പത്തനംതിട്ട: ക്രിസ്തുമസ് ദിവസം വീടിന്റെ പടിയിലിരിക്കുകയായിരുന്ന എൺപതുകാരനെ അയൽവാസി കാരണമില്ലാതെ വീട്ടിൽ കയറിവന്ന് ചീത്ത വിളിക്കുകയും വലിച്ച് താഴെയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് പരാതി. തിരുവല്ല കോയിപ്രത്തിൽ ഈപ്പൻ വർഗീസാണ് അയൽവാസി വിജോയ്ക്കെതിരെ പരാതി നൽകിയത്.

കഴിഞ്ഞ ഡിസംബർ 25 ന് ഉച്ചയ്ക്ക് വീടിന് മുന്നിലിരിക്കുകയായിരുന്ന തന്നെ മറ്റു ചിലരുടെ പ്രേരണ കൊണ്ട് വിജോയ് ചീത്ത വിളിക്കുകയും വലിച്ച് താഴെയിട്ട് ചവിട്ടുകയും നെഞ്ചിൽ കയറിയിരുന്ന് മുഖത്തും താടിയിലും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കോഴഞ്ചേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോയിപ്രം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെന്നും പിന്നീട് പുഷ്പഗിരി ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തെന്ന് ഈപ്പൻ വർഗീസ് പറയുന്നു.

മർദ്ദനത്തിൽ പൊട്ടിയ താടിയെല്ലിന്റെ സർജറി നടന്നത് പുഷ്പഗിരി ആശുപത്രിയിലാണ്. മൂന്നാംദിനം ഡിസചാർജായ ശേഷം ഈപ്പൻ വർഗീസ് പൊലീസ് സ്റ്റേഷനിലെത്തി എഫ്ഐആർ പരിശോധിച്ചപ്പോൾ തനിക്ക് മർദ്ദനം ഏറ്റതിനെ കുറിച്ച് യാതൊരു വിവരവുമില്ല. പകരം മദ്യപിച്ച് വഴിയിൽ നിന്നതിനാണ് വിജോയ്ക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്. വിജോയിയിൽ നിന്നുമേറ്റ മർദ്ദനത്തിന്റെ പാടുകളും ചികിൽസാ രേഖകളും ഹാജരാക്കിയിട്ടും മർദ്ദിച്ചതിന് കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ഈപ്പൻ പരാതിപ്പെടുന്നു.

ജില്ലാ ആശുപത്രിയിൽ നിന്നും മർദ്ദനത്തിന്റെ വിവരം അധികൃതർ സ്റ്റേഷനിൽ വിളിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഈപ്പൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതും. എന്നിട്ടും കുറ്റക്കാരുടെ ഭാഗം ചേർന്ന് കേസ് അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നതായി പരാതിക്കാർ ആരോപിക്കുന്നു. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി എസ്‌പിക്കും കളക്ടർക്കും പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് എൺപത് വയസുള്ള ഈപ്പൻ വർഗീസും എഴുപത്തിയേഴ് വയസുള്ള അന്നമ്മ വർഗീസും.

അതേസമയം ഇത്തരമൊരു കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് കോയിപ്രം സർക്കിൾ ഇൻസ്പക്ടർ മറുനാടനോട് വിശദമാക്കി. ഈപ്പൻ വർഗീസും മകനും തമ്മിൽ പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായി വഴക്കുകൾ സാധാരണമാണ്. അതല്ലാതെ യാതൊരുവിധ കയ്യാങ്കളിയും നടന്നിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.