കണ്ണൂർ: കള്ളപ്പണവും കള്ളനോട്ടും നാടെങ്ങും ചർച്ചയാകുമ്പോൾ ഒരു നൂറ് രൂപ കള്ളനോട്ടിലൂടെ ഒരു തീവ്രവാദി സംഘത്തെ പിടികൂടിയ സംഭവം ഇന്നും പ്രസക്തമാകുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ വധിക്കാനും നാട്ടിലെങ്ങും കലാപം സൃഷ്ടിക്കാനും ശ്രമിച്ച തീവ്രവാദി സംഘത്തെ പിടികൂടിയത് നൂറ് രൂപ കള്ളനോട്ടുമായി ഒരു പയ്യൻ പലചരക്കു സാധനങ്ങൾ വാങ്ങുമ്പോഴായിരുന്നു.

1999 ഓഗസ്ത് മാസം കണ്ണൂർ പള്ളിക്കുന്നിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കടയുടമക്ക് സംശയം തോന്നിയതിനെ തുടർന്ന് ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുപത് വയസ്സുപോലും തികയാത്ത എറണാകുളത്തെ ഇസ്മയിലായിരുന്നു അന്ന് കള്ളനോട്ടുമായി പിടികൂടപ്പെട്ടത്. ഇപ്പോൾ ബോംബ് ഇസ്മയിലെന്ന പേരിൽ അറിയപ്പെടുന്ന ഇയാൾക്കൊപ്പം പള്ളിക്കുന്നിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് അബ്ദുൾ നാസർ മദനിയുടെ ശിഷ്യന്മാരുമുണ്ടായിരുന്നു.

മദനിയുടെ സുരക്ഷാ തലവൻ അമീറലി എന്ന ഹമീദ് മാഷ്, തടിയന്റവിടെ നസീർ, ഹബ്ദുൾ ഹാലീം, താജുദീൻ, സത്താർ ബായ് എന്ന സൈനുദ്ദീൻ, ചപ്പ അസീസ്, അയൂബ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. തീവ്രവാദപ്രവർത്തനങ്ങളും അവരിലൂടെയുള്ള കള്ളനോട്ടുവിതരണവും ഇക്കഴിഞ്ഞ 17 വർഷത്തിനിടെ കൂടിയിട്ടേയുള്ളൂ. എന്നാൽ നോട്ട് അസാധുവാക്കലിന് തൊട്ടുമുമ്പും അതിനുശേഷവും സഹകരണ ബാങ്കുകളോ പൊതുമേഖലാബാങ്കുകളോ കള്ളനോട്ടുകൾ ലഭിച്ചെന്ന വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് കണ്ണൂർ ഡിവൈ.എസ്‌പി. പി.പി. സദാനന്ദൻ പറയുന്നു.

കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കുന്നതിന് വേണ്ടി വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും മുഖ്യമന്ത്രി നായനാരെ വധിക്കാനുമായിരുന്നു പ്രതികൾ ഗൂഢാലോചന നടത്തിയത്. മദനിയെ താനാണ് പിടിച്ചു കൊടുത്തത് എന്ന് പ്രഖ്യാപിച്ച് പ്രസംഗം നടത്തിയ മുഖ്യമന്ത്രി നായനാരെ വധിക്കുന്നതിന് എട്ടു പേരാണ് സംഘത്തിൽ പ്രവർത്തിച്ചിരുന്നത്.

പള്ളിക്കുന്നിലെ വാടകവീട്ടിൽ നിന്നും അലൂമിനിയം സാധനങ്ങളും ക്ലോക്കുകളും വീടുവീടാന്തരം കയറി വില്പന നടത്തുന്നു എന്ന വ്യാജേന ഇവർ കള്ളനോട്ടുകളും വിനിമയം നടത്തിയിരുന്നു. ഇവർ അന്ന് ചെലവഴിച്ചിരുന്ന തുകയിൽ ഭൂരിഭാഗവും കള്ളനോട്ടുകളായിരുന്നു. ഇസ്മയിൽ കടയിൽ നിന്നും തുടർച്ചയായി നൂറ് രൂപ നോട്ട് കൊണ്ടുവരുന്നതിൽ കടക്കാരന് സംശയം തോന്നിയതിനാലാണ് തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചത്.

1999 ഓഗസ്ത് 12 ന് കണ്ണൂർ ടൗൺ സിഐ പി.പി. ഉണ്ണിക്കൃഷ്ണൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ഒരു നൂറ് രൂപ കള്ളനോട്ടിലൂടെ പിടിയിലായ യുവാവ് തീവ്രവാദ പ്രസ്ഥാനത്തിന്റെ കണ്ണിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കുന്നതിന് സർക്കാറിനെ പ്രേരിപ്പിക്കാൻ അട്ടിമറി -വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും വധിക്കാനും ഗൂഢാലോചന നടത്തിയതാണെന്നാണ് റിപ്പോർട്ടിൽ. മൊത്തം എട്ട് പ്രതികളുള്ള ഈ കേസിൽ തടിയന്റവിടെ നസീർ രണ്ടാം പ്രതിയാണ്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടിരുന്നു.

കേസിലെ പ്രതികൾക്കു പിന്നീട് കോഴിക്കോട്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ബോംബ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലഷ്‌ക്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്നു തടയന്റവിടെ നസീർ. ഈ സംഘം വളർത്തിയെടുത്ത യുവാക്കൾ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ വച്ച് ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ സംഭവവുമുണ്ടായിരുന്നു. ഒരു നൂറ് രൂപ കള്ളനോട്ടിൽനിന്നാരംഭിച്ച അന്വേഷണമാണു് രാജ്യത്തെയാകെ ഞെട്ടിച്ച തീവ്രവാദ കേസിലെ പ്രതികളെ കുടുക്കാൻ സഹായകമായത്.

എന്നാൽ നോട്ടുകൾ അസാധുവാക്കൽ നടക്കുമ്പോഴും കള്ളനോട്ടുകളുമായി എത്തുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കാൻ സഹകരണ ബാങ്കുകളോ പൊതുമേഖലാ ബാങ്കുകളോ ശ്രമിക്കുന്നില്ല. ഏത് കസ്റ്റമർ കറൻസിയുമായി എത്തിയാലും അതിൽ കള്ളനോട്ടുണ്ടെങ്കിൽ അവരുടെ മുന്നിൽ വച്ച് നെടുകെ കീറി പാതി തിരിച്ചു നൽകുകയാണ് പതിവ്. ഇടപാടുകാരിൽ ഒറ്റപ്പെട്ട കുറ്റവാളികളുണ്ടാകാമെങ്കിലും അവരെ കണ്ടെത്തണമെന്ന ആലോചന ബാങ്കധികൃതർക്കുണ്ടാവില്ല.

ആരു കൊണ്ടുവരുന്ന കള്ളനോട്ടുകളും അവിടെ വച്ചു തന്നെ നശിപ്പിച്ച് പൊല്ലാപ്പൊഴിവാക്കുകയാമ് ബാങ്കുകാർ ചെയ്യുന്നത്. ഈ പഴുതിലൂടെ രക്ഷപ്പെടുന്നത് വമ്പൻ കള്ളനോട്ടു പ്രതികളും തീവ്രവാദികളുമായിരിക്കും.