കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടി വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അതെ സമയം അപമാനിതരായ കൂടുതൽ പെൺകുട്ടികൾ പരാതി നൽകി. അടിവസ്ത്രം അഴിപ്പിച്ചു എന്ന് പറയപ്പെടുന്ന സ്ത്രീക്ക് എതിരെയാണ് കേസ്. സംഭവത്തിൽ കൂടുതൽ പേർ കേസിൽ പ്രതികൾ ആകും എന്നാണ് സൂചന.

ഇന്നോവേറ്റീവ് എന്ന സ്വകാര്യ ഏജൻസിയുടെ ആളുകളാണ് ആയൂർ കോളേജിൽ പരീക്ഷക്ക് നേതൃത്വം നൽകിയെന്ന് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്.ഐ.ആർ. രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

സമാനമായ രീതിയിൽ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാർത്ഥികൾ കൂടി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

വിദ്യാർത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരനുഭവം വിവരിച്ച് പരാതിക്കാരിയുടെ അച്ഛൻ

സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ മകൾ നേരിടേണ്ടി വന്ന ദുരനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ച് പരാതിക്കാരിയുടെ അച്ഛൻ. ഇത്തവണ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ മകൾ ഇനി ഒരിക്കലും നീറ്റ് പരീക്ഷയ്ക്കായി വരില്ലെന്ന് പറഞ്ഞതായി അച്ഛൻ പറഞ്ഞു. വിതുമ്പി കരഞ്ഞുകൊണ്ടാണ് അച്ഛൻ പ്രതികരിച്ചത്. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയെ അടിവസ്ത്രം അഴിച്ചുമാറ്റിച്ച ശേഷം പരീക്ഷ എഴുതിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

'കഴിഞ്ഞ വർഷം ഈ പരീക്ഷ എഴുതിയതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങൾ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റൽ ഡിടക്ടർ ചെസ്റ്റിന്റെ അടുത്തേക്ക് വന്നപ്പോൾ ബീപ് സൗണ്ട് ഉണ്ടായി. അപ്പോൾ മകൾ പറഞ്ഞപ്പോൾ അടിവസ്ത്രത്തിന്റെ ഹുക്കാണ്, അത് പ്ലാസ്റ്റിക് ആയിരുന്നു. എന്നിട്ടും ബീപ് സൗണ്ട് അടിച്ചു. പക്ഷേ പ്ലാസ്റ്റിക് ആണെന്ന് അവർ കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതർ പറഞ്ഞു. വസ്ത്രം മാറ്റാൻ ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്.

ഒരേ സമയം പത്ത്-പന്ത്രണ്ട് കുട്ടികളാണ് അവിടെ നിന്നത്. പല കുട്ടികളും അഴിച്ച് മാറ്റാൻ സാധിക്കാതെ നിസഹായരായി കരയുകയായിരുന്നു. ചില കുട്ടികൾ അഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങാൻ പറ്റാതെയും നിൽകുന്നുണ്ടായിരുന്നു. നീറ്റ് ചട്ടം പാലിച്ചുള്ള പുതിയ വസ്ത്രമാണ് മകൾ ധരിച്ചിരുന്നത്. രണ്ടാം നിലയിലായിരുന്നു പരീക്ഷാ ഹാൾ. ഹാളിൽ പുരുഷന്മാരായിരുന്നു ഇൻവിജിലേറ്റേഴ്‌സ്. പരീക്ഷ കഴിഞ്ഞ പെൺകുട്ടി പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും ഇനി നീറ്റ് ഒരിക്കലും നീറ്റ് പരീക്ഷ എഴുതില്ലെന്ന്'- അച്ഛൻ വെളിപ്പെടുത്തി.

മറ്റൊരു പെൺകുട്ടിയുടെ അച്ഛൻ പരാതിക്കാരിയുടെ പിതാവിനോട് പറഞ്ഞത് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയെ പെൺകുട്ടി മുറിയടച്ച് ഇരിക്കുകയാണെന്നും, അമ്മ പുറത്ത് കാവലിരിക്കുകയാണെന്നുമാണ്.

സംഭവത്തിൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയിൽ അവർക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

'നാഷണൽ ടെസ്റ്റിങ് ഏജൻസി ഓൾ ഇന്ത്യാ ലെവലിൽ നടത്തുന്ന പരീക്ഷയാണിത്. അവർക്ക് ചില നടപടികളുണ്ട്. ഈ സംഭവത്തിൽ കോളജിന് ഒരു പങ്കുമില്ല. അവരുടെ ഒഫിഷ്യൽസ് ആണ് പരീക്ഷ നടത്താനെത്തിയത്. അവർക്ക് മാത്രമാണ് ഇതിൽ പൂർണ ഉത്തരവാദിത്തം. കോളജിന് ഇക്കാര്യത്തിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

വിഷയത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ രംഗത്തെത്തി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് വനിതാ കമ്മിഷൻ കാണുന്നതെന്ന് ഷാഹിദ കമാൽ പറഞ്ഞു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാർത്ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നൽകുമെന്നും ഷാഹിദ കമാൽ പറഞ്ഞു.

'പുരോഗമനപരമായി ചിന്തിക്കുന്ന ഈ സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷാ നടത്തിപ്പിനിടെയാണ് ഈ ദുരനുഭവമുണ്ടായത്. പരീക്ഷ എഴുതാനെത്തുമ്പോൾ തന്നെ വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദത്തിലാണ് . ആ സമ്മർദത്തിന്റെ ആഘാതം കൂട്ടുന്നതാണ് വസ്ത്രമഴിച്ചുള്ള പരിശോധന. മനുഷ്യാവകാശ ലംഘനവും മാനുഷിക മൂല്യങ്ങൾക്ക് നിരക്കാത്തതുമായ സംഭവമാണിത്. വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുക കൂടിയാണ് ചെയ്തത്.

ഒരുകാരണവശാലും നമ്മുടെ സംസ്ഥാനത്ത് ഇതനുവദിച്ച് കൊടുക്കില്ല. വനിതാ കമ്മിഷൻ സ്വമേധയാ വിഷയത്തിൽ കേസെടുക്കും. പരാതിയുമായി രംഗത്തെത്തിയ വിദ്യാർത്ഥിനിക്ക് എല്ലാ വിധ നിയമ സഹായവും മാനസിക പിന്തുണയും നൽകാൻ കമ്മിഷൻ ഒപ്പമുണ്ടാകും'. ഷാഹിദ കമാൽ പ്രതികരിച്ചു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയാണ് കോളജിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആൺകുട്ടികൾക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്.

മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കേന്ദ്രത്തിൽ വച്ച് വസ്ത്രങ്ങൾ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥികളെ നടപടി മാനസികമായി തളർത്തിയെന്നും പരാതിയിൽ പറയുന്നു.