ചെന്നൈ: മന്നാർ ഗുഡി മാഫിയക്ക് കനത്ത പ്രഹരമായി ജയലളിതയുടെ തോഴി ചിന്നമ്മയുടെയും ബന്ധുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 1430 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടെത്തി. എന്നാൽ കണ്ടെത്തിയ വിവരങ്ങളിൽ പരിശോധന തുടരുന്നതിനാൽ ഔദ്യോഗികമായി ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതിലും എത്രയോ അധികമാണ് പിടിച്ചെടുത്ത പണത്തിന്റെയും സ്വർണവും വജ്രവും ഉൾപ്പെടെയുള്ള ആഭരണങ്ങളുടേയും ശേഖരവും എന്ന വിവരമാണ് പുറത്തുവരുന്നത്.

അഞ്ചുദിവസമായി തമിഴ്‌നാട്ടിലും കർണാടകത്തിലുമായി 187 ഇടങ്ങളിൽ ശശികല കുടുംബത്തിന്റെ വിവിധ ഗ്രൂപ്പുകളിലെ സ്ഥാപനങ്ങളിൽ പരിശോധന നടന്നുവരികയാണ്. പണമായി ഏഴുകോടി രൂപയും അഞ്ചുകോടിയുടെ സ്വർണവും പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1800ൽപ്പരം ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് പരിശോധന നടന്നത്.

ശശികലയുടെ സഹോദരൻ ദിവാകരന്റെ കോളേജ് ഹോസ്റ്റലിൽ നിന്നും 65 ലക്ഷം രൂപ പണമായി പിടിച്ചെടുത്തു. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഒളിപ്പിച്ച നിലയിൽ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മൂല്യം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ഇത്തരത്തിൽ പിടിച്ചെടുത്തവയെല്ലാം സീൽ ചെയ്ത് മാറ്റിയിരിക്കുകയാണ്.

ശശികലയുടെ സഹോദരി ഇളവരശിയുടെ മകനും ജയ ടിവിയുടെ എംഡിയുമായ വിവേകിന്റെ പേരിൽ അറുപതോളം വ്യാജ കമ്പനികൾ (ഷെൽ കമ്പനികൾ) രൂപീകരിച്ച് വൻതോതിൽ നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്രത്തോളം തുക ഈ കമ്പനികളുടെ മറവിൽ നികുതിവെട്ടിച്ച് വെളുപ്പിച്ചുവെന്ന വിവരമാണ് അന്വേഷിക്കുന്നത്. പ്രവർത്തനം നിർത്തിയ കമ്പനികളാണ് ഇവയിൽ പലതും.

നോട്ടുനിരോധന കാലത്ത് വൻതോതിൽ കള്ളപ്പണം ഇവയുടെ അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചെടുത്തുവെന്നും വ്യക്തമായിട്ടുണ്ട്. കൂടുതൽ അ്‌ന്വേഷണത്തിലൂടെയെ ഇത് എത്രത്തോളമെന്ന വിവരം പുറത്തുവരൂ. ശശികല കുടുംബം കള്ളപ്പണം വെളുപ്പിച്ചത് ഈ കമ്പനികളിലൂടെ ആണെന്ന അനുമാനമാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. പിടിച്ചെടുത്ത രേഖകളും മറ്റു വസ്തുക്കളും തിട്ടപ്പെടുത്തുന്ന മുറയ്ക്കാവും എത്രത്തോളം വ്യാപ്തിയുണ്ട് മന്നാർ ഗുഡി മാഫിയയുടെ തട്ടിപ്പുകൾക്ക് എന്ന് വ്യക്തമാകൂ.

ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കൾ ഏതാണ്ട് പൂർണമായും കൈവശപ്പെടുത്തിയത് ശശികലയും കൂട്ടരുമാണ്. ഇപ്പോൾ ശശികല സ്വത്തു തട്ടിപ്പു കേസിൽ അകത്തായതോടെയാണ് ഇവരുടെ സ്വത്തുക്കളുടെ പരിശോധന നടത്തുന്നത്. വൻതോതിൽ നികുതി വെട്ടിപ്പുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ആദായനികുതി റെയ്ഡ് തുടങ്ങിയത്. ഏതായാലും രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയായി ഇത് മാറുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.