കറാച്ചി: നിർബന്ധിത മതപരിവർത്തനവും മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ തകർക്കുന്നതും മറ്റും ഇസ്ലാമിക വിരുദ്ധമാണെന്നും ജാതിയും മതവും നോക്കാതെ മനുഷ്യനെ ഉൾക്കൊള്ളുന്നതാണ് ഇസ്ലാമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഹോളി ദിനത്തിൽ പാക്കിസ്ഥാനിലെ ഹിന്ദു കമ്യൂണിറ്റിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്. ആരു സ്വർഗത്തിൽ പോകും ആരു നരകത്തിൽ പോകും എന്നതൊന്നും ആർക്കും പറയാൻ സാധിക്കില്ലെന്നും എന്നാൽ പാക്കിസ്ഥാനെ ഭൂമിയിലെ സ്വർഗമാക്കാനാണ് പൗരന്മാർ ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ആരേയും നിർബന്ധിച്ച് മതപരിവർത്തനം നടത്തരുതെന്നും ജാതിയും മതവും നോക്കാതെ എല്ലാവർക്കും തുല്യപരിഗണന ഇസ്ലാം മതം നൽകുന്നുണ്ടെന്നും ഹോളി ദിന സന്ദേശത്തിൽ നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി. ഇസ്ലാം മതപ്രകാരം നിർബന്ധിത മതപരിവർത്തനം കുറ്റകരമാണെന്നും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ സംരക്ഷിക്കേണ്ടത് പാക് പൗരന്മാരുടെ കടമയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാക്കിസ്ഥാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഭീകരവാദത്തോട് ആണ്. മതത്തിന്റെ പേരിൽ രാജ്യത്ത് അക്രമം ഉണ്ടാകാൻ പാടില്ല. ഏതെങ്കിലും തരത്തിൽ യുദ്ധം ഉണ്ടെങ്കിൽ അത് ഭീകരരോടും മതത്തിന്റെ പേരിൽ ആൾക്കാരെ വഴിതെറ്റിക്കുന്നവരോടുമാണ്. മതത്തിന്റെ പേരിൽ നിരപരാധികളെ കൊല്ലുകയും രാജ്യത്തിന്റെ ഉന്നതിക്ക് തടസം നിൽക്കുന്നവരുമായിട്ടായിരിക്കും പാക്കിസ്ഥാൻ പൊരുതുക. ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത നേതാക്കന്മാർ പങ്കെടുത്ത ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പ് ചില ഭീകരർ മതത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഏതു മതത്തിൽ പെട്ടവർക്കും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും അതനുസരിച്ചു ജീവിക്കാനുള്ള ഇടമായിട്ടാണ് പാക്കിസ്ഥാൻ സൃഷ്ടിക്കപ്പെട്ടതെന്നും ഷെരീഫ് ഓർമപ്പെടുത്തി. ഏതെങ്കിലും പ്രത്യേക മതത്തിന് പാക്കിസ്ഥൻ എതിരല്ല. ഒരു മതം മറ്റൊന്നിനെക്കാൾ താഴ്ന്നത് എന്നു കരുതുന്നത് തന്നെ ശരിയല്ല. ഏതു മതത്തിൽ പെട്ടവർക്കും കുടുംബസമേതം സുരക്ഷിതമായും സന്തോഷകരമായും ജീവിക്കാനുള്ള ഒരിടമായി പാക്കിസ്ഥാൻ മാറണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

പാക്കിസ്ഥാനിലെ പ്രാന്തപ്രദേശങ്ങളിലുള്ള ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നു എന്ന പരാതി ശക്തമായതിനെ തുടർന്നാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച സന്ദേശം നൽകിയത്. ചിലയിടങ്ങളിൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും നിർബന്ധിതമായി മതപരിവർത്തനം നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.