തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ നടത്തിയത് അടിമുടി ക്രമക്കേടുകളെന്ന് വ്യക്തമാകുന്നു. ബന്ധു നിയമനത്തെ ന്യായീകരിക്കാൻ വേണ്ടി തുടർച്ചയായി അദ്ദേഹം കള്ളം പറയുകയാണ്. ഈ കള്ളങ്ങളെല്ലാം രേഖകൾ പുറത്തുവരുമ്പോൾ പൊളിയുകയും ചെയ്യുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ മന്ത്രി ഇടപെട്ട് നടത്തിയ നിയമങ്ങൾക്ക് പത്രപ്പരസ്യങ്ങൾ പോലും നൽകിയിരുന്നില്ല. അപേക്ഷ ക്ഷണിക്കാൻ സാധാരണ നിലയിൽ പത്രങ്ങളിൽ പരസ്യം നൽകണം. ഇങ്ങനെ പത്രങ്ങളിൽ പരസ്യം നൽകാത്തതിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുമ്പോൾ എന്തിന് വേണ്ടി നിയമിച്ചു എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ലാത്ത അവസ്ഥയാണ്.

അതിനിടെ അദീബ് കോർപ്പറേഷന് വേണ്ടി ത്യാഗം ചെയ്യുന്നു എന്ന വിധത്തിലും മന്ത്രി വാദിച്ചിരുന്നു. ഈ വാദവും കള്ളമാണെന്ന തെളിവുകൾ പുറത്തുവന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാൾ 86,000 രൂപയ്ക്ക് ജോലിയെടുക്കാൻ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്‌ത്തിയത്. ഇത് വെറും തട്ടിപ്പാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ അബ്ദുൾ വഹാബിനുള്ളത്. ഇരുവരും ആവർത്തിച്ചിരുന്നത് അദീപ് സ്ഥാനം ഏറ്റെടുത്തത് അലവൻസ് പോലും വേണ്ടെന്ന് വച്ചയായിരുന്നു. അലവൻസ് ചോദിച്ച് അദീബ് അപേക്ഷ നൽകിയത് ജോലി കിട്ടി ദിവസങ്ങൾക്കുള്ളിലാണ്.

സ്ഥാപനത്തെ സേവിക്കാൻ എത്തിയ വ്യക്തി എന്തിനാണ് അലവൻസെന്ന പേരിൽ പണം ചോദിച്ചതെന്ന ചോദ്യത്തിന് മന്ത്രിക്കും കൃത്യമായ ഉത്തരമില്ല. 550 രൂപയാണ് പത്രം വാങ്ങാൻ അലവൻസായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവൻസ്, 3000 രൂപ ഫർണിച്ചർ അലവൻസ് തുടങ്ങിയ വലിയ പട്ടികയാണ് അലവൻസ് ആവശ്യപ്പെട്ട് അദീബ് നൽകിയിരുന്നത്. ചുരുക്കത്തിൽ മന്ത്രിബന്ധു ഈ തസ്തികയിലേക്ക് കയറിയത് ശരിക്കു സുഖിക്കാൻ ഉറപ്പിച്ചു തന്നെയയിരുന്നു.

അതേസമയം പത്രപ്പരസ്യം നൽകാനെ കോർപ്പറേഷനിൽ നിയമനം നടത്തിയതിൽ കൂടുതൽ ക്രമക്കേടുകൾ ഉണ്ടെന്ന സംശയവും ബലപ്പെടത്തുന്നുണ്ട്. പത്രപരസ്യം നൽകാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദവും കള്ളമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകൾ വെട്ടിക്കുറയ്ക്കാറാണ് പതിവ്. എന്നാൽ, ഇവിടെ സംഭവിച്ചിരിക്കുന്നത് അദീബ് ഉൾപ്പടെ 22 പേരെ ഈ പ്രതിസന്ധി കാലത്ത് നിയമിക്കുകയാണ് ചെയ്തത്.

2016 ഓഗസ്റ്റ് 27നാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ ഉൾപ്പടെ എട്ട് തസ്തികകളിലേക്ക് ആളെ വേണമെന്നറിയിക്കുന്നത്. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പെന്ന നിലയിൽ പത്രപ്പരസ്യം നൽകണം. അതാണ് ചട്ടം. എന്നാൽ, നിയമനങ്ങളിലെ അപേക്ഷ ക്ഷണിച്ചത് പത്രകുറിപ്പായിട്ടായിരുന്നു. ഈ അസാധാരണത്വം ചൂണ്ടിക്കാട്ടിയപ്പോൾ കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പരസ്യം നൽകാത്തതെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കിട്ടാക്കടം പിരിച്ചെടുക്കാനാവാത്തത് മൂലം കോർപ്പറേഷന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനങ്ങൾ സംബന്ധിച്ച് പാറക്കൽ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിന് 2017 മെയ് 2ന് മന്ത്രി കെ.ടി ജലീൽ തന്നെ നിയമസഭയിൽ നൽകിയ മറുപടി കൂടി പരിശോധിക്കുമ്പോഴാണ് മന്ത്രിയുടെ കള്ളത്തരങ്ങൾ പുറത്തുവരിക. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം കോർപ്പറേഷനിൽ എത്ര നിയമനങ്ങൾ നടന്നുവെന്ന ചോദ്യത്തിന് 21 പേരെന്നാണ് മറുപടി നൽകിയത്. ഇതിന് ശേഷം മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെയും നിയമിച്ചു. നിലവിലുണ്ടായിരുന്ന 12 പേരെ ഒഴിവാക്കിയാണ് വിവിധ തസ്തികകളിൽ ഇത്രയും ആളുകളെ തിരുകിക്കയറ്റിയതെന്നും നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാണ് താനും.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പെരിന്തൽമണ്ണ, കാസർഗോഡ് ഓഫീസുകളിലേക്കാണ് നിയമനങ്ങൾ നടന്നത്. ബോർഡിന്റ സാമ്പത്തിക പ്രതിസന്ധി മന്ത്രി ചൂണ്ടിക്കാട്ടിയിടത്താണ് ഇത്രയും നിയമനങ്ങൾ നടന്നത്. അതേസമയം തന്നെ ഇങ്ങനെ നിയമനം നടത്തിയവർക്ക് ശമ്പളം കൊടുക്കാൻ പണം ഉണ്ടെന്ന് ചെയർമാൻ പ്രൊഫ. അബ്ദുൾവഹാബും മറുപടി പറയുന്നു. ഇതോടെ ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടിയാണ് പത്രപ്പരസ്യം അടക്കം നൽകാതിരുന്നതെന്ന് വ്യക്തമാകുന്നു.

അതേസമയം ഹജ്ജ് വളണ്ടിയർ നിയമനത്തിലും മന്ത്രി കെ.ടി ജലീൽ വഴിവിട്ട് ഇടപെട്ടതായി ആരോപണവും ഉയരുന്നുണ്ട്. വളണ്ടിയർമാരെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തീരുമാനിച്ച് അസാധാരണ ഉത്തരവ് പുറത്തിറക്കി. സാധാരണ ഹജ്ജ് കമ്മിറ്റിയാണ് ഇന്റർവ്യൂ ബോർഡിനെ തെരഞ്ഞെടുക്കാറുള്ളത്. ഇത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അംഗമായിരുന്ന എ.കെ അബ്ദുറഹ്മാൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ രണ്ട് ഹജ്ജ് ടേമിന് മുൻപ് വരെ മക്കയിലേക്ക് പോകാനുള്ള ഹജ്ജ് വളണ്ടിയർമാരെ തിരഞ്ഞെടുക്കുക ഹജ്ജ് കമ്മിറ്റിയായിരുന്നു.ഇന്റർവ്യൂ നടപടികൾക്ക് വേണ്ടി ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കും. പക്ഷെ കെ.ടി ജലീൽ ഹജ്ജ് മന്ത്രിയായതിന് ശേഷം പതിവ് രീതി നിന്നു.പകരം ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കുകയാണ് ചെയ്തത്.അവസാന വർഷം ഇൻർവ്യൂ ബോർഡിനെ തീരുമാനിച്ച് ഉത്തരവിറങ്ങിയത് 2018 മാർച്ച് 21-ന്.അന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയും ഹജ്ജ് കമ്മിറ്റി അംഗം എ.കെ അബ്ദുൽ ഹമീദുമായിരുന്നു അംഗങ്ങൾ.

ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കളക്ടർ അമിത് മീണ ഇന്റർവ്യൂ ബോർഡിൽ നിന്ന് പിന്മാറി. അതേതുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും പുതിയ ഉത്തരവിറക്കി. കളക്ടർക്ക് പകരം നിയോഗിച്ചത് ഹജ്ജ് കമ്മിറ്റി അംഗമല്ലാത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി മൊയ്തീൻ കുട്ടിയേയാണ്.ഹജ്ജ് കമ്മിറ്റി അംഗങ്ങളല്ലാത്തവർ മുൻപ് ഇൻർവ്യൂ ബോർഡിൽ വന്നിട്ടുമില്ല.കേന്ദ്ര ഹജ്ജ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് ആരോപണം.

മന്ത്രിക്കെതിരെ വിമർശനം കടുക്കുമ്പോഴും സിപിഎമും മുഖ്യമന്ത്രിയും മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. ജലീലിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണത്തിൽ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തൽ. യോഗ്യതയുള്ളവർ ഇല്ലാതെ വന്നപ്പോൾ നടത്തിയ ഡെപ്യൂട്ടേഷൻ നിയമനത്തിൽ പിശകുകളൊന്നുമില്ല. ജലീലിനെ മാറ്റി നിർത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമനത്തിൽ പരാതിയുള്ളവർ കോടതിയിൽ പോകട്ടെ എന്ന സമീപനം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.