയാണെന്നാണ് സൂചന. ചൈനയും കൂടെ ആക്രമണത്തിന്റെ ഭാഗമായാൽ സിറിയയിൽ നിന്ന് തീവ്രവാദികളെ തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് റഷ്യ.

സിറിയയിൽ നിന്നും 1500 കിലോമീറ്റർ അകലെ കാസ്പിയൻ കടലിൽ നങ്കൂരമിട്ടിരിക്കുന്ന നാല് യുദ്ധക്കപ്പലുകളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് റഷ്യ മിസൈൽ ആക്രമണം ആരംഭിച്ചത്. ആത്യാധുനിക കാലിബർ; ക്രൂയിസ് മിസൈലുകളാണ് ഉപയോഗിച്ചത്. ഇറാനും ഇറാക്കിനും മുകളിലൂടെ സഞ്ചരിച്ചാണ് മിസൈൽ സിറിയയിലെ ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നത്. 26 മിസൈലുകൾ തൊടുക്കുകയുണ്ടായെന്നും ഇവയെല്ലാം ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ഷോയ്ഗു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയിലേക്ക് മിഴി തുറന്ന് ത്രിശൂലങ്ങളെന്ന് വിളിക്കുന്ന മിസൈൽ മുനകൾ വയ്ക്കാൻ ബ്രിട്ടണിന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങിയത്. ഇതാണ് ലോകമഹായുദ്ധത്തിന്റെ പുതിയ സാധ്യതകൾ തുറക്കുന്നത്. വൻശക്തികൾക്കിടയിൽ യുദ്ധമുണ്ടായാൽ ആണവായുധം പോലും വീണ്ടും ഉപോയോഗിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.

ഈ സാഹചര്യത്തിലാണ് സിറിയയിൽ വിമതർക്കെതിരെ ആക്രമണം നടത്തുന്നതിനിടെ തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ച റഷ്യക്ക് നാറ്റോയുടെ താക്കീത വരുന്നത്്. റഷ്യൻ യുദ്ധവിമാനത്തിന്റെ കടന്നുകയറ്റം മനഃപൂർവമാണെന്നും അതിനെ നിസ്സാരമായി കാണാനാവില്ലെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. സംഭവത്തിൽ റഷ്യ ഇനിയും ശരിയായ വിശദീകരണം നൽകിയിട്ടില്ല. നാറ്റോ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. സിറിയയിൽ ശക്തമായ സൈനിക സാന്നിധ്യമാകാനാണ് റഷ്യയുടെ ശ്രമമെന്നും ഇത് മേഖലയിലെ സുസ്ഥിരതയും സുരക്ഷയും തർക്കുമെന്നും സ്റ്റോൾട്ടൻ ബെർഗ് പറഞ്ഞു. റഷ്യയ്ക്ക് എതിരെ യുദ്ധത്തിന് നാറ്റോ തയ്യാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. എന്നാൽ ആരോപണം റഷ്യ നിഷേധിച്ചു. മോശം കാലാവസ്ഥയും വ്യോമയാന ബന്ധത്തിലുണ്ടായ തകരാറുമാണ് വ്യോമാതിർത്തി ലംഘിക്കാനിടയാക്കിയതെന്നാണ് റഷ്യൻ അധികൃതർ വിശദീകരിച്ചത്. ഇതും മുഖവിലയ്‌ക്കെടുക്കാൻ നാറ്റോ തയ്യാറായിട്ടില്ല.

ഒക്ടോബർ മൂന്നിനും നാലിനുമാണ് റഷ്യൻ യുദ്ധവിമാനം എസ്.യു30 തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചത്. തുർക്കിയുടെ മുന്നറിയിപ്പിനെത്തുടർന്ന് വിമാനങ്ങൾ തിരച്ചുപോവുകയായിരുന്നു. വ്യോമാതിർത്തി ലംഘിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് റഷ്യ ഉത്തരവാദിയാണെന്ന് തുർക്കി പ്രസിഡന്റ് തയിബ് ഉർദുഗാൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് തുർക്കി രണ്ട് തവണ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. ഇതെല്ലാം റഷ്യയ്ക്ക് എതിരെ യുദ്ധമെന്ന തന്ത്രത്തിലേക്ക് എത്താനാണ് എന്നാണ് വിലയിരുത്തൽ. സിറിയയിൽ ഇറാനേയും മറ്റും കൂട്ടുപിടിച്ച് റഷ്യ നടത്തുന്ന നീക്കമാണ് ഇതിന് കാരണം. സിറിയയിൽ വിമതരേയും ഐസിസ് ഭീകരരേയും ഒരു പോലെ വകവരുത്തിയാണ് റഷ്യൻ മുന്നേറ്റം. എന്നാൽ ഭരണകൂടത്തിനെതിരായാണ് നാറ്റോയുടെ നീക്കം. പ്രസിഡന്റ് അസദിനെ സ്ഥാനഭൃഷ്ടനാക്കുകയാണ് അമേരിക്കയുടെ തന്ത്രം. ഇതിന് വേണ്ടിയാണ് വിമതരും ഐസിസും യുദ്ധം നടത്തുന്നത്.

അതിനിടെ സിറിയയിലെ ഐ.എസ് ഭീകര കേന്ദ്രങ്ങളിലേക്ക് റഷ്യ തൊടുത്ത മിസൈലുകളിൽ ഒന്ന് ലക്ഷ്യംതെറ്റി ഇറാനിൽ പതിച്ചതായി റിപ്പോർട്ട്. രണ്ട് യു.എസ് സേനാ അധികാരികളെ ഉദ്ധരിച്ച് സി.എൻ.എന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യ തൊടുത്ത നിരവധി മിസൈലുകളിൽ നാലെണ്ണം ഇറാന് മുകളിൽവച്ച് തകർന്നതായും യു.എസ് മിലിറ്ററി ആൻഡ് ഇന്രലിജൻസ് അസറ്റ്‌സ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. മിസൈൽ ഇറാനിൽ എവിടെയാണ് പതിച്ചതെന്നോ നാശനഷ്ടങ്ങളെക്കുറിച്ചോ വ്യക്തമല്ല. എന്നാൽ, അമേരിക്കയുടെ ഈ വാദം ഇറാനോ മോസ്‌കോയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ പോലും കാര്യമായെടുക്കാത്ത കാര്യങ്ങൾ അമേരിക്ക ഉന്നയിക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം വാദങ്ങൾ സജീവമായി നിർത്തി റഷ്യയെക്കെതിരെ യുദ്ധമാണ് അമേരിക്കയും നാറ്റോയും ലക്ഷ്യമിടുന്നത്.

സദ്ദാം ഹുസൈനെയും കേണൽ ഗദ്ദാഫിയെയും പുറത്താക്കിയതുപോലെ പശ്ചാത്യ ലോകം പുറത്താക്കാൻ നോക്കി വച്ചിരിക്കുന്ന അടുത്ത ഭരണാധികാരിയാണ് സിറിയൻ പ്രസിഡന്റ് അസാദ്. അസാദിന്റെ താഴെ ഇറക്കാൻ പണം നൽകുന്നത് അമേരിക്കയും യൂറോപ്യൻ ഭരണകൂടവുമാണ്. ഈ വിമതരാണ് യഥാർത്ഥത്തിൽ സിറിയയുടെ നിയന്ത്രണം നഷ്ടമാകുന്ന തരത്തിൽ ഐസിസിന് കരുത്ത് പകരുന്നത്. സിറിയയും ഇറാഖും ഇറാനും റഷ്യയുടെ മുൻകൈയിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ ഞൊടിയിടയിൽ ഐസിസിനെ തകർക്കാം എന്നു കഴിഞ്ഞ ദിവസം അസാദ് പ്രഖ്യാപിച്ചതാണ്. ഈ കൂട്ടുകെട്ട് അമേരിക്കയും യൂറോപ്യൻ യൂണിയനെയും ഭയപ്പെടുത്തുകയാണ്. ഇസ്ലാമിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും പശ്ചിമേഷ്യയിൽ പിടിമുറുക്കുക എന്ന ലക്ഷ്യവും ഇതോടെ നടക്കില്ല എന്നു വ്യക്തമായതാണ് ഇവരുടെ പരിഭ്രാന്തിക്ക് കാരണം.

2003നും 2009നും ഇടയിൽ അമേരിക്ക ഇറാഖിലുണ്ടാക്കിയ തടവുകാരുടെ ക്യാമ്പിൽ വച്ചാണ് ഐസസിസിന്റെ പിറവിയിലേക്ക് നയിച്ച കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വന്നതെന്നാണ് സൂചനകൾ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് അസദിന്റെ കാര്യത്തിൽ അമേരിക്ക എടുക്കുന്ന നിലപാട്. റഷ്യയുടെ ഇടപെടലിനെ എതിർത്തതോടെ എല്ലാം വ്യക്തമാവുകയാണ്. അപകടകാരികളായ ഭീകരരെ തടവുകാരായി അമേരിക്ക ഒരുമിച്ച് താമസിപ്പിച്ചത് ഐസിസിന്റെ പിറവിക്ക് കാരണമായിത്തീർന്നുവെന്നാണ് വിലയിരുത്തൽ. അക്കാലത്ത് ബക്കയിലെ ക്യാംപിൽ ഒരുലക്ഷത്തോളം ഭീകരരെ ഒരുമിച്ച് പാർപ്പിച്ചിരുന്നുവത്രെ. പലരും കടുത്ത വംശീയവാദികളുമായിരുന്നു. ക്യാംപിലെ സഹവർത്തിത്വം അവരുടെ നിലപാടുകളെ കൂടുതൽ ക്രൂരമാക്കാൻ ഉപകരിക്കുകയായിരുന്നു. സദ്ദാഹുസൈന്റെ ഇറാഖിൽ നിന്നും അമേരിക്ക തടവ് പുള്ളികളായി പിടിച്ച ഇവർ ഐസിസ് എന്ന ഭീകരസംഘടയുടെ വിത്ത് അവിടെ വച്ച് പാകി മുളപ്പിക്കുകയായിരുന്നു.

ഈ ക്യാംപ് വർഗീയതയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കി വിഭജിച്ചിരുന്നുവെന്നും അവിടെ ഭീകരർ ശരിയാ നിയമം നടപ്പിലാക്കിയിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ ക്യാംപിലെ ഭീകരരിൽ പലരും പിന്നീട് ഐസിസിന്റെ തലവന്മാരായി വളരുകയായിരുന്നു. പ്രസ്തുത ക്യാംപിൽ ഇന്നത്തെ ഐസിസിന്റെ തലവൻ അബൂബക്കർ ബാഗ്ദാദിയും ഉണ്ടായിരുന്നു. 2009ൽ ഇയാളെ മോചിപ്പിക്കുന്നത് വരെ ഈ ക്യാംപിന്റെ തലവനും ബാഗ്ദാദിയായിരുന്നു. ബക്ക ക്യാംപിലെ മുൻ ഗാർഡായിരുന്ന മിട്‌ച്ചെൽ ഗ്രേയാണ് ഇക്കാര്യങ്ങൾ ഇപ്പോൾ ദി ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ലഹോമ നാഷണൽ ഗാർഡിലെ 45 ഇൻഫന്ററി ബ്രിഗേഡിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഗ്രേ കുവൈറ്റിൽ ഹെലിപകോപ്റ്റർ പറത്തിക്കാറുണ്ടായിരുന്നു. അറബിക്കിൽ നല്ല അവഗാഹവും ഗ്രേയ്ക്കുണ്ട്.

ആദ്യമായി താൻ ബക്ക ക്യാംപിൽ ലാൻഡ് ചെയ്തപ്പോൾ അവിടെ 26,000 തടവുപുള്ളകളെങ്കിലും ഉണ്ടായിരുന്നതായാണ് ഗ്രേ സാക്ഷ്യപ്പെടുത്തുന്നത്.അമേരിക്കയോടുള്ള കടുത്ത വിരോധം അവരുടെ മുഖത്ത് അന്ന് നിഴലിച്ചിരുന്നതായി ഗ്രേ ഓർക്കുന്നു. ബക്ക ക്യാംപ് ഐസിസിന്റെ പിറവിക്ക് വഴിയൊരുക്കിയെന്ന് സ്ഥാപിക്കുന്ന മറ്റ് ചില വാദഗതികളും ഇതിന് മുമ്പ് തന്നെ ഉയർന്ന് വന്നിരുന്നു. ബക്ക ക്യാംപിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ യുഎസിന് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയലിൽ ആൻഡ്രൂ തോംസണും ജെറെമി സുറിയും സാക്ഷ്യപ്പെടുത്തിയിരുന്നു. ഈ തടവിലെത്തിക്കുന്നതിന് മുമ്പ് അൽബാഗ്ദാദിയും കൂട്ടാളികളും കടുത്ത ഭീകരവാദികളായിരുന്നുവെന്നാണ് ഈ എഡിറ്റോറിയൽ സമർത്ഥിക്കുന്നത്.

അക്കാലത്ത് തന്നെ അവർ അമേരിക്കയെ ആക്രമിക്കാൻ ഉദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബക്ക ക്യാംപിൽ വച്ച് അവരുടെ ഭീകരവാദത്തിന് വളർന്ന് വലുതാകാനുള്ള അവസരം ലഭിക്കുകയുമായിരുന്നു. ഈ ക്യാംപ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള വേദിയായി മാറുകയായിരുന്നുവെന്നും പിന്നീട് അത് ഐസിസിന്റെ പിറവിയിലേക്ക് നയിക്കുകയുമായിരുന്നു. ഇതിനെല്ലാം അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നുവെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.