- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാജി യുദ്ധ കുറ്റവാളിയോ? ക്രിമിനലായ ബോസിനെ റഷ്യയിലേക്ക് കടക്കാൻ സ്റ്റാലിൻ അനുവദിച്ചത് കാപട്യവും വിശ്വാസവഞ്ചനയുമെന്ന് കാട്ടി ബ്രിട്ടണ് നെഹ്‌റു എഴുതിയ കത്ത് പുറത്ത്; ഐഎൻഎ സ്ഥാപകന്റെ യഥാർത്ഥ ശത്രു ആദ്യ പ്രധാനമന്ത്രിയോ?
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മാറുന്നില്ല. ബംഗാൾ സർക്കാർ പുറത്തുവിട്ട രഹസ്യ ഫയലുകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് കോൺഗ്രസിനേയും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനേയുമാണ്. ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധ തീർക്കുന്നതിനിടെ നേതാജിയെ ജ
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മാറുന്നില്ല. ബംഗാൾ സർക്കാർ പുറത്തുവിട്ട രഹസ്യ ഫയലുകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് കോൺഗ്രസിനേയും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനേയുമാണ്. ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധ തീർക്കുന്നതിനിടെ നേതാജിയെ ജവഹർലാൽ നെഹ്‌റു തന്നെ യുദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് കത്ത് എഴുതിയതിന്റെ രേഖകളും പുറത്തുവന്നു. 1945 ഡിസംബർ 27, ബ്രിട്ടൺ പ്രധാനമന്ത്രിക്ക അയച്ച കത്തിലാണ് നേതാജിയെ യുദ്ധ കുറ്റവാളിയെന്ന് നെഹ്‌റു വിശേഷിപ്പിച്ചിട്ടുള്ളതെന്നാണ് രേഖകൾ വിശദീകരിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്രത്തിനായി ഐഎൻഎ രൂപീകരിച്ച് ബ്രിട്ടണിനെതിരെ യുദ്ധത്തിലായിരുന്നു നേതാജി. ഇതിനിടെ ബോസിന് റഷ്യ രാഷ്ട്രീയ അഭയം നൽകിയെന്ന വാദം ശക്തമാണ്. ഇത് സാധൂകരിക്കുന്ന തരത്തിലാണ് നെഹ്‌റുവിന്റെ കത്തും. സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ട് വർഷം മുമ്പ് ബ്രിട്ടണിനോട് നേതാജിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് നെഹ്‌റു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടൺ-അമേരിക്കൻ സഖ്യത്തിനൊപ്പമായിരുന്നു റഷ്യയും. ഈ സാഹചര്യത്തിൽ റഷ്യയുടെ ശത്രുവായി യുദ്ധ കുറ്റവാളി ബോസിനെ സ്റ്റാലിൻ റഷ്യയിലേക്ക് കടക്കാൻ അവസരമൊരുക്കുന്നു. ഇത് കാപട്യം നിറഞ്ഞതും വിശ്വാസ വഞ്ചനയുമെന്ന് കാട്ടിയാണ് നെഹ്‌റു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്‌ലിക്ക് 1945 ഡിസംബർ 27ന് കത്ത് നൽകിയത്.
ഇത് ഫലത്തിൽ ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി പോരടിച്ച സുഭാഷ് ചന്ദ്രബോസിനെ ഒറ്റുകൊടുക്കൽ കൂടിയാണ്. വിശ്വസ്തമായ കേന്ദ്രങ്ങളിൽ നിന്നാണ് റഷ്യയിലേക്ക് കടക്കാനുള്ള നേതാജിയുടെ നീക്കം മനസ്സിലായതെന്നും നെഹ്‌റു വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ വേണ്ട നടപടികൾ എടുക്കാനാണ് ഇക്കാര്യം ബ്രിട്ടണെ അറിയിക്കുന്നതെന്നും കത്തിൽ നെഹ്‌റു വിശദീകരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിനായി യുദ്ധ മുന്നണിയിൽ അഹോരാത്രം പണിയെടുത്ത വ്യക്തിയെ സ്വാതന്ത്ര്യ സമരം നയിച്ചതിന്റെ പേരിൽ പ്രധാനമന്ത്രിയായ വ്യക്തി തന്നെ ഒറ്റുകൊടുത്തുവെന്ന വിരോധാഭാസമാണ് ആറ്റ്‌ലെയ്ക്കുള്ള കത്തിൽ നിറയുന്നത്. ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ നെഹ്‌റു സർക്കാർ നേതാജിയെ കണ്ടെത്താനും ഇന്ത്യയിൽ മടക്കികൊണ്ടു വരാനും ഒന്നും ചെയ്തില്ലെന്ന വാദങ്ങൾ സജീവമാകുന്നതിനിടെയാണ് പുതിയ തെളിവും പുറത്തുവരുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തെ വിശ്വാസത്തിലെടുക്കാതെയാണ് ഐഎൻഎയുമായി ബോസ് സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയത്. ഈ സായുധ പോരാട്ടത്തെ ബ്രിട്ടൺ ഭയക്കുകയും ചെയ്തു. നേതാജിയും കൂട്ടരും യുദ്ധമുന്നണിയിൽ ബ്രിട്ടണെ തോൽപ്പിക്കുമോ എന്ന ഭയം പോലും അവർക്കുണ്ടായി. ഈ ഘട്ടത്തിലാണ് ഗാന്ധിജിയുടെ സമരത്തെ അംഗീകരിച്ച് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതെന്നും ഭയമുണ്ട്. യാഥാർത്ഥത്തിൽ നേതാജിയുടെ വിജയമാണ് ബ്രിട്ടീഷുകാരുടെ പിന്മാറ്റമെന്ന് കരുതുന്നവരുമുണ്ട്. കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും നെഹ്‌റുവും നേതാജിയും രണ്ട് പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നേതാജി ഇന്ത്യയിലെത്തിയുരുന്നുവെങ്കിൽ രാജ്യത്തിന്റെ ഭരണസാരഥ്യം ജനാതിപധ്യത്തിലൂടെ തന്നെ നെഹ്‌റുവിൽ നിന്ന് പിടിച്ചെടുക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയിൽ എത്തിക്കാതിരിക്കാൻ നെഹ്‌റു കള്ളക്കളികൾ കളിച്ചുവെന്നാണ് ആരോപണം. ഇതിന് ശക്തിപകരുന്നതാണ് 1945ൽ നെഹ്‌റു എഴുതിയതായി പറയുന്ന കത്ത്. മഹാത്മാ ഗാന്ധിക്ക് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നേതാജി ജീവിച്ചിരിക്കുന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നത് കൂടിയാണ് ഈ കത്ത്. നെഹ്‌റുവിന്റെ എതിർപ്പുകാരണമാണ് ബോസിനെ തിരിച്ചെത്തിക്കുന്നതിന് ഗാന്ധിജി മുൻകൈയെടുക്കാത്തതെന്നാണ് ആക്ഷേപം. ബ്രിട്ടണിൽ നിന്ന് അധികാരം കിട്ടുമ്പോൾ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതിന് നേതാജിയേയും സർദാർ വല്ലഭായ് പട്ടേലിനേയുമാണ് നെഹ്‌റു എതിരാളികളായി കണ്ടിരുന്നത്. ഇതിൽ പട്ടേലിനെ ഗാന്ധിജിക്ക് സ്വാധീനിക്കാൻ കഴിയുമെന്ന് നെഹ്‌റുവിന് അറിയാമായിരുന്നു.
എന്നാൽ നേതാജിയെത്തിയാൽ കാര്യങ്ങൾ കുഴയും. ഈ സാഹചര്യത്തിലാണ് നേതാജിയെ ഒറ്റുകൊടുത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടണ് നെഹ്‌റു കത്തെഴുതിയതെന്നാണ് വാദം. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷവും നേതാജിക്ക് പുറകേ ആയിരുന്നു നെഹ്‌റു. ഈ നീക്കങ്ങളാണ് 1946വരെ ജീവിച്ചിരുന്നുവെന്ന് സർക്കാരിന്റെ രഹസ്യ രേഖകൾ പോലും സമ്മതിക്കുന്ന നേതാജിയെ മാതൃരാജ്യത്തിൽ നിന്ന് അകറ്റി നിറുത്തിയതെന്നാണ് ആക്ഷേപം. ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ മോഹിച്ച നേതാജി സൈബീരിയയിൽ സ്റ്റാലിന്റെ തടവറയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ടുവെന്നാണ് സൂചനകൾ. സോവിയറ്റ് യൂണിയനുമായി മികച്ച ബന്ധത്തിലായിരുന്നിട്ടും ന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നേതാജിയുടെ മോചനത്തിനു താൽപര്യം കാട്ടിയില്ലെന്നും ഇപ്പോഴത്തെ രേഖകളുടെ അടിസ്ഥാനത്തിൽ ചിലർ വ്യാഖ്യാനിക്കുന്നു.
1945ൽ നടന്ന വിമാനാപകടത്തിൽ നേതാജി മരിച്ചു എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായാണ് രേഖകൾ. വിമാനാപകടത്തിലാണ് നേതാജി മരിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളും രേഖകളിൽ ഇല്ല. 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്ന സൂചനകളാണ് പുറത്തുവന്ന രേഖകളിലുള്ളത്. എന്നാൽ എവിടെയായിരുന്നു അദ്ദേഹം എന്ന കാര്യം ഇതുവയെും ആരും ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നതിനാലാണ് വിവിധ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്.
പഴയ സോവിയറ്റ് യൂണിയനിലെ തടവറയിൽ ആണെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇതിൽ ശക്തമായി നിലനിൽക്കുന്നത്. സൈബീരിയയിലെ യാകുത്സുക് ജയിലിലെ 45ാം നമ്പർ തടവറയിൽ നേതാജിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് അഭ്യൂഹം. സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നതായാണ് വാർത്തകൾ വന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്.
എന്നാൽ ഈ വാദത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ രേഖ തള്ളിക്കളയുന്നു. 1964ൽ ബോസ് ഇന്ത്യയിലെത്തിയെന്നാണ് അവരുടെ വാദം. തായ്‌വാനിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് ഇത്. 1964 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമ്പോൾ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളിൽ തയ്യാറാക്കിയ അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. 1941 ഡിസംബർ ആദ്യം ജയിൽ മോചിതനായ നേതാജി പിന്നീട് കൊൽക്കത്തയിലെ വസതിയിലെ ഒരു മുറിയിൽ ആരെയും കാണാനും സംസാരിക്കാനും കൂട്ടാക്കാതെ ഗീതാ പാരായണവും ധ്യാനവും മറ്റുമായി കടുത്ത ഏകാന്ത വാസത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അനന്തരവനായ അരബിന്ദോ ബോസായിരുന്നു നേതാജിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മുറിയിൽ ആരെയും കടക്കാൻ പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ദിവസം ഒരുനേരം ഒരു പാത്രത്തിൽ പാലും പഴവും വെള്ളവും ഒരു കർട്ടന് അടിയിലൂടെ മുറിയിലേക്ക് വച്ച് കൊടുക്കും. 1942 ജനുവരി 26ന് അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തലേന്ന് രാത്രിയിൽ വച്ച പഴങ്ങളും പാലും പിറ്റേന്ന് രാവിലെ അതേപടി കാണപ്പെട്ടിരുന്നു. അതിന് ശേഷമുള്ള കാലമാണ് ദുരൂഹമായിരുന്നത്. കൊൽക്കത്തയിൽ നിന്ന് നേതാജി സിക്ക് വേഷത്തിൽ റഷ്യയിലേക്ക് പോയെന്നും 1964വരെ അവിടെ ജീവിച്ചിരുന്നതായും സൂചനയുണ്ട്.
പാരിസിൽ വച്ച് നേതാജിയെ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുു. പാരിസിൽ 1969ൽ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നേതാജിയുടെ സാദൃശ്യമുള്ള ഒരാളുണ്ട്. ഗുംനാമി ബാബയുടെ ശേഖരത്തിൽനിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനിടെ, 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്ന്യാസിവര്യൻ നേതാജി തന്നെയാണെന്നും പലരും വിശ്വസിച്ചിരുന്നു. 1950കളിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബർ 16നാണ് അന്തരിച്ചത്. നേതാജിയുമായുള്ള രൂപസാദൃശ്യമാണ് ഇദ്ദേഹം തന്നെയാണോ നേതാജി എന്ന സംശയം ഉയർത്തിയത്. എന്നാൽ, ഇത് നേതാജിയല്ലെന്ന്, നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എം.കെ. മുഖർജി കമ്മിഷൻ കണ്ടെത്തിയിരുന്നു.