ന്യൂയോർക്ക്: ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കൾ പൊതുസ്ഥലത്തുവച്ച് കണ്ടുമുട്ടിയാൽ എങ്ങനെയാകും ഉപചാരം കാണിക്കുക? പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തുവച്ച് കണ്ടപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് അതായിരുന്നു. മോദിയെ കണ്ടയുടൻ നവാസ് ഷെരീഫ് കൈയുയർത്തി അഭിവാദ്യം ചെയ്തു. അതേ രീതിയിൽ പ്രത്യഭിവാദ്യം ചെയ്ത് മോദി മര്യാദ കാട്ടി.

ആദ്യം കൈയുയർത്തി കാണിച്ചത് നവാസാണ്. മോദി പ്രത്യഭിവാദ്യം ചെയ്‌തെങ്കിലും നവാസ് അത് കണ്ടില്ല. ഏതാനും നിമിഷങ്ങൾക്കുശേഷം പുഞ്ചിരിച്ചുകൊണ്ട് മോദി വീണ്ടും കൈകൾ വീശി. അപ്പോൾ നവാസും അതേ രീതിയിൽ പുഞ്ചിരിയോടെ കൈകൾ വീശി അയൽക്കാരനെ സന്തുഷ്ടനാക്കി. ന്യുയോർക്കിൽ മോദിയും നവാസുമായുള്ള ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്.

യു.എൻ.ഉച്ചകോടിക്ക് മുമ്പുതന്നെ, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കൾ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നതെങ്കിലും അത്തരമൊരു നീക്കം ഇരുനേതാക്കളും നടത്തിയിരുന്നില്ല. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയതുമുതൽ ഇരുരാജ്യങ്ങളുമായുള്ള ബന്ധം നയതന്ത്ര തലത്തിൽ അത്ര ഊഷ്മളമായിരുന്നില്ല.

നേതാക്കൾ തമ്മിലുള്ള വ്യക്തിബന്ധം സ്ഫുരിക്കുന്നതായിരുന്നു മോദിയും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച. കണ്ടയുടൻ പരസ്പരം ആശ്ലേഷിച്ചുകൊണ്ടാണ് ഇരുനേതാക്കളും സൗഹൃദം പങ്കിട്ടത്. അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിലുണ്ടായ അടുപ്പവും ഊഷ്മളതയും പ്രതിഫലിക്കുന്നതായിരുന്നു ഈ ദൃശ്യങ്ങൾ.

സ്വാതന്ത്ര്യദിനത്തിന് ഇന്ത്യയുടെ അതിഥിയായി ന്യൂഡൽഹിയിലെത്തിയതുൾപ്പെടെ മൂന്നാം തവണയാണ് മോദിയും ഒബാമയും കൂടിക്കാണുന്നത്.