തിരുവനന്തപുരം: ദിനം തോറും കോടികളുടെ നഷ്ടക്കണക്കാണ് കെ.എസ്.ആർ.ടി.സിക്ക് നേരിടേണ്ടി വരുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും മാറി വരികയും നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും ദിനം പ്രതിയുള്ള നഷ്ടക്കണക്ക് കെ എസ് ആർ ടി സിക്ക് അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ കെ എസ് ആർ ടി സിയുടെ നഷ്ടം കുറക്കാനും കെ എസ് ആർ ടി സിയെ രക്ഷിക്കാനും പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് ഒരു പത്തൊമ്പതുകാരി.

കെ എസ് ആർ ടി സി ബസുകളിൽ ഇൻഫ്രാറെഡ് സർവൈവലെൻസ് ക്യാമറകൾ സ്ഥാപിച്ച് അതിൽ കാണുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ കെ എസ് ആർ ടി സി തന്നെ കണ്ടെത്തി പിഴ ഈടാക്കാനാണ് നീന മറിയം ജേക്കബ് എന്ന ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ബി ബി എ വിദ്യാർത്ഥിനിയുടെ അഭിപ്രായം. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കിയാൽ വലിയ തരത്തിലുള്ള പിഴ ലഭിക്കാനും ഇത് കെ എസ് ആർ ടി സിയുടെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്നും നീന പറയുന്നു.

തിരുവനന്തപുരം സ്വദേശിനിയായ നീന കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സിന്റെ പ്രശ്‌നങ്ങളും ദുരിതങ്ങളും കണ്ടതോടെയാണ് ഇതിനുള്ള ഉത്തരം തേടിയിറങ്ങിയത്. കെ.എസ്.ആർ.ടി.സി പെൻഷൻകാർ ആത്മഹത്യ ചെയ്ത വാർത്ത കണ്ടപ്പോൾ വലിയ വിഷമമായി, കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിച്ചാൽ മാത്രമെ ഇതിന് ഒരു പരിഹാരം സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. ഇതിനായി ബസുകളിൽ ഇൻഫ്രാറെഡ് വീഡിയോ ക്യാമറകൾ ഫിക്‌സ് ചെയ്താൽ നിരവധി ട്രാഫിക് നിയമ ലംഘനങ്ങൾ കാണാൻ സാധിക്കും. ഇവർക്ക് പിഴ ശിക്ഷ നൽകി അത് കെ.എസ്.ആർ.ടി.സി തന്നെ പിരിച്ചെടുത്താൽ തീർച്ചയായും കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിക്കുമെന്നും ഇതിലൂടെ പ്രശ്‌നങ്ങൾക്ക് കുറവുണ്ടാകുമെന്നും നീന പറയുന്നു.

ക്യാമറകൾ ബസിന്റെ മുമ്പിലും പിറകിലുമായി ഫിക്‌സി ചെയ്താൽ എല്ലാ നിയമ ലംഘനങ്ങളും ക്യാമറയിൽ പതിയുമെന്നാണ് നീനയുടെ അഭിപ്രായം. തന്റെ ആശയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ട്രാൻസ് പോർട്ട് കമ്മീഷ്ണർ, തുടങ്ങിയ എല്ലാവർക്കും ആനവണ്ടിയെ രക്ഷിക്കാൻ തന്റെ നിർദ്ദേശം നീന എഴുതി അറിയിച്ചിട്ടുണ്ട്.

അതേ സമയം ആനവണ്ടിയുടെ രക്ഷക്കായി സേവ് കേരള സേഫ് കേരള എന്ന പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നീനയുടെ നിർദ്ധേശങ്ങളിൽ പഠനം നടത്തുമെന്നും അദ്ധേഹം അറിയിച്ചിട്ടുണ്ട്.