കൊല്ലം : ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ നീറ്റ് വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസിൽ അന്വേഷണ സംഘം പരീക്ഷാ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു.നാല് വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു.കുറ്റക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.ഇതിനിടെ സമാനപരാതിയുമായി കൂടുതൽ വിദ്യാർത്ഥിനികൾ രംഗത്തെത്തി.കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർത്ഥിനികൾ കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകി.

അതേസമയം കോളേജിലേയ്ക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.കെ എസ് യു പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിലേയ്ക്ക് തള്ളിക്കയറി. എബിവിപി പ്രവർത്തകർ കോളേജിന്റെ ജനൽ ചില്ലുകൾ തകർത്തു.പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ മുതൽ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്‌ച്ചയില്ലെന്ന് കോളേജ് അധികൃതർ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകൾ വീണ്ടും പ്രതിഷേധവുമായെത്തിയത്.ഇതിനിടെ വനിതാ കമ്മിഷൻ അംഗങ്ങളും കോളജിലെത്തി.കമ്മിഷൻ സ്വമേധയാ കേസെടുത്തു.റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.

കുട്ടികൾ വലിയ മാനസിക പീഡനത്തിന് ഇരയായി. വസ്ത്രമഴിച്ച് പരിശോധന നടത്തിയത് കോളജ് ജീവനക്കാരാണോ എന്നും അന്വേഷിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ,യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.കേന്ദ്രവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി.

ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. നീറ്റ് പരീക്ഷ എഴുതാൻ എത്തിയ നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം ഇത്തരത്തിൽ അഴിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർത്ഥിനികൾ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.

സംഭവത്തിൽ ഏജൻസിയിലെ വനിതാ ജീവനക്കാർക്കെതിരെ ഇന്നലെ തന്നെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഉന്നവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അപലപിച്ചിരുന്നു. കേന്ദ്ര വിദ്യഭ്യാസമന്ത്രിക്കും നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു. പ്രഥമദൃഷ്ട്യാ കോളജ് അധികൃതർക്ക് പങ്കുള്ളതായി കരുതുന്നില്ല. നടപടിയെടുക്കാൻ മൂന്ന് പരാതികൾ തന്നെ ധാരാളമെന്നും ആർ ബിന്ദു പറഞ്ഞു.