ആലപ്പുഴ : ജാതിയും മതവും വിലങ്ങാകാതെ നാട്ടുകാരായ പ്രവാസികൾ ചേർന്നു രൂപീകരിച്ച നീർക്കുന്നം പ്രവാസി ഗ്രൂപ്പ്, ദുരന്തങ്ങൾ ഒന്നൊന്നായി പിടികൂടിയ കുടുംബത്തിന് താങ്ങായി. അമ്പലപ്പുഴ വളഞ്ഞവഴി കിഴക്ക് ആഞ്ഞിലിപ്പുറം ഭാഗത്ത് താമസിക്കുന്ന ഷരീഫിന്റെ കുടുംബത്തിനാണ് ഈ കൂട്ടായ്മയിലൂടെ സ്ഥിര വരുമാനം നൽകുന്ന ഓട്ടോറിക്ഷ വാങ്ങി നൽകിയത്.

ആലപ്പുഴ സ്വദേശിയായിരുന്ന ഷെരീഫെന്ന ഗൃഹനാഥൻ എഫ്‌സിഐ യിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ജോലിക്കിടയിൽ ഇയാളുടെ കഴുത്തിലേക്ക് നൂറു കിലോ ഭാരമുള്ള അരിച്ചാക്ക് വീണ് ഗുരുതരാവസ്ഥയിലായതോടെയാണ് ഈ കുടുംബം അനാഥമായത്. 2002 ലായിരുന്നു ഷെരീഫിന്റെ കുടുംബത്തെ ദുരന്തം പിടികൂടിയത്. കഴുത്ത് ഒടിഞ്ഞുതൂങ്ങിയ ഇയാൾക്ക് പിന്നീട് പണിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.

നിരന്തരമായ ചികിൽസയും കുടുംബത്തിന് തുണയായില്ല. ഇതോടെ തനിക്കൊരിക്കലും കുടുംബത്തിന്റെ പട്ടിണിയകറ്റാൻ കഴിയില്ലെന്ന നിരാശയോടെ കഴിയുമ്പോഴാണ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ സഹായവുമായെത്തിയത്. ഇയാളുടെ ഭാര്യയാകട്ടെ രണ്ടു കിഡ്‌നികളും തകരാറിലായതിനാൽ ജീവച്ഛവമായി കഴിയുകയാണ്. മാത്രമല്ല ഇവരുടെ കാഴ്ചശക്തിയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 23 വയസ്സുള്ള ഒരു മകനും 19 വയസ്സുള്ള ഒരു മകളുമാണ് ഇവർക്കുള്ളത്.

മകൾക്ക് വിവാഹാലോചനകൾ വന്നുകൊണ്ടിരിക്കുന്നു. മകനാകട്ടെ, മാസങ്ങൾക്കുമുമ്പുണ്ടായ അപകടത്തെത്തുടർന്നു നടത്തിയ ചികിത്സയ്ക്കിടയിൽ ശരീരത്തിൽ കുറച്ച് രക്തം കയറ്റേണ്ടി വന്നിരുന്നു. നിർഭാഗ്യവശാൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാളുടെ രക്തമായിരുന്നു അന്ന് മകനിൽ കയറ്റിയത്. അന്നു മുതൽ ഇയാൾക്ക് മഞ്ഞപ്പിത്തവും അതിനോടനുബന്ധിച്ച അസുഖവും വിട്ടുമാറിയിട്ടില്ല.

എങ്കിലും വീട്ടിലെ പ്രയാസം മൂലം ഇതിനിടയിൽ മകൻ ഒരിടത്ത് കൂലിവേലക്ക് പോയെങ്കിലും പണിസ്ഥലത്ത് വച്ച് ബോധം കെട്ടുവീഴുകയും കൈയൊടിയുകയും ചെയ്തു. തന്നെയുമല്ല, ഇടക്കിടക്കുണ്ടാകുന്ന തലകറക്കവും കാഴ്ചക്ക് മങ്ങലും മൂലം ജോലിക്ക് പോകാൻ സാധിക്കാതെ പ്രയാസപ്പെടുകയാണ്. മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കളെ ശരീരത്തിൽ നിന്നും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള മരുന്നുകളാണ് ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നത്. പ്രതിമാസം 3000 രൂപ വാടകയ്ക്കാണ് ഈ കുടുംബം കഴിയുന്നത്.

മരുന്നിനും ചികിൽസക്കും വേറെയും പണം കണ്ടെത്തണം. ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്ന ഇവരുടെ അവസ്ഥ മനസ്സിലാക്കിയ നാട്ടുകാരായ ഈ പ്രവാസികൾ ഇവരെ സഹായിക്കാനായി മുന്നോട്ടുവരുകയായിരുന്നു. പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും കിട്ടുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത സംഖ്യ എല്ലാവരും നൽകാൻ തയ്യാറായതിനാൽ ഒരു മാസം കൊണ്ട് ഇവർക്ക് ഓട്ടോറിക്ഷ വാങ്ങാനുള്ള പണം സ്വരൂപിക്കാൻ സംഘാടകർക്ക് സാധിച്ചു.

ഈ ഗ്രുപ്പിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ഇവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു നൽകാൻ ഹയാത്തുൽ ഇസ്ലാം എൽ.പി സ്‌കൂൾ മുൻ ഹെഡ്‌മാസ്റ്ററും ഇപ്പോൾ ആഞ്ഞിലിപ്പുറം പള്ളി പ്രസിഡന്റുമായ കോയ സാർ മുന്നോട്ടുവന്നു. അദ്ദേഹത്തോടൊപ്പം സാദിഖും കൂട്ടുചേർന്നപ്പോൾ വെള്ളിയാഴ്ച ഉച്ചയോടെ ഈ കുടുംബത്തിന് ഓട്ടോറിക്ഷ കൈമാറാൻ സാധിച്ചു.

നീർക്കുന്നം, കാക്കാഴം, അമ്പലപ്പുഴ, വളഞ്ഞവഴി എന്നീ പ്രദേശത്തുകാരായ പ്രവാസികളെ മാത്രം ഉൾപ്പെടുത്തിയാണ് ഓഗസ്റ്റ് അവസാനവാരത്തിൽ ഒരുമയുടെ കൂട്ടായ്മയായ 'നീർക്കുന്നം പ്രവാസി ഗ്രുപ്പ്' ആരംഭിച്ചത്. നിലവിൽ ഇരുന്നോറോളം അംഗങ്ങളുള്ള ഈ ഗ്രൂപ്പിന് ജി.സി.സി തലത്തിൽ ഒന്നോ രണ്ടോ അഡ്‌മിനുകളേയും നിശ്ചയിച്ചിരുന്നു. സൗദിയിൽ നിന്നുള്ള ആളുകളെ പ്രതിനിധീകരിച്ച് അഫ്‌സൽ തെക്കേക്കര, മാഹീൻ തറയിൽ എന്നിവരും ദുബായിൽ നിന്നും നജീബ്, ഫസൽ എന്നിവരും ഒമാനെ പ്രതിനിധീകരിച്ച് ഷമീർ യമാനിയും ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം സാദിഖ് മജീദ്, നസീം, അഫ്‌സൽ വെള്ളൂ എന്നിവരുമാണ് അഡ്‌മിൻ പാനലിൽ ഉണ്ടായിരുന്നത്.

വരുംദിവസങ്ങളിലും ഇത്തരത്തിൽ പ്രയാസമനുഭവിക്കുന്ന നാട്ടുകാരായ ആളുകളെ സഹായിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.