കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൊക്കെയ്നുമായി ഫിലിപ്പൈൻസ് യുവതി ജൊഹന്ന (36)യെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽപെട്ട കണ്ണിയാണ് 25 കോടിയുടെ കൊക്കെയ്‌നുമായി പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്കായി മയക്കുമരുന്നുകൾ എത്തിക്കുന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, 25 കോടിയുടെ കൊക്കെയ്‌നുമായി യുവതി എത്തിയതുകൊച്ചിയിലെ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ ഇടപെടലിന് കൃത്യമായ തെളിവാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ബ്രസീലിൽ നിന്നാണ് ഇവർ കൊക്കെയ്ൻ എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ ഇവർക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ കൊക്കെയ്ൻ എത്തിക്കാനായിരുന്നു യുവതിക്ക് ലഭിച്ചിരുന്ന നിർദ്ദേശം. ഇവിടെ മുറി ബുക്ക് ചെയ്തത് ആരെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നേക്കും. ഇതിന്റെ അടിസ്ഥാനത്തിലെ കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.

മുൻപ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് കൊക്കെയ്നുമായി ഫിലിപ്പൈൻസ് യുവതി വരുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ജാഗ്രത പാലിച്ചിരുന്നു. അറസ്റ്റിലായ ഫിലിപ്പൈൻസ് യുവതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രതീക്ഷ. അടുത്തിടെ പിടിയിലായ രണ്ടു വിദേശികൾ ഉൾപ്പടെ മൂന്ന് പേർ മയക്കുമരുന്ന് കടത്തിന് നെടുമ്പാശേരിയിൽ പിടിയിലായിട്ടുണ്ട്. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിന്റെ കാരിയർമാർ മാത്രമാണു പിടിയിലായിട്ടുള്ളവർ. ഇവിടെയുള്ള ഏജന്റമാർക്കു മയക്കുമരുന്നു എത്തിക്കുകയാണ് ഇവരുടെ ജോലി.

തിങ്കളാഴ്ചയാണ് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പൈൻസ് ജൊഹാന്ന അറസ്റ്റിലായത്. ക്രിസ്മസ് പുതുവൽസര ആഘോഷങ്ങൾ ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ നേരത്തെ തന്നെ സജീവമായിരുന്നു. ക്രിമിനലുകൾക്ക് പുറമെ, സ്‌കൂൾ വിദ്യാർത്ഥികളും ബിരുദധാരികളും ഐ ടി മേഖലയിലെ പ്രഫഷണലുകളും വരെ ലഹരി വസ്തുക്കളുടെ ശേഖരണവും വിപണനവുമായി ബന്ധപ്പെടുന്നുണ്ട്.

വൻ വിലയുള്ള ലഹരി പദാർത്ഥങ്ങളുമായി വിദേശികളും ഈ രംഗത്ത് സജീവമാണ്. സ്വർണം കള്ളക്കടത്തിന് കുപ്രസിദ്ധമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം മയക്കുമരുന്ന് കടത്തലിന്റെയും പ്രധാന കവാടമായി മാറിയിട്ടുണ്ട് ഇപ്പോൾ. അഞ്ച് കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന വെനസ്വേല സ്വദേശിയിാണ് ഫിലിപ്പീൻസ് സ്വദേശിക്ക് മുമ്പിൽ വിമാനത്താവളത്തിൽ പിടിയിലായത്. 110 ഗുളികകളാണ് ഇയാൾ വിഴുങ്ങിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണിയായിരുന്നു ഇയാളും.

ഒക്ടോബറിൽ 27 കോടിയുടെയും ഓഗസ്റ്റിൽ 110 കോടിയുടെയും എഫഡ്രിൻ എന്ന മയക്കുമരുന്ന് വിമാനത്താവളത്തിൽ പിടിച്ചിരുന്നു. വില കൂടിയ എൽഎസ്ഡി, കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഓൺലൈൻ കച്ചവട രീതിയാണ് ഇപ്പോൾ ഏറെയും. ഓൺലൈൻ ലഹരി ഉപയോഗത്തിൽ കൊച്ചിയും ബംഗളൂരുവുമാണ് മുന്നിലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. വിദേശ കമ്പോളത്തിലെ വില കൂടിയ ലഹരി പദാർത്ഥങ്ങൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങൾ വഴി നേപ്പാൾ അതിർത്തി കടത്തിയാണ് റോഡ്-റയിൽ മാർഗ്ഗം കേരളത്തിലെക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരുമാർഗ്ഗം പാക്കിസ്ഥാൻ അതിർത്തി കടത്തി നേരിട്ട് പഞ്ചാബ്-രാജസ്ഥാൻ-ഡൽഹി വഴി കേരളമാണ്. കേരളത്തിൽ, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം കൂടി കണക്കിലെടുത്ത്, കൊച്ചി ലഹരി ഹബായിമാറുന്നു.

കാൻസർ രോഗികൾക്കും മറ്റും വേദന സംഹാരിയായി കുത്തിവയ്ക്കാനുപയോഗിക്കുന്ന കടുത്ത പ്രത്യാഘാതങ്ങളുള്ള ബ്യൂപ്രനോർഫിൻ എന്ന മയക്കുമരുന്ന് ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പതിവുമുണ്ട്. വിദ്യാർത്ഥികളും യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇതിന്റെ ആവശ്യക്കാരിൽ അധികവും. ഇതിന്റെ വിതരണക്കാരനായ ഒരാളെ കുറെനാൾ മുമ്പ് ആലുവയിൽ വച്ച് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയപ്പോഴാണ് വിശദവിവരങ്ങൾ വെളിവായത്. ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽപോലും വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതാണ് ബ്യൂപ്രനോർഫിൻ. മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാനാവാത്ത നിലയിലെത്തിയവരെയാണ് മാഫിയ ഇവയുടെ വിതരണത്തിനായി നിയോഗിക്കാറുള്ളത്.

ഇടുക്കി ജില്ലയിൽ നിന്നുള്ള കഞ്ചാവ് വരവ് പല കാരണങ്ങളാൽ കുറഞ്ഞപ്പോൾ ഒഡീഷ, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ലോറികളിലാണ് അവ എത്തുന്നത്. ഭക്ഷ്യധാന്യങ്ങൾ കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവിന്റെ ഒളിച്ചുള്ള വരവ്. ചെറുപൊതികളായി സ്‌കൂൾ പരിസരങ്ങളിലേക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും ചലച്ചിത്ര മേഖലയിലേക്കും വരെ കഞ്ചാവ് എത്തുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിൽ കഞ്ചാവ് എത്തിക്കുന്ന നാലുപേർ ഏഴു കിലോ കഞ്ചാവുമായി അടുത്തിടെ കൊച്ചിയിൽ പിടിയിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ കഞ്ചാവ് നട്ടുവളർത്തുന്ന രീതി പോലുമുണ്ട്.

കഞ്ചാവ് കച്ചവടം വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിയമത്തിന്റെ ബലഹീനതയാണെന്ന് ചൂണിക്കാണിക്കപ്പെടുന്നു. ഒരു കിലോഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വച്ചാലേ ശിക്ഷ കടുത്തതാകുന്നുള്ളു. അതിൽ കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വച്ചാൽ ശിക്ഷ ലഘുവാകുകയും ജാമ്യം ലഭിക്കുകയും ചെയ്യും. ഇത് ലഹരിമാഫിയക്ക് വലിയൊരളവിൽ പ്രയോജനം ചെയ്യുന്നു.