കാഠ്മണ്ഡു: ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം തുടർചലനങ്ങളുണ്ടായില്ല. അയ്യായിരം കോടി രൂപയാണ് നേപ്പാളിന്റെ പുനർനിർമ്മിതിക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതി ലക്ഷ്യമിടുന്നത്. എന്നാൽ ഈ തുക വലിയൊരു പ്രശ്‌നമാകില്ലെന്ന് ആഗോള സമൂഹം തിരിച്ചറിയുകയാണ്. നേപ്പാളിലെ രക്ഷാപ്രവർത്തനത്തിലെ വേഗതയാണ് ഇതിന് കാരണം. മത്സര ബുദ്ധിയോടെ നേപ്പാളിന് ആശ്വാസമെത്തിക്കാൻ രണ്ട് പേരുണ്ട്. ഇന്ത്യയും ചൈനയും. അതുകൊണ്ട് തന്നെ ആർക്കും നേപ്പാളിന്റെ പുനർനിർമ്മിതിയിൽ ആശങ്കയില്ല. പ്രശ്‌നം നേപ്പാളായതുകൊണ്ട് എല്ലാം ഇന്ത്യയും ചൈനയും ചെയ്യും.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു പോലെ പ്രധാനപ്പെട്ട അയൽരാജ്യമാണ് നേപ്പാൾ. എന്നാൽ ഇന്ത്യയോടായിരുന്നു നേപ്പാളുകാർക്ക് എന്നും താൽപ്പര്യം. അവരുടെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാൻ ഇന്ത്യയുടെ സഹായം അനിവാര്യമായിരുന്നു. അത് എപ്പോഴും കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഭൂകമ്പമുണ്ടായി മണിക്കൂറുകൾക്ക് അകം ഇന്ത്യൻ രക്ഷാസേനാ നേപ്പാളിലെത്തി. സാധന സാമഗ്രികളുമായി വിമാനവുമെത്തി. ഓപ്പറേഷൻ മൈത്രിയെന്ന മോദിയുടെ നീക്കം ആഗോളതലത്തിൽ കൈയടി നേടി. ഇതിന്റെ സാമൂഹിക പ്രശ്‌നങ്ങൾ ചൈനയ്ക്ക് അറിയാം. ടിബറ്റ് ഉൾപ്പെടെയുള്ള പ്രദേശവുമായി തന്ത്രപ്രധാന ബന്ധമാണ് നേപ്പാളിനുള്ളത്. ചൈന ചൈനയുടേതാക്കാൻ ആഗ്രഹിക്കുന്ന സ്ഥലം. ഇവിടെ ഇന്ത്യ നിലയുറപ്പിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ചൈനയുടെ ര്ഷാപ്രവർത്തനത്തിന് നേപ്പാളിലെത്തി. ഇന്ത്യയും ചൈനയും മത്സരബുദ്ധിയോടെ രക്ഷാപ്രവർത്തനം നടത്തുകയാണ്

ഒരിടത്ത് പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന ഇന്ത്യൻ സേനാംഗങ്ങൾ. മറ്റൊരിടത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ അവശേഷിച്ചവരെ തിരയുന്ന ചൈനീസ് രക്ഷാപ്രവർത്തകർ. ഭൂകമ്പത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നേപ്പാളിലെങ്ങും തദ്ദേശീയരായ രക്ഷാപ്രവർത്തകരെ കാണാനില്ല. ഇത്തരം സംഭവങ്ങളെ നേരിടാനുള്ള പരിശീലനം നേടിയവർ നേപ്പാളിൽ കുറവാണ്. ഇതിനൊപ്പം ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങിയവർ മാത്രമേ നേപ്പാളിലുള്ളൂ. അതുകൊണ്ട് തന്നെ സകലയിടത്തും ഇന്ത്യൻ, ചൈനീസ് ദുരിതാശ്വാസ സംഘങ്ങളാണ്. ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളുമായി ബെയ്ജിങ്ങിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇടതടവില്ലാതെ വിമാനങ്ങളെത്തുന്നതും.

നേപ്പാൾ ദുരന്തത്തോടുള്ള ഇന്ത്യയുടെയും ചൈനയുടെയും സജീവ ഇടപെടൽ കൊച്ചു ഹിമാലയൻ രാഷ്ട്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളുടേയും മത്സരമായാണ് വ്യാഖ്യാനിക്കുന്നത്. ഭൂകമ്പ വാർത്ത പുറത്തുവന്നയുടൻ തന്നെ ദുരിതാശ്വാസ വസ്തുക്കളും രക്ഷാപ്രവർത്തകരുമായി ഇരു രാഷ്ട്രങ്ങളും ഓടിയെത്തുകയായിരുന്നു. ടൺ കണക്കിന് ദുരിതാശ്വാസ വസ്തുക്കളും നൂറ് കണക്കിന് രക്ഷാപ്രവർത്തകരുമായി ഇന്ത്യൻ വ്യോമസേനയുടെ 13 ഓളം വിമാനങ്ങളാണ് ഉടൻ കാഠ്മണ്ഡുവിലെത്തിയത്. ഫിലിപ്പീൻസിൽ ചുഴലിക്കാറ്റുണ്ടായപ്പോൾ ദുരിതാശ്വാസമെത്തിക്കാൻ മടി കാണിച്ച ചൈനയുടെ പ്രതികരണം ഇത്തവണ അതിവേഗത്തിലായിരുന്നു.

രക്ഷാപ്രവർത്തരും മണംപിടിക്കുന്ന നായകളും ചികിത്സാ ഉപകരണങ്ങളുമൊക്കെയായി അവരും കുതിച്ചെത്തി. 33 ലക്ഷം ഡോളറിന്റെ സഹായമാണ് ചൈന ഉടനടി വാഗ്ദാനം ചെയ്തത്. യൂറോപ്യൻയൂണിയൻ ആകെ നൽകുന്ന സഹായത്തോളം വരുമിത്. കാരണം ഇന്ത്യയുടെ ഓപ്പറേഷൻ മൈത്രിയിലെ യഥാർത്ഥ ഉദേശ്യം നേപ്പാളുകാരെ തങ്ങളോട് അടുപ്പിക്കുകയാണെന്ന് ചൈനയ്ക്ക് അറിയാം. അനുശോചന സന്ദേശങ്ങൾ അറിയിക്കുന്നതിലും ഇരു രാജ്യത്തെയും ഭരണത്തലവന്മാരായ നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും മത്സരിച്ചു. നേപ്പാളികൾ സ്വന്തം ജനങ്ങളെപ്പോലെയാണെന്നും അവരുടെ കണ്ണീരൊപ്പുമെന്നുമാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമാനമായ പ്രസ്താവന ചൈനയിൽ നിന്നുമുണ്ടായി.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഞെരുങ്ങിക്കഴിയുന്ന നേപ്പാളിന്റെ രാഷ്ട്രത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ഇരു രാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാംസ്‌കാരികമായും അടുത്ത ബന്ധമുള്ള ഇന്ത്യയോടാണ് നേപ്പാൾ അടുത്തകാലം വരെ ശക്തമായ ബന്ധം നിലനിർത്തിയിരുന്നത്. മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. എന്നാൽ ഇതിന് എവിടെയോ ചെറിയ വിടവ് വന്നു. നേപ്പാളിലെ വിദേശനിക്ഷപത്തിൽ കഴിഞ്ഞവർഷം ഇന്ത്യയെ മറികടന്ന ചൈന റോഡ് വികസനം, ഊർജ നിലയങ്ങൾ, ഗതാഗതം അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപമാണ് നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വൻതോതിൽ വർധിച്ചിട്ടുണ്ട്.

നേപ്പാളിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റയുടൻ തന്റെ വിദേശ നയത്തിൽ സാർക്ക് രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ പേരിൽ നേപ്പാളിന് കൂടുതൽ സഹായം നൽകിയത്. അത് ഏൽക്കുകയും ചെയ്തു. അതിന്റെ തുടർച്ച ഭൂകമ്പ പുനർനിർമ്മിതിയിലും പ്രതിഫലിക്കും. ചൈനയും വിട്ടുകൊടുക്കില്ല. അതുകൊണ്ട് തന്നെ 5000 കോടിയുടെ പുനർനിർമ്മിതി അന്താരാഷ്ട്ര സമൂഹത്തിന് വലിയ വെല്ലുവിളിയുമാകില്ല.

ശ്രീലങ്കയിൽ നിന്ന് പഠിച്ച പാഠമാണ് നേപ്പാളിലെ ഇടപെടലിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. സുനാമി കാലത്ത് ലങ്കയ്ക്ക് സഹായം നൽകാൻ ഇന്ത്യയ്ക്ക് ആയില്ല. കാരണം സുനാമി തിരമാലകൾ രാജ്യത്തുണ്ടാക്കിയ വേദന മായ്ക്കുന്നതിന്റെ തിരക്കിലായിരുന്നു ഇന്ത്യ. ഈ സമയം ചൈന ലങ്കയിൽ നങ്കൂരമിട്ടു. പുനർനിർമ്മിതി ഏറ്റെടുത്തു. ഇത് ഇന്ത്യയ്ക്ക് ഇപ്പോഴും സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് പിഴവ് വരുത്താതെയുള്ള നേപ്പാളിലെ ഓപ്പറേഷൻ മൈത്രി.