ന്യൂയോർക്ക്: കശ്മീർ പ്രശ്‌നത്തിൽ ജനഹിതപരിശോധന വേണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം. യുഎൻ പൊതുസഭയിലാണ് അന്താരാഷ്ട്ര സമൂഹം കശ്മീർ പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നവാസ് ഷെരീഫ് പ്രസംഗം നടത്തിയത്.

പ്രതിപക്ഷത്തു നിന്നും സൈന്യത്തിൽ നിന്നും ഇക്കാര്യത്തിൽ കടുത്ത സമ്മർദ്ദം നേരിടുന്ന പാക് പ്രധാനമന്ത്രി കശ്മീർ പ്രശ്‌നം യുഎന്നിൽ അവതരിപ്പിക്കുമെന്നത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. പാക്കിസ്ഥാനിൽ തന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നവാസ് ഷെരീഫിന്റെ ഭാഗത്തുനിന്നുണ്ടായത്.

യുഎൻ രക്ഷാസമിതി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. തക്കതായ പ്രമേയങ്ങളിലൂടെ കാശ്മീലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. ദീർഘനാളായി യുഎൻ നേരിടുന്ന തർക്ക വിഷയമാണ് കാശ്മീർ. മേഖലയിലെ പ്രശ്‌നപരിഹാരത്തിന് ജനഹിത പരിശോധന ആവശ്യമാണ്. പ്രശ്‌നത്തിന് ചർച്ചകളിലൂടെ പരിഹാരം കാണാൻ പാക്കിസ്ഥാൻ ഒരുക്കമാണെന്നും ഷെരീഫ് പറഞ്ഞു.

ജമ്മു കശ്മീരിൽ ജനഹിത പരിശോധന വേണമെന്ന് 60 വർഷം മുമ്പ് യുഎൻ പ്രമേയം പാസാക്കിയിരുന്നു. ആ ഉറപ്പ് നിറവേറുമെന്ന പ്രതീക്ഷയിലാണ് കശ്മീർ ജനത. കശ്മീരികൾ പല തലമുറകളിലായി കലാപവും മൗലികാവകാശ ലംഘനവും നേരിടുകയാണ്. സ്ത്രീകളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. സ്വയം നിർണ്ണയത്തിനുള്ള കശ്മീർ ജനതയുടെ അവകാശത്തിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്. കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടുകയെന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഷെരീഫ് പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള വിദേശകാര്യ സെക്രട്ടറിതല ചർച്ച ഇന്ത്യ റദ്ദാക്കിയതിനെയും ഷെരീഫ് അപലപിച്ചു. സെക്രട്ടറിതല ചർച്ച റദ്ദാക്കിയതിൽ പാക്കിസ്ഥാന് ഖേദമുണ്ടെന്നും മറ്റൊരു അവസരനിഷേധമായാണ് ലോകസമൂഹം ഇതിനെ വിലയിരുത്തുന്നതെന്നുമായിരുന്നു ഷെരീഫിന്റെ പ്രസ്താവന.

നേരത്തെ യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂണുമായും ഇക്കാര്യത്തിൽ നവാസ് ഷെരീഫ് ചർച്ച നടത്തിയിരുന്നു. ആദ്യ അമേരിക്കൻ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ അവസരത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമായി.