കാഠ്മണ്ഡു: കടുത്ത പ്രതിസന്ധികളിലൂടെ കന്നുപോകുന്നതിനിടെ മറ്റൊരു ലോകരാഷ്ട്രം കൂടി കമ്മ്യൂണിസത്തെ മുറുകെ പിടിക്കുന്നു. യൂറോപ്പിലെ ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിറിസയെ അധികാരത്തിൽ എത്തിയതിന് പിന്നാലെ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളാണ് കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ വരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുണൈറ്റഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ യുഎംഎൽ) ചെയർമാനായ ഖഡ്ഗപ്രസാദ് ശർമ ഓലിയെ (63) ഇന്നലെയാണ് നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. നിലവിലെ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് നേതാവുമായ സുശീൽ കൊയ്‌രാളയെ പരജായപ്പെടുത്തിയാണ് ഓലി നേതാവായത്.

വോട്ടെടുപ്പിൽ പങ്കെടുത്ത 587 അംഗങ്ങളിൽ 338 പേർ ഓലിയെ പിന്തുണച്ചു. പ്രധാനമന്ത്രിയാകാൻ വേണ്ടിയിരുന്നത് 299 വോട്ടാണ്. കൊയ്‌രാളയ്ക്ക് ലഭിച്ചത് 249 വോട്ട്. വോട്ടെടുപ്പിൽ നിഷ്പക്ഷത പുലർത്താൻ എംപിമാർക്ക് അനുവാദമുണ്ടായിരുന്നില്ല. യുസിപിഎൻ മാവോയിസ്റ്റ്, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി നേപ്പാൾ, മധേശി ജനാധികാർ ഫോറം ഡെമോക്രാറ്റിക് എന്നീ കക്ഷികളും ചെറുപാർട്ടികളും ഓലിക്ക് പിന്തുണ നൽകി. നാലു മധേശി പാർട്ടികളും കൊയ്‌രാളയ്ക്കാണ് വോട്ട് ചെയ്തത്.

ഭൂകമ്പം തകർത്തെറിഞ്ഞ നേപ്പാളിനെ കൈപിടിച്ച് ഉയർത്തുകത എന്ന ചരിത്ര ദൗത്യമാണ് ഓലിയിൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേപ്പാളിനെ വീണ്ടെടുക്കാനുള്ള മുറവിളികൾ അവിടുത്ത തെരുവോരങ്ങളിൽ ശക്തമാണ്. അയൽരാജ്യമായ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതും ഒാലിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളിൽ ഒന്നാണ്.

ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാൾ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായശേഷമുള്ള ഘട്ടത്തിൽ രാജ്യത്തെ നയിക്കുകയെന്നത് ഒരു കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം കടുത്ത ചരിത്ര നിയോഗം തന്നെയാണ്. കഴിഞ്ഞമാസമാണ് നേപ്പാളിന്റെ പുതിയ ഭരണഘടന പ്രസിഡന്റ് രാംഭരൺയാദവ് പ്രസിദ്ധപ്പെടുത്തിയത്. രാജ്യത്തെ ഏഴു പ്രവിശ്യയാക്കിക്കൊണ്ടുള്ള ഭരണഘടനയ്‌ക്കെതിരെ മധേശി, താരു തുടങ്ങിയ ന്യൂനപക്ഷ വംശീയവിഭാഗങ്ങൾ പ്രതിഷേധത്തിലാണ്. മധേശി പാർട്ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യം ആഴ്ചകളായി സംഘർഷാവസ്ഥയിലായിരുന്നു.

നാൽപ്പതോളം പേരാണ് സംഘർഷത്തിലും പൊലീസുമായുള്ള ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടത്. തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാനോ അവകാശങ്ങൾ ഉറപ്പാക്കാനോ പുതിയ ഭരണഘടനയ്ക്ക് സാധിച്ചില്ലെന്നാണ് തെക്കൻ നേപ്പാളിൽ ഇന്ത്യൻ അതിർത്തിയോടു ചേർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന മധേശി വിഭാഗങ്ങളുടെ പരാതി.നേപ്പാളിലെ പുതിയ സംഭവവികാസങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. മതനിരപേക്ഷ ഭരണഘടനയുമായി നേപ്പാൾ മുന്നോട്ടുപോകാനുള്ള നീക്കം തടയാൻ മോദി സർക്കാർ ശ്രമം നടത്തിയിരുന്നു. ഈ നീക്കം നീട്ടിവയ്ക്കണമെന്ന് ഇന്ത്യൻ വിദേശ സെക്രട്ടറി എസ് ജയശങ്കർ കാഠ്മണ്ഡുവിൽ എത്തി ആവശ്യപ്പെട്ടു.

എന്നാൽ, പത്തുവർഷമായി തുടരുന്ന ഉദ്യമം വിജയത്തിൽ എത്തിക്കുന്നതിൽനിന്ന് പിന്മാറാൻ നേപ്പാൾ നേതാക്കൾ തയ്യാറായില്ല. ഇതേതുടർന്ന് സംഘർഷങ്ങളുടെ പേരിൽ നേപ്പാളിലേക്കുള്ള ഇന്ധനവിതരണം ഉൾപ്പെടെ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. പാർട്ടിയിലും സർക്കാരിലും സുപ്രധാനമായ നിരവധി പദവികൾ വഹിച്ചതിന്റെ അനുഭവസമ്പത്ത് ഓലിയെ വെല്ലുവിളികൾ സധൈര്യം നേരിടാൻ പ്രാപ്തനാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1966ൽ ഝാപ്പയിലാണ് ഓലി തന്റെ രാഷ്ട്രീയജീവിതത്തിനു തുടക്കമിട്ടത്. പിന്നീട് പാർട്ടിയിലും അധികാരപദങ്ങളിലും പടികൾ കയറി.

1991, 1994, 1999 വർഷങ്ങളിൽ ഝാപ്പ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽനിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1994ൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മന്മോഹൻ അധികാരി നയിച്ച സർക്കാരിൽ ആഭ്യന്തരമന്ത്രിയായി. ഗിരിജാപ്രസാദ് കൊയ്‌രാളയുടെ ഇടക്കാല സർക്കാരിൽ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായിരുന്നു ഓലി.