കാസർകോഡ്: കണ്ണഞ്ചിപ്പിക്കുന്ന സ്റ്റേജും ഡെക്കറേഷനുമില്ല. എയർ കണ്ടീഷൻ ഹാൾ ഇല്ല. അതിഥികളുടെ തലയ്ക്ക മീതേ പറക്കുന്ന ഡ്രോൺ ഇല്ല. മൈക്കും, ഇവന്റ് മാനേജ്‌മെന്റുകാരുമില്ല. കാസർകോഡ് ടൗൺ ഹാളിൽ വച്ച് നടന്ന വിവാഹച്ചടങ്ങ് ലളിതം. മാലയിടൽ, മോതിരമിടൽ, താലികെട്ട്, സിന്ധൂരം ചാർത്തി ഇത്രമാത്രം 15 മിനുട്ട്. 2000ത്തിൽ അധികം വരുന്നവരെ സാക്ഷിനിർത്തി അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്റെ മകളുടെ വിവാഹ ചടങ്ങിനെ കുറിച്ച് സദസിനോട് മന്ത്രിയുടെ രണ്ടുമിനിറ്റ് സംസാരം.

പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്‌കറ്റും. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ഇങ്ങനെ കൊട്ടും കുരവയും ആർപ്പുവിളികളുമില്ലാതെ തീർത്തും ലളിതമായി സംഘടിപ്പിച്ചത്. മന്ത്രിയുടെ മകൾ നീലി ചന്ദ്രന്റെയും കാസർകോട് ടൗൺ സർവീസ് സഹകരണബാങ്ക് റിട്ട. മാനേജർ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞികൃഷ്ണൻ നായരുടെ മകൻ പി.വിഷ്ണുവിന്റെയും വിവാഹമാണ് നടന്നത്.

മുഖ്യമന്ത്രിയും, സ്പീക്കറും ഇതര മന്ത്രിമാരും, എംപിമാർ, എംഎ‍ൽഎ.മാർ രാഷ്ട്രീയ സാമൂഹിക സംസകാരിക രംഗത്തെ പ്രമുഖർ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ എല്ലാം ചടങ്ങിൽ സാക്ഷിയായി. ഇടയ്ക്ക് ഫോട്ടോ എടുക്കുന്നത് സ്റ്റേജിൽ നിന്ന് ഇറങ്ങി ഹാളിന് പുറത്തായി ക്രമീകരിച്ചു. ചായ സൽക്കാരം ഇതിനിടെ നടക്കുന്നുണ്ടായിരുന്നു എ4 സൈസ് പേപ്പറിൽ അച്ചടിച്ച ലളിതമായ വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ ശ്രദ്ധേയമായിരുന്നു.
വിവാഹത്തെ കുറിച്ച് എൽദോ എബ്രഹാം എംഎൽഎ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

സാധാരണ പോലെ സ്റ്റേജിൽ അമിത ഡക്കറേഷൻ ഇല്ല, എയർ കണ്ടീഷൻ ഹാൾ ഇല്ല, മൈക്കില്ല, ഗാനമേള ഇല്ല, കാറ്ററിങ് സർവീസുകാരുടെ വേഷവിധാനങ്ങൾ ഇല്ല, അമിതമായ ഫോട്ടോ, വിഡിയോ ഇല്ല.എന്നാൽ ഒന്നുണ്ടായി എല്ലവരും ചേർന്ന സ്‌നേഹസംഗമം.ആഡംബരം കാണിക്കാൻ മടിയില്ലാത്ത മലയാളികളോട് അരുത് എന്ന് പറഞ്ഞ് കൊണ്ട്ഉത്തമ മാതൃകയായി മന്ത്രി ഇ.ചന്ദ്രശേഖരൻ .

വിവാഹങ്ങൾ ധൂർത്തായി മാറുന്ന വർത്തമാനകാലം.കോടികൾ മുടക്കി വിവാഹം നടത്തുന്നവർ സമൂഹത്തിലെ താഴെ തട്ടിലെ ഒരു വിഭാഗത്തിന്റെ സ്പന്ദനം അറിയാറില്ല.' മകളെ വിവാഹം ചെയത് അയക്കാൻ കൈ നീട്ടുന്ന രക്ഷകർത്താക്കൾ ഉള്ള നാടാണ് നമ്മുടെത്.
നമ്മുടെ ജീവിതവഴിയിൽ കണ്ടുമുട്ടിയ സ്‌നേഹ ബന്ധങ്ങളുടെ ഭാഗമായി വിവാഹത്തിന് എല്ലവരേയും ക്ഷണിക്കാം പക്ഷെ ചടങ്ങ് ലളിതമാക്കാൻ ശ്രമിക്കണം ധൂർത്ത് അരുത്.മനസിന് കുളിർമ സമ്മാനിച്ച വിവാഹ ചടങ്ങിൽ പങ്കെടുക്കാനായതിൽ സന്തോഷം .