കോഴിക്കോട്: സത്യസന്ധതതും ആത്മർഥതയും അർപ്പണബോധവുമൊക്കെ ഉണ്ടാവാൻ കൂടി വേണ്ടിയാണല്ലോ മിക്ക രക്ഷിതാക്കളും കുട്ടികളെ എൻ.സി.സി പോലുള്ള സംഘടനകളിൽ ചേർക്കുന്നത്. എന്നാൽ ഒരു വിദ്യാർത്ഥിയുടെ ദാരുണ മരണത്തിൽപോലും തുടർച്ചയായി പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നവരാണ് എൻ.സി.സി അധികൃതർ എന്നുവന്നാലോ? കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്‌സിൽ സൈനിക പരിശീലനത്തിനിടെ എൻ.സി.സി കേഡറ്റ് കൊല്ലം സ്വദേശി ധുനുഷ് കൃഷ്ണ (18) വെടിയേറ്റുമരിച്ചതിന്റെ അന്വേഷണം വെളിപ്പെടുത്തുന്നത് അതാണ്.

ക്യാമ്പിൽ പരിശീലനത്തിനിടെ ഒരു തിര കാണാതായെന്നത് കെട്ടുകഥയാണെന്നാണ് സൈനിക അന്വേഷണത്തിൽ തെളിയുന്നത്. ഒരു തിര കാണാതായാൽ അത് കണ്ടെടുക്കാതെ തുടർ പരിശീലനം പാടില്ലെന്നാണ് നിയമം. ഫയറിങ് റേഞ്ചിൽ കൊണ്ടുവരുന്ന ആയുധങ്ങൾക്ക് ഒരു സെൻട്രി സദാ കാവൽ നിൽക്കണമെന്നും നിയമമുണ്ട്. എന്നാൽ കോഴിക്കോട്ട് ഇത് പാലിച്ചിട്ടിലെന്ന് സെനികതല അന്വേഷണത്തിൽ കണ്ടത്തെി.

ഉച്ചയൂണിനുപോയി ഒറ്റക്ക് മടങ്ങിയ ധനുഷ്, തോക്കെടുത്ത് പരിശോധിക്കവെ, ഒളിപ്പിച്ചുവച്ച തിര ഉപയോഗിച്ച് വെടിവച്ചതാണെന്നാണ് അധികൃതർ പൊലീസിന് നൽകിയ മൊഴി. ധനുഷ് കാലുകൊണ്ട് ട്രിഗർ അമർത്തിയപ്പോൾ വെടിയേറ്റതാവാമെന്നും അധികൃതർ മൊഴിനൽകിയിരുന്നു. ധനുഷ് മരിമ്പോൾ ബൂട്ടടക്കം യൂനിഫോം ധരിച്ചിരുന്നതായി അധികൃതർ സമ്മതിക്കുന്നുണ്ട്. ബൂട്ടിട്ട കാലുകൊണ്ട് ട്രിഗർ അമർത്താൻ കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. സംഭവത്തിൽ സൈനികതല അന്വേഷണം നടത്തുന്ന ബ്രിഗേഡിയർ രജനീഷ് സിൻഹയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് നിർമലഗിരി കോളജിൽ കഴിഞ്ഞ സെപ്റ്റംബർ 10ന് വടകര കുരിക്കിലാട് സ്വദേശി മുഹമ്മദ് അനസ് (18) വെടിയേറ്റ് മരിച്ചതിന്റെ അന്വേഷണ റിപ്പോർട്ടിലും അധികൃതരുടെ കള്ളക്കളികൾ വ്യക്തമാക്കുന്നുണ്ട്. സഹ വനിതാ കാഡറ്റിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റന്നൊയിരുന്നു എൻ.സി.സിയുടെ പ്രചാരണം. എന്നാൽ, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ കമാൻഡിങ് ഓഫിസർക്ക് (ജെ.സി.ഒ) കൈയബദ്ധം സംഭവിച്ചതാണെന്നാണ് സൈനികതല അന്വേഷണ റിപ്പോർട്ട്. ഇയാൾക്കെതിരെ ഉടൻ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം.

കല്ലിക്കണ്ടി എൻ.എ.എം കോളജ് ഒന്നാംവർഷ ബി.കോം വിദ്യാർത്ഥിയായ മുഹമ്മദ് അനസിന് ജെ.സി.ഒയിൽനിന്ന് വെടിയേറ്റിട്ടും അധികൃതർ വിവരം മൂടിവെക്കുകയായിരുന്നു. വനിതാ കാഡറ്റിന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്ന പ്രചാരണം നടത്തി മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച അധികൃതർ, ഈ കേഡറ്റിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. കൂത്തുപറമ്പ് പൊലീസ് മൊഴിയെടുത്ത വേളയിലും വനിതാ കാഡറ്റിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയെന്ന മൊഴിയാണ് മറ്റു കേഡറ്റുകൾ നൽകിയത്. ഇത് അധികൃതരുടെ സമ്മർദം മൂലമാണെന്ന് സൈനികതല അന്വേഷണത്തിൽ കണ്ടത്തെി. രക്ഷപ്പെടാൻവേണ്ടി കഥ മെനഞ്ഞതാണെന്ന് ജെ.സി.ഒ സമ്മതിച്ചതായും സൈനിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നട്ടെല്ലിന് വെടിയേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനസിനെ പിന്നീട് ബംഗളൂരുവിലെ എയർഫോഴ്‌സ് ആശുപത്രിയിലേക്ക് മാറ്റിയതും കേസ് അട്ടിമറിക്കാനായിരുന്നെന്നാണ് സംശയം. അനസിന്റെ ബന്ധുക്കൾ വിവരാവകാശ നിയമപ്രകാരം ചികിത്സാരേഖകൾ ആവശ്യപ്പെട്ടിട്ടും എയർഫോഴ്‌സ് ആശുപത്രി അധികൃതർ നൽകിയിട്ടില്ല. ജെ.സി.ഒയിൽ നിന്ന് വെടിയേറ്റതാണെന്ന അന്വേഷണ റിപ്പോർട്ട് ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. കുറ്റം കണ്ടത്തെിയാലും വകുപ്പുതല നടപടിയിൽ ഒതുക്കുന്നതല്ലാതെ റിപ്പോർട്ട് പൊലീസിന് കൈമാറുന്ന രീതി എൻ.സി.സിക്കില്ല. ജെ.സി.ഒയിൽനിന്ന് വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചതിനാൽ സൈനിക വെൽഫെയർ ഫണ്ടിൽനിന്ന് ലഭിക്കേണ്ട മൂന്നരലക്ഷം രൂപയുടെ ധനസഹായം അനസിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. ദുരന്തം സംഭവിച്ചാലുടൻ യഥാർഥവിവരം മറച്ചുവച്ച് പൊലീസ് അന്വേഷണം അട്ടിമറിക്കുന്ന പതിവുരീതി ധനുഷ് കൃഷ്ണയുടെ കാര്യത്തിലും സംഭവിച്ചതായാണ് പൊതുവെ കരുതുന്നത്.