- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതീ പ്രവേശനത്തിൽ പാർട്ടി പിന്നോട്ടെങ്കിലും നവോത്ഥാനം വിട്ടുകളിക്കാൻ മുഖ്യമന്ത്രിയില്ല! നവോത്ഥാന സമിതി യോഗം വീണ്ടും ചേർന്നു; പുന്നല ശ്രീകുമാർ സ്ഥാനമൊഴിഞ്ഞപ്പോൾ പുതിയ കൺവീനറെ നിയമിച്ചു; സമിതിക്കായി ഭരണഘടന തയ്യാറാക്കും; വർഗീയമായ പിന്തിരിപ്പൻ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സംസ്ഥാന സർക്കാർ രൂപം കൊടുത്തത്. കോടികൾ മുടക്കിയ ഈ സമിതിക്ക് നേരെ നിരവധി വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ഈ സമിതിയുടെ ഭാഗമായവർ പുറത്തുപോയി പച്ചയായ വർഗീയതയും പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ ശബരിമല വിവാദത്തിൽ നിന്നും കരകയറാൻ വേണ്ടി സിപിഎം യുവതീപ്രവേശന വിഷയത്തിൽ യുടേൺ അടിച്ചു. യുവതികൾ ശബരിമലയിൽ പ്രവേശിക്കേണ്ടെന്ന നിലപാടിലേക്കാണ് പാർട്ടി പോയതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാനം വിട്ടൊരു കളിക്കുമില്ല.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കായി സർകകാർ ഭരണഘടന തയ്യാറാക്കുകയാണ് ഇപ്പോൾ. സംഘടന രജിസ്റ്റർ ചെയ്ത് സമിതി ഔദ്യോഗികമായി പ്രവർത്തിക്കാനും തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായി വിളിച്ചുചേർത്ത സമിതി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗം, സമിതിയിൽ അംഗമായ സഹസംഘടനകൾക്ക് കരട് ഭരണഘടന ചർച്ചക്കും അഭിപ്രായം അറിയാനുമായി വിതരണം ചെയ്തു. കേരളീയ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയാണ് സമിതി ഉദ്ദേശ്യലക്ഷ്യമായി കരട് ഭരണഘടനയിൽ പറയുന്നത്.
സമൂഹത്തിൽ നിന്ന് അന്ധവിശ്വാസവും അനാചാരവും തുടച്ചുനീക്കുക, സ്ത്രീ-പുരുഷ-ഭിന്നലിംഗ സമത്വം നടപ്പാക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളായി വിവരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഭരണഘടന സംരക്ഷണ ദിനത്തിന്റെ സംസ്ഥാനതല പ്രചാരണ ഉദ്ഘാടനം അന്നേ ദിവസം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന്, ജില്ലതല സമിതി രൂപവത്കരിച്ച് ഭരണഘടന സംരക്ഷണ ദിന പ്രചാരണങ്ങൾ സംഘടിപ്പിക്കും.
ഭരണഘടന സംരക്ഷണവും നിയമ സാക്ഷരതയും മുഖ്യലക്ഷ്യമായി സമിതി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിലോമ കാര്യങ്ങളെ തുറന്നുകാട്ടണം. സാമൂഹിക നീതിയിലധിഷ്ഠിതമായ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ സംസ്ഥാന കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞതിനെ തുടർന്ന് പി. രാമഭദ്രനെ കൺവീനറായി തെരഞ്ഞെടുത്തു. സമിതി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പങ്കെടുത്തു. കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് പൊതുതെരഞ്ഞെടുപ്പ് വന്നതോടെ സമിതി പ്രവർത്തനം മന്ദീഭവിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വൻ എതിർപ്പുകളെ നേരിടാനായിരുന്നു സർക്കാർ മുൻകയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീർത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിർജ്ജീവമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വർഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീരണം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽകണ്ട് വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് സമിതി വീണ്ടും പൊടി തട്ടിയെടുക്കുന്നത് വഴി സർക്കാർ ലക്ഷ്യമിടുന്നത്.
ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി നടത്തുന്നത് മാതൃക പരമായ പ്രവർത്തിയാണ്.സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികൾ ഇപ്പോഴും സജീവമാണ്..ലിംഗ തുല്യതയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നു. തിനെതിരെ പ്രതിരോധം തീർക്കണം.ഏതും വർഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു.വർഗീയമായ കണ്ണുകളിലൂടെ പിന്തിരിപ്പൻ പ്രചാരണം ഉണ്ടാകുന്നു.ഇത് അപകടകരമാണ്.ഇതിനെതിരെ വലിയ പ്രചാരണം വീണ്ടും ഉയർത്തണം.
സ്ത്രീ പുരുഷ സമത്വത്തിന്റെ കാഴ്‌ച്ചപ്പാട് അംഗീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങളിൽ തന്നെ ലിംഗ നീതി ഉറപ്പാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്..തുല്യത ഉറപ്പാക്കാനുള്ള ഭരണഘടനക്ക് എതിരെ രാജ്യത്ത് ആസൂത്രിത നീക്കം നടക്കുന്നു ഭരണഘടനക്ക് എതിരായ നീക്കം നമ്മുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ഉള്ള നീക്കമായി തിരിച്ചറിയണം.ഭരണ ഘടന സംരക്ഷണം നവോത്ഥാന സമിതിയുടെ പ്രധാന അജൻഡ ആക്കണം .
അടുത്ത 25 വർഷം കൊണ്ട് വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ ആണ് സർക്കാർ നീങ്ങുന്നത്.ചില കാര്യങ്ങൾ ആദ്യം കേൾക്കുമ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം അല്ലെ എന്ന ചോദ്യം ഉയരാം.കിഫ്ബിയെ കുറിച്ച് ആദ്യം ഉയർന്നതും സമാന സമാന സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ