ന്യൂഡൽഹി: ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ചു തന്നെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൈകോർത്തത്. എന്നാൽ, ഏതെക്കെ വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ അട്ടിമറിക്കാനായി പാക് സൈന്യവും ഐഎസ്‌ഐയും ശ്രമിച്ചിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥ തന്നെയാണ് സമാധാന ചർച്ചകൾക്കും വിലങ്ങുതടിയായത്. ഷെരീഫും മോദിയും കൈകോർത്തപ്പോൾ അതിനെ തകർക്കാൻ വേണ്ടി ഐഎസ്‌ഐയും തീവ്രവാദികളും കൈകോർത്തു എന്ന പൊതുവിലയിരുത്തലാണ് പത്താൻകോട്ട് ആക്രമണത്തിന് പിന്നിലെന്നാണ് പൊതുവിലയിരുത്തൽ. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളെ അത് ഇല്ലാതാക്കിയിട്ടുണ്ട്.

പത്താൻകോട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാക്ക് ചർച്ചകൾ തീർത്തും അനിശ്ചിതാവസ്ഥയിൽ ആയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ഇത് സംബന്ധിച്ചു ചർച്ച നടത്തി. ഈ മാസം 15 നടക്കേണ്ട ഇന്ത്യ - പാക്ക് വിദേശകാര്യ സെക്രട്ടറിതല ചർച്ചയാണ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടി തൃപ്തികരമെങ്കിൽ മാത്രം ചർച്ച മതിയെന്ന് തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ മോദി മുൻകൈയെടുത്ത് നടത്തിയ സമാധാന ശ്രമങ്ങൾക്ക് മേലാണ് വിള്ളൽ വീണിരിക്കുന്നത്.

അതേസമയം വ്യോമസേനാത്താവളത്തിൽ ഭീകരാക്രമണം നടത്തിയ ചാവേറുകൾ കൗമാരക്കാരെന്നു സൂചനയും പുറത്തുവരുന്നുണ്ട്. 19നും 21നും ഇടയ്ക്കായിരിക്കും ഇവരുടെ പ്രായമെന്നു കണക്കാക്കുന്നു. ഇവർ പഞ്ചാബിലെ സ്വർണ്ണക്കടക്കാരൻ രാജേഷ് വർമ്മയിൽനിന്ന് തട്ടിയെടുത്ത ഫോണിൽ നിന്ന് എട്ടുതവണ പാക്കിസ്ഥാനിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അവരുടെ പാക്കിസ്ഥാനിലെ തലവനെയാണ് ഇവർ ജനുവരി ഒന്നിന് രാത്രിയിൽ വിളിച്ചത്. ഈ സമയത്താണ് പാക്കിസ്ഥാനിൽ നിന്ന് അവർക്ക് കൃത്യമായ നിർദ്ദേശങ്ങളും വ്യോമസേനാ താവളത്തിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. താവളത്തിൽ എത്തും മുൻപ് അവർ ഫോൺ ഉപേക്ഷിക്കുകയും ചെയ്തു.

ഭീകരർ ആറു പേരും പാക്കിസ്ഥാനിലെ മുൾട്ടാൻ സ്വദേശികളാണെന്നാണ് സൂചന. ഡിസംബർ 30ന് ഇവർ രണ്ടു സംഘങ്ങളായാണ് ഇന്ത്യയിലേക്ക് കടന്നത്. നാലും രണ്ടും പേർ വീതമുള്ള സംഘങ്ങൾ. ഇവർ വന്ന വഴി കൃത്യമായി കണ്ടെത്താൻ അന്വേഷണം നടക്കുന്നതേയുള്ളൂ. ബാമിയാൽ ഗ്രാമം വഴി കടന്നുവെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. രാജ്യത്തിനുള്ളിൽനിന്ന് സഹായംഭീകരർക്ക് പഞ്ചാബിനുള്ളിൽ നിന്ന് കാര്യമായി സഹായം കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. അല്ലാതെ ഇത്രയും സ്‌ഫോടക വസതുക്കളും ആയുധങ്ങളും അവിടെയെത്തിക്കാൻ കഴിയല്ലെന്ന് അവർ കരുതുന്നു. ജെയ്‌ഷെ മുഹമ്മദു പോലുള്ള സംഘടനകൾക്ക് സൽപ്പർ സെല്ലുകൾ സഹായം നൽകാറുണ്ട്. പ്രത്യേക പരിശീലനം നേടിയവരാണ് ചാവേറുകൾ.

വളരെക്കുറച്ച് വെള്ളവും ഭക്ഷണവും മാത്രംകൊണ്ട് ദിവസങ്ങൾ തള്ളിനീക്കാൻ അവർക്ക് കഴിയും. ആറു ഭീകരരുടെ പക്കൽ കറൻസിയും ഉണ്ടായിരുന്നു.ഇവരുടെ വസ്ത്രം, രേഖകൾ, തിരിച്ചറിയൽ കാർഡ്, ആഹാരപ്പായ്ക്കറ്റുകൾ തുടങ്ങിയവ കണ്ടെത്താൻ വ്യോമസേനാത്താവളത്തിൽ വിപുലമായ തിരച്ചിൽ നടത്തിവരികയാണ്. ഇവർ വന്ന പാത കണ്ടെത്താൻ ഒരോ ധാബയിലും ചായക്കടയിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും അന്വേഷണം നടത്തിവരികയാണ്.

ആക്രമണം നടത്തിയ തീവ്രവാദികൾക്ക് പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ വച്ച് പരിശീലനം ലഭിച്ചുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, സർക്കാറിന് ഇതിലൊന്നും അറിവില്ലെന്ന് ഷെരീഫ് വ്യക്തമാക്കി കഴിഞ്ഞു. പത്താൻകോട്ട് ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുമെന്നു ഷെരീഫ് പറയുന്നു. ഷെരീഫിന്റെ വാക്കുകളെ ഇന്ത്യ പൂർണ്ണായും വിശ്വസിക്കുന്നില്ല. ഇതിന് കാരണം സൈന്യത്തിന് ഭരണത്തിന്മേലുള്ള ആധിപത്യം തന്നെയാണ്. ഷെരീഫ് പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിൽ കൂടി ഭരണത്തെ തന്നെ അട്ടിമാറിക്കാൻ സൈന്യം ഇത്തരമൊരു നീക്കം നടത്തിയാൽ ശ്രമിച്ചേക്കും. അതുകൊണ്ട് തന്നെ ചർച്ചകൾ ഇനി മുന്നോട്ടു പോകണമെങ്കിൽ പാക്കിസ്ഥാൻ സൈന്യമാണ് സജീവമായ നീക്കം നടത്തേണ്ടത്.

വ്യോമസേനയുടെ ട്രക്ക് കത്തിച്ച് ശ്രദ്ധതിരിച്ച ശേഷമാണ് ഭീകരർ പത്താൻകോട്ടെ വ്യോമസേന കേന്ദ്രത്തിൽ കടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭീകരർക്ക് സൗകര്യമൊരുക്കിയെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ ഗുരുദാസ്പൂർ മുൻ എസ്‌പിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. അതിർത്തിയിൽ സുരക്ഷപാളിച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ബിഎസ്എഫ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

അഞ്ചാം ദിവസവും വ്യേമസേന കേന്ദ്രത്തിൽ തിരച്ചിൽ തുടരുന്നതിനിടെ ഏറ്റുമുട്ടലുണ്ടായ ചില പ്രദേശങ്ങളുെടയും സുരക്ഷസേന വധിച്ച ഭീകരരുടെ മൃതദേഹങ്ങളുടേയും ചിത്രങ്ങൾ പുറത്ത് വന്നു. വ്യോമസേന കേന്ദ്രത്തിൽ നടന്ന ആക്രമണം അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് പാക്കിസ്ഥാനിൽ നിന്നാണ് ഭീകരർ എത്തിയതെന്നുള്ളതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. പാക് നിർമ്മിത ആയുധങ്ങൾ, വാക്കിടോക്കി എന്നിവയ്ക്ക് പുറമെ ഇവരുടെ പാക് നിർമ്മിത ഷൂസുകളുടെ അടയാളവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഭീകരർ പഞ്ചാബ് അതിർത്തി വഴിയാണ് എത്തിയത് എന്ന വാദങ്ങൾ തള്ളിയാണ് അതിർത്തിയിൽ സുരക്ഷ പാളിച്ചയുണ്ടായിട്ടില്ലെന്ന റിപ്പോർട്ട് ബിഎസ്എഫ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് നൽകിയത്.

ഇതിനിടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും നടപടികളിലെ ദുരൂഹതയും കണക്കിലെടുത്ത് ഗുരുദാസ്പൂർ മുൻ എസ്‌പി സൽവീന്ദർ സിങ്ങിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. താൻ എസ്‌പിയാണെന്ന് ഭീകരർ അറിയാത്തതുകൊണ്ടാണ് വെറുതെ വിട്ടതെന്നാണ് സൽവീന്ദർസിങ് മൊഴി നൽകിയപ്പോൾ വാഹനം തടഞ്ഞപ്പോൾ തന്നെ എസ്‌പിയാണെന്ന് സിൽവീന്ദർ സിങ് അറിയിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വർമ െമാഴി നൽകി.

ഇത് കൂടാതെ ഗുരുദാസ്പൂരിൽ നിന്ന് സ്ഥലം മാറ്റിയ ശേഷവും എസ്‌പി അവിടെ തുടര്ന്നത് സംബന്ധിച്ചം അന്വേഷണം നടക്കുന്നുണ്ട്. പിടിസി. ഗുരുദാസ് പൂർ മുൻഎസ്‌പിയുടെ പ്രവർത്തികളിൽ ദുരൂഹതയുണ്ടെന്നാണ് എൻഐഎയുടെ ആദ്യ നിഗമനം. എസ്‌പി സിൽവീന്ദർ സിങിന് അതിർത്തിക്കപ്പുറത്തുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ, പാക് ചാരസംഘടന സ്ത്രീകളെ ഉപയോഗിച്ച് എസ്‌പിയിൽ നിന്ന് ഭീകരർക്ക് സഹായകമായി വിവരങ്ങൾ ശേഖരിച്ചോ തുടങ്ങി കാര്യങ്ങളാണ് എൻഐഎ പ്രധാനമായും പരിശോധിക്കുന്നത്.