കോഴിക്കോട്: ആൾനൂഴിയിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പി. നൗഷാദിന്റെ ഓർമയ്ക്കു മുന്നിൽ തിരിതെളിയിച്ച് നഗരത്തിലെ ഓട്ടോഡ്രൈവർമാർ. ചായയ്ക്ക് കാത്തുനിൽക്കാതെ മരണത്തിന്റെ ഇരുട്ടിലേയ്ക്ക് നൗഷാദ് ഇറങ്ങിപ്പോയിട്ട് മൂന്ന് വർഷം തികയുകയാണ്. നൗഷാദ് മരണപ്പെട്ട ആൾനൂഴിക്കു മുൻപിലാണ് പാളയത്തെ മലബാർ ഓട്ടോ ക്ലബിന്റെ നേതൃത്വത്തിലുള്ള ഓട്ടോ ഡ്രൈവർമാർ ചേർന്നു തിരിതെളിയിച്ചത്. കൗൺസിലർ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. എ.കെ. സജീവ് കുമാർ, കെ.പി. ഷംസീർ, പി. നൂറുദ്ദീൻ, സി. സലിം എന്നിവർ പ്രസംഗിച്ചു.

ഓട്ടോ ഡ്രൈവർ പി.നൗഷാദ് പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു. ആളെ ഇറക്കി അടുത്തുള്ള സമദിന്റെ കടയിൽ ചായക്ക് ഓഡർ ചെയ്തു.ചായ എടുക്കുന്നതിനിടയിലാണ് ജയ ഓഡിറ്റോറിയത്തിന് മുന്നിൽനിന്നും നിലവിളിയും ബഹളവും കേട്ടത്. ശുചീകരന തൊഴിലാളികൾ ഓടയിൽ വീണ് മരണത്തോട് മല്ലടിക്കുന്നത് കണ്ടത്. അനവധിപേർ ദാരുണമായ ആ കാഴച്ച കണ്ട് നില്‌ക്കെ നൗഷാദിലെ മനുഷ്യ സ്‌നേഹിക്ക് അടങ്ങി നില്ക്കാനായില്ല. ഓടയിലെ മാൻ ഹോളിലേക്ക് അദ്ദേഹം ഇറങ്ങി. ചുറ്റും കൂടിനിന്ന ആളുകൾ വിലക്കിയെങ്കിലും ആ വിലക്കുകൾക്ക് അദ്ദേഹത്തേ നിയന്ത്രിക്കാൻ ആയില്ല.

അദ്ദേഹം മാൻഹോളിനടുത്ത് എത്തുമ്പോഴേയ്ക്കും ആന്ധ്ര സ്വദേശികളായ ഭാസ്‌കറും നരസിംഹവും ഓടിയേലക്കിറങ്ങി അപ്രത്യക്ഷരായിരുന്നു. അവർക്കുപിറകേ നൗഷാദും ഇറങ്ങി.ആറടിവെള്ളമുള്ള ഓടയിലേയ്ക്ക് അദ്ദേഹം അധികമധികം ഇറങ്ങിയപ്പോൾ അടുത്തുള്ള കടക്കാരും ചുറ്റും കൂടിയവരും അരുത് എന്ന് വിലക്കിയിരുന്നു.എന്നിട്ടും നൗഷാദ് തന്റെ ഏകാംഗയത്നം തുടർന്നു. ഇതിനിടെ താഴെ മുങ്ങിക്കൊണ്ടിരിക്കുന്ന ആരോ നൗഷാദിന്റെ കാലിൽ പിടിച്ചു.അതോടെ മുകളിലുള്ള പിടിവിട്ട് അദ്ദേഹം താഴെ മലിനജലത്തിന്റെ ഇരുട്ടിലേയ്ക്ക് വീണുമറഞ്ഞു.

കണ്ടങ്കുളം ജൂബിലി ഹാളിനടുത്തുള്ള സമദിന്റെ കടയിൽനിന്ന് പത്ത് മണിക്ക് പതിവായിക്കുടിക്കുന്ന ചായ കുടിക്കാതെയാണ് പി.നൗഷാദ് എന്ന സാധാരണക്കാരനായ ഓട്ടോ ഡ്രൈവർ മരണത്തിന്റെ ഭൂഗർഭത്തിലേയ്ക്ക് ഇറങ്ങിപ്പോയത്.തനിക്ക് ഒരു പരിചയവുമില്ലാത്ത രണ്ട് പേർക്ക് വേണ്ടി സ്വന്തം ജീവിതം നൽകി അദ്ദേഹം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറി. 2 ജീവനുകൾ രക്ഷിക്കാൻ ആഗ്രഹിച്ച അദ്ദേഹത്തിന് സ്വന്തം ജീവൻ നിലനിർത്താൻ ആകാതെ വന്നു. ദാരുണമായ അന്ത്യം സംഭവിച്ചത് എല്ലാവരും നോക്കി നില്ക്കവേയായിരുന്നു. അഴുക്കുചാലിൽനിന്നും അവർ പിടയുന്നതും അപ്രത്യക്ഷമാകുന്നതും, ശ്വസം കിട്ടാതെ പോകുന്നതുമെല്ലാം പിന്നെ കണ്ടുനിന്നവരെ നടുക്കുന്ന കാഴ്‌ച്ചകൾ.

ഭാസ്‌കറിന്റെയും നരസിംഹത്തിന്റേയും ശരീരങ്ങളാണ് ആദ്യം കിട്ടിയത്.അവരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞ് പതിനഞ്ച് മിനിട്ട് കഴിഞ്ഞാണ് നൗഷാദിന്റെ ശരീരം ലഭിച്ചത്.ഓടയിൽ ഏറ്റവുമധികം നേരം ശ്വാസംമുട്ടിക്കിടന്നത് രക്ഷകനായി ഇറങ്ങിയ സാധാരണക്കാരനായ ഈ മനുഷ്യനായിരുന്നു. ചലനമറ്റനിലയിലായിരുന്നു അപ്പോൾ നൗഷാദ്. അൽപ്പസമയം കഴിഞ്ഞപ്പോഴേയ്ക്കും നൗഷാദും മരിച്ച വിവരം എത്തി. അപ്പോഴും അദ്ദേഹത്തിന്റെ കെ.എൽ.11, എസ് 6693 നമ്പറിലുള്ള ഓട്ടോറോക്ഷ സമദിന്റെ ചായക്കടക്കു മുമ്പിൽ അനാഥമായിക്കിടന്നു. നൗഷാദിനു വേണ്ടി പകർന്ന ചായ തണുത്തു കഴിഞ്ഞിരുന്നു. നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ അപൂർവ്വമായ മനുഷ്യസ്നേഹത്തെ നമിച്ചാണ് ജനം സംഭവസ്ഥലത്തുനിന്നും പിരിഞ്ഞത്.